"സീരിയലിന്റെ ക്യാമറാമാനാണ് ആദ്യം വിളിച്ച് അവാർഡ് വാർത്ത പറയുന്നത്"
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് അടുത്തിടെ ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാർഡിന് അർഹയാക്കിയത്. ഇതേക്കുറിച്ചാണ് അനുമോൾ ഇപ്പോൾ മനസ് തുറക്കുന്നത്. സുഹൃത്തും നടിയുമായ ആതിര മാധവിന്റെ വ്ളോഗിലായിരുന്നു അനുമോളുടെ പ്രതികരണം.
''അവാർഡ് വാങ്ങാൻ പോയപ്പോൾ ഭയങ്കര സന്തോഷമാണ്. സീരിയലിന്റെ ക്യാമറാമാനാണ് ആദ്യം വിളിച്ച് അവാർഡ് വാർത്ത പറയുന്നത്. അതിനു മുൻപ് മൃദുലയും ഞാനും അവാർഡിനെക്കുറിച്ചൊക്കെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവാർഡ് ഒക്കെ കിട്ടിക്കഴിഞ്ഞാൽ എങ്ങനെയായിരിക്കും എന്നറിയാമോ അനൂ, അതൊരു മന്ത്രിയുടെ കയ്യിൽ നിന്നും വാങ്ങുന്നതൊക്കെ നീ ഒന്ന് ആലോചിച്ചു നോക്കിയേ എന്നൊക്കെ മൃദുല ഇരുന്ന് പറയുകയാണ്. ഞാൻ അതൊന്നും കാര്യമാക്കിയില്ല, കാരണം എനിക്ക് അവാർഡ് ഉണ്ടാകില്ല എന്നാണല്ലോ ഞാൻ വിചാരിക്കുന്നത്'', അനുമോൾ പറഞ്ഞു. അനുമോൾ അർഹിച്ച അവാർഡ് ആണ് ഇതെന്നായിരുന്നു വ്ളോഗിൽ ഒപ്പമുണ്ടായിരുന്ന നടി ഡയാന ഹമീദിന്റെ പ്രതികരണം.
അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ. പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താൽപര്യം ഉണ്ടായിരുന്ന അനുമോൾ നിരവധി ബ്രാൻഡുകൾക്ക് മോഡൽ ആയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും താരം ഇതിനിടെ വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവിംഗ് ഉള്ള താരം കൂടിയാണ് അനുമോൾ. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്.
ALSO READ : സംഗീതാസ്വാദകരുടെ കൈയടി നേടി 'അഭിലാഷ'ത്തിലെ ഗാനം; സ്പോട്ടിഫൈ ടോപ്പ് 50 ലിസ്റ്റില്‍