'ജീവിതത്തിൽ ഒരിക്കലുമിനി റാപ്പിഡോ എടുക്കില്ല': യാത്രയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി

By Web TeamFirst Published Jul 2, 2024, 3:43 PM IST
Highlights

'വെള്ളിയാഴ്ച രാത്രി ഞാൻ ഒരു റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു. നിയമങ്ങൾ പാലിക്കാതെ അമിത വേഗതയിലായിരുന്നു ഡ്രൈവർ വാഹനമോടിച്ചത്.'

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാനായി പലരും ആശ്രയിക്കുന്ന ഒരു മാർ​ഗമാണ് റാപ്പിഡോ ടാക്സി ബൈക്കുകൾ. എന്നാൽ, താൻ ഇനി ഒരിക്കലും റാപ്പിഡോയെ ആശ്രയിക്കില്ല എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ അമീഷ അഗർവാൾ എന്ന യുവതി. 

ടാക്സി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കു പറ്റിയതോടെയാണ് അമീഷയുടെ ഈ തീരുമാനം. എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച ഒരു പോസ്റ്റിലാണ് യുവതി തൻറെ പരിക്കുപറ്റിയ കാലുകളുടെ ചിത്രത്തോടൊപ്പം താൻ ഇനി ഒരിക്കലും റാപ്പിഡോ ബൈക്ക് ഉപയോഗിക്കില്ല എന്ന വെളിപ്പെടുത്തൽ നടത്തിയത്.

സംഭവത്തെക്കുറിച്ച് അമീഷ പോസ്റ്റിൽ വിവരിക്കുന്നത് ഇങ്ങനെ; “വെള്ളിയാഴ്ച രാത്രി ഞാൻ ഒരു റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു. നിയമങ്ങൾ പാലിക്കാതെ അമിത വേഗതയിലായിരുന്നു ഡ്രൈവർ വാഹനമോടിച്ചത്.  കടുബീസനഹള്ളിയിലെ ഔട്ടർ റിംഗ് റോഡിൽ, ഇൻഡിക്കേറ്ററില്ലാതെ സർവീസ് ലെയിനിലേക്ക് പ്രവേശിക്കാൻ അയാൾ പെട്ടെന്ന് വണ്ടി തിരിച്ചു, പിന്നാലെ വന്ന കാറിന് അതുകൊണ്ടുതന്നെ കൃത്യസമയത്ത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കാറുമായി കൂട്ടിയിടിച്ച് ബാലൻസ് നഷ്ടപ്പെട്ട ബൈക്കിൽ നിന്നും ഞാൻ തിരക്കേറിയ റോഡിലേക്ക് തെറിച്ചു വീണു. 

എന്നെ ഒരു ക്ലിനിക്കിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോകാൻ അപകടത്തിന് കാരണക്കാരനായ ബൈക്ക് റൈഡർ തയ്യാറായില്ല. അയാളെന്നെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീട് എനിക്ക് സഹായം ചെയ്തത് കാറിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്. കാർ ഡ്രൈവർ എനിക്ക് പ്രഥമശുശ്രൂഷ നൽകി. എൻ്റെ സുഹൃത്തുക്കൾ സംഭവസ്ഥലത്ത് എത്തുന്നതുവരെ അദ്ദേഹം അവിടെ നിന്നു.  തെറ്റ് തന്റെ ഭാഗത്ത് അല്ലാതിരുന്നിട്ടും കൂടി കാർ ഡ്രൈവർ എന്നോട് ക്ഷമാപണം നടത്തി. എനിക്ക് നല്ല നിലവാരമുള്ള ഹെൽമെറ്റ് ധരിക്കാൻ തോന്നിയതിന് ദൈവത്തിന് നന്ദി. അതിനാൽ വലിയ പരിക്കുകൾ ഒന്നും കൂടാതെ ഞാൻ രക്ഷപ്പെട്ടു." 

Never taking a Rapido bike again :) pic.twitter.com/EAwkyCjfb1

— Amisha Aggarwal 📌 (@awwmishaaa)

അമീഷയുടെ പോസ്റ്റ് വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമാനമായ ദുരനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്ന സാക്ഷ്യപ്പെടുത്തലുമായി നിരവധി പേർ കമൻറുകൾ രേഖപ്പെടുത്തി. 

click me!