ഊട്ടിയിലെത്തിയാൽ കാണാൻ നിരവധി സ്ഥലങ്ങളുണ്ടെങ്കിലും ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചില സ്പോട്ടുകളുണ്ട്.
വേനൽക്കാല യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന പേരാണ് ഊട്ടി. വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം നിരവധിയാളുകളാണ് ഊട്ടിയിലേയ്ക്ക് എത്തുന്നത്. എന്നാൽ, ഊട്ടിയിലെത്തിയാൽ എവിടെയൊക്കെ പോകണം, എന്തൊക്കെ ചെയ്യണം എന്ന കാര്യത്തിൽ പലര്‍ക്കും സംശയമുണ്ടാകാറുണ്ട്. അത്തരത്തിൽ ഈ സമ്മര്‍ വെക്കേഷനിൽ ഊട്ടി ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഊട്ടിയിൽ കണ്ടിരിക്കേണ്ട നാല് സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. ഊട്ടി ലേക്ക്
ഊട്ടിയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഊട്ടി ലേക്ക്. ഇവിടെയുള്ള ബോട്ടിംഗ് ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. ബോട്ടിംഗിന് പുറമെ കുതിര സവാരി, അമ്യൂസ്‌മെന്റ് പാർക്ക്, സൈക്ലിംഗ്, 7D സിനിമ, മിനി ട്രെയിൻ യാത്ര, മിറർ ഹൗസ് എന്നിവയും ഇവിടെയുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശന സമയം.
2. നീഡിൽ വ്യൂ ഹിൽടോപ്പ്
ഊട്ടിയുടെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങളാണ് നീഡിൽ വ്യൂ ഹിൽടോപ്പ് സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്ര പ്രേമികൾക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ് ഇവിടം. നീഡിൽ വ്യൂ ഹിൽടോപ്പിന് സൂചിമലൈ എന്നും പേരുണ്ട്. സൂചിയുടെ ആകൃതിയിലുള്ള കുന്നിൻചെരിവായതിനാലാണ് ഈ പേര് ലഭിച്ചത്. ഇവിടെയെത്തുന്നവർക്ക് ട്രെക്കിംഗിന് അവസരമുണ്ട്.
3. അവലാഞ്ചെ ലേക്ക്
പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന അവലാഞ്ചെ തടാകത്തിന്റെ കാഴ്ചകൾ ആരുടെയും മനംമയക്കും. ഊട്ടിയിൽ നിന്ന് 8 കി.മീ അകലെയാണ് അവലാഞ്ചെ ലേക്ക് സ്ഥിതി ചെയ്യുന്നത്. സാഹസിക യാത്രികരുടെ പ്രിയപ്പെട്ട സ്പോട്ടാണിത്. ഇവിടെ ഓഫ് റോഡ് യാത്ര, ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവ നടത്താൻ സാധിക്കും. പ്രകൃതി സ്നേഹികളെ ആകർഷിക്കുന്ന മനോഹരമായ പൂക്കളുടെ കാഴ്ചകളുടെ ഫോട്ടോഗ്രഫിയ്ക്ക് അനുയോജ്യമായ തടാകവും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടെയുണ്ട്.
4. ദൊഡ്ഡബെട്ട പീക്ക്
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് ദൊഡ്ഡബേട്ട പീക്ക്. സാഹസിക യാത്രികരും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരും തെരഞ്ഞെടുക്കുന്ന ഊട്ടിയിലെ പ്രധാന സ്പോട്ടാണിത്. ഇവിടെ നിന്നാൽ ബന്ദിപ്പൂർ ദേശീയോദ്യാനം, ചാമുണ്ഡി ഹിൽസ് എന്നിവ വിദൂര ദൃശ്യങ്ങളായി കാണാമെന്ന പ്രത്യേകതയുമുണ്ട്.