കേരളത്തിന്‍റെ ദേശ, സംസ്കാര, ഭൂവൈവിധ്യങ്ങള്‍ വ്യക്തമാക്കുന്ന നൂറുകണക്കിന് വീഡിയോ ദൃശ്യങ്ങള്‍ തീം സോംഗിലുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതും പുതിയ മേഖലകളിലേക്ക് ടൂറിസം വ്യാപിപ്പിക്കുന്നതും ലക്ഷ്യമാക്കി കേരള വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ മുദ്രാ ഗാനം (തീം സോംഗ്) പ്രകാശനം ചെയ്തു. പത്ത് വര്‍ഷത്തിനു ശേഷമാണ് കേരള ടൂറിസം പുതിയ തീം സോംഗ് പുറത്തിറക്കുന്നത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, വി കെ പ്രശാന്ത്, കെ. യു ജനീഷ് കുമാര്‍, നജീബ് കാന്തപുരം, എം. വിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് തീം സോങ് പ്രകാശനം ചെയ്തത്.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകുന്ന ഈ കാലയളവില്‍ ടൂറിസത്തിന്‍റെ പ്രചരണം ശക്തമാക്കാന്‍ തീം സോംഗ് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് പുതിയ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ലുക്ക് ഈസ്റ്റ് പോളിസിയുമായാണ് വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി ചൈന മുതല്‍ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാന്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രത്യേക ഇടപെടല്‍ നടത്തും.
നിലവില്‍ മിഡില്‍ ഈസ്റ്റ്, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ വിനോദ സഞ്ചാരികളെ കൊണ്ടു വരാനാകും. ഏപ്രിലില്‍ എട്ടു രാജ്യങ്ങളിലെ നാല്പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരും 15 സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തേക്ക് എത്തും. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ കേരളത്തെ പരിചയപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.
പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കേരളത്തിന്‍റെ ഏറ്റവും വലിയ സാധ്യതയായ ആയുര്‍വേദമുള്‍പ്പെടെയുള്ള വെല്‍നെസ് ടൂറിസത്തെ ലോകത്തിനു പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള കോണ്‍ക്ലേവ് കോഴിക്കോട് സംഘടിപ്പിക്കും. കേരളത്തിലെ പ്രധാന ആയുര്‍വേദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുക. മൈസ് ടൂറിസത്തിന്‍റേയും വെഡിംഗ് ഡെസ്റ്റിനേഷന്‍സിന്‍റേയും ഭാഗമായി വിവിധ രാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് ലക്ഷ്യമാക്കി ആഗസ്റ്റില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും.
വിനോദസഞ്ചാര വകുപ്പിന്‍റെ നൂതന ആശയങ്ങളായ ഹെലി ടൂറിസം, കാരവന്‍ ടൂറിസം എന്നിവയുടെ ദൃശ്യങ്ങളും തീം സോങ് വീഡിയോയില്‍ ഉണ്ട്. കേരളത്തില്‍ വികസിച്ച് വരുന്ന സാഹസിക വിനോദ സഞ്ചാരത്തിന്‍റേയും കാര്‍ഷിക മേഖലയിലെ വിനോദ സഞ്ചാരത്തിന്‍റേയും ദൃശ്യങ്ങള്‍ ഗാനത്തിന് പുതുമ നല്കുന്നു. കേരളത്തിന്‍റെ പരിച്ഛേദമായി ഈ ഗാനം അനുഭവപ്പെടുമെന്ന് വിശ്വസിക്കുന്നു. ഇതിലൂടെ സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി എന്നിവരും സംസാരിച്ചു. നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പാട്ടില്‍ കേരളത്തിന്‍റെ ദേശ, സംസ്കാര, ഭൂവൈവിധ്യങ്ങള്‍ വ്യക്തമാക്കുന്ന നൂറുകണക്കിന് വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോജ് കൂറൂറിന്‍റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതം നല്കി ആലപിച്ചിരിക്കുന്നു.
തീം സോംഗിന്‍റെ യൂട്യൂബ് ലിങ്ക്: https://youtu.be/FEDpW292UKA?si=9cGiPv0hvTg9YrhR