കുത്തിയതോട്, കായംകുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടിടങ്ങളിലായി മൂന്ന് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.235 കിലോഗ്രാം കഞ്ചാവുമായി നിന്ന എറണാകുളം സ്വദേശികളായ രണ്ട് പേരെ പിടികൂടി. മഹേഷ് (35 വയസ്), അഫ്സൽ അബ്ദു (28 വയസ്) എന്നിവരാണ് പിടിയിലായത്.
കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ പി സി ഗിരീഷിന്‍റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. എറണാകുളം ജില്ലാ പൊലീസ് കാപ്പ ചുമത്തിയ പ്രതികളാണ് ഇവർ. പ്രതികളെ പിടികൂടിയ എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സബിനേഷ് ജിത്ത്, സിവിൽ ഓഫീസർമാരായ വി കെ വിപിൻ, യു ഉമേഷ്, എം ഡി വിഷ്ണുദാസ്, വിധു പി എം, വിപിനചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.
കായംകുളത്ത് രണ്ട് കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയെ പിടികൂടി. പ്രദീപ് ചൗധരി (32 വയസ്) എന്നയാളാണ് പിടിയിലായത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) അന്‍റണി കെ എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ആർ, ജോർജ് എന്നിവരുമുണ്ടായിരുന്നെന്ന് എക്സൈസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം