ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി.
ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നു. ഇതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്ഥലം സന്ദർശിക്കുകയും, എൻഎസ്എസ് വോളണ്ടിയേഴ്സിനെയും, നഗരസഭയെയും അഭിനന്ദിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ക്ലീനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ഹെൽത്ത് വിഭാഗവും, മ്യൂസിയം ജീവനക്കാരും വിവിധ കോളേജുകളായ സെൻറ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുത്തൻകുരിശ്, രാജഗിരി കോളേജ് ഓഫ് മാനേജ്മെൻറ് ആൻഡ് അപ്ലൈഡ് സയൻസ്, കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, എസ്. എച്ച് തേവര കോളേജ് എന്നീ കോളേജുകളുടെ എൻഎസ്എസ് വോളണ്ടിയേഴ്സ് ഉൾപ്പെടുന്ന 80 ൽ ഏറെ വിദ്യാർത്ഥികളും ചേർന്നാണ് ക്ലീനിംഗ് ഡ്രൈവ് നടത്തിയത്.
അതേസമയം, അടുത്തിടെ സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.