Indo Pak War 1971 : ഇന്ത്യ പാകിസ്താനെ തകർത്തു തരിപ്പണമാക്കിയ 1971 -ലെ യുദ്ധത്തിന്റെ ഓർമകൾ

By Web Team  |  First Published Dec 13, 2021, 4:49 PM IST

1966 -ൽ പാകിസ്താനുമായി ചെലവേറിയ ഒരു യുദ്ധം നടത്തി വെറും ആറു വർഷത്തിനുള്ളിൽ തന്നെ 1971 -ൽ വീണ്ടുമൊരു യുദ്ധം. അതെന്തിനായിരുന്നു? 


1971 ഡിസംബർ 16 - ഇന്ത്യൻ സമയം വൈകുന്നേരം നാലര മണി. സ്ഥലം ധാക്ക. പാക് ആർമിയുടെ ഈസ്റ്റേൺ കമാണ്ടിന്റെ മാർഷൽ ലോ അഡ്മിനിസ്ട്രേറ്ററും കമാണ്ടറുമായ  ലെഫ്റ്റനന്റ് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി, ഒരൊറ്റ പേജുമാത്രമുള്ള ഒരു ഡോക്യൂമെന്റിന്റെ താഴെ തന്റെ കൈയൊപ്പ്‌ ചാർത്തുന്നു. ഒരു മിനിട്ടു കഴിഞ്ഞ്, ഇന്ത്യാ-ബംഗ്ലാദേശ് സൈന്യങ്ങളുടെ ഈസ്റ്റേൺ തിയറ്ററിന്റെ ജനറൽ ഓഫീസർ- കമാൻഡിങ് ഇൻ ചീഫ് ആയ ലഫ്റ്റനന്റ് ജനറൽ ജഗ്ജീത് സിംഗ് അറോറ, ആ പാകിസ്താനി ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ അഥവാ കീഴടങ്ങൽ രേഖയുടെ കീഴിൽ, നിയാസിയുടെ ഒപ്പിനു ചുവടെയായി കൗണ്ടർ സൈൻ ചെയ്യുന്നു.  അവിടെ നിന്ന് 1500 കിലോമീറ്റർ ദൂരെ അങ്ങ് ദില്ലിയിൽ, പാർലമെന്റിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി  ഒരു പ്രഖ്യാപനം നടത്തുന്നു. 'Dacca is now the free capital of a free country.' - ധാക്ക ഇന്ന് ഒരു സ്വതന്ത്ര രാജ്യത്തിന്റെ, സ്വതന്ത്ര തലസ്ഥാനമാണ്. ഈ ഒരു പ്രഖ്യാപനത്തോടെ, ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം എന്നെന്നേക്കുമായി മാറി മറിയുന്നു. ഇന്ത്യയുടെ കിഴക്കും, പടിഞ്ഞാറും രണ്ടു കഷ്ണങ്ങളായി വേറിട്ട് നിലകൊണ്ടിരുന്ന പാകിസ്ഥാൻ എന്ന രാജ്യം, അതോടെ രണ്ടായി വിഭജിതമാവുന്നു. നിലവിലെ പാകിസ്താന്റെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്നും, ജനസംഖ്യയുടെ ഏതാണ്ട് എഴുപത് ശതമാനത്തോളവും അടർത്തിമാറ്റിക്കൊണ്ട്, ഒരു പുതിയ  പരമാധികാര റിപ്പബ്ലിക് രൂപം കൊള്ളുന്നു. 'സ്വതന്ത്ര ബംഗ്ലാദേശ്'.

Latest Videos

undefined

1966 -ൽ പാകിസ്താനുമായി ചെലവേറിയ ഒരു യുദ്ധം നടത്തി വെറും ആറു വർഷത്തിനുള്ളിൽ തന്നെ 1971 -ൽ വീണ്ടുമൊരു യുദ്ധം. അതെന്തിനായിരുന്നു? അത് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം വെച്ചുമാത്രം നടത്തപ്പെട്ട ഒന്നാണോ? അതോ പാകിസ്താനെ എന്നേക്കുമായി രണ്ടായി വിഭജിക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നോ? അതോ ഈ ഒരു യുദ്ധത്തിന് ഇന്ത്യ ഇറങ്ങിപ്പുറപ്പെട്ടതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ? അങ്ങനെ വല്ല ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെങ്കിൽ, അതൊക്കെ നിറവേറപ്പെട്ടുവോ? അന്നത്തെ ആ സംഭവപരമ്പരകൾക്ക് അഞ്ചു പതിറ്റാണ്ടു തികയുന്ന ഈ അവസരത്തിൽ, അവശേഷിക്കുന്ന ചോദ്യങ്ങൾ അങ്ങനെ പലതുണ്ട്.

ബംഗാൾ എന്ന പാക് കോളനി

1947 ജൂൺ  20 -ന്, സ്വതന്ത്ര ഇന്ത്യ നിലവിൽ വരുന്നതിനൊക്കെ മുമ്പുതന്നെ, ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലി, ഇന്ത്യയിൽ നിന്ന് വേറിട്ട് ഒരു സ്വതന്ത്ര രാഷ്ട്രമാവണം എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസാക്കുന്നു. എന്നാൽ ജൂലൈ ഏഴാം തീയതി സിൽഹെറ്റിൽ വെച്ച് നടപ്പിലാക്കപ്പെട്ട ഒരു റഫറണ്ടം, കിഴക്കൻ ബംഗാൾ പാകിസ്ഥാന്റെ ഭാഗമാവണം എന്ന് തീരുമാനിക്കുന്നു. അതിനു പിന്നാലെ, 1947 ഓഗസ്റ്റ് 15-ന്, ഇന്ത്യയെന്നും പാകിസ്താനെന്നും ഉപഭൂഖണ്ഡത്തെ രണ്ടാക്കി വിഭജിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാവുന്നു. കിഴക്കും പടിഞ്ഞാറുമുള്ള വേറിട്ട രണ്ടു ഖണ്ഡങ്ങളിലായി പാകിസ്താനെന്ന രാജ്യം നിലവിൽ വരുന്നു. ഒരേ രാജ്യമായിരിക്കെത്തന്നെ, രണ്ടു ഭാഷ സംസാരിച്ചുകൊണ്ട്, രണ്ടു സംസ്കാരങ്ങളിൽ പുലർന്നുകൊണ്ട്, അപ്പുറമിപ്പുറം വേറിട്ട് കഴിഞ്ഞുകൂടുന്ന ജനങ്ങൾക്കിടയിൽ,  1300 കിലോമീറ്റർ നീളത്തിൽ ഇന്ത്യയെന്ന ശത്രുരാജ്യം. അന്നത്തെ പാകിസ്താനെപ്പറ്റി സൽമാൻ റുഷ്ദി 'ഷെയിം' (Shame) എന്ന തന്റെ നോവലിൽ പരാമർശിക്കുന്നത്, രണ്ടു ചിറകുകളും വിടർത്തിക്കിടക്കുന്ന ഉടലില്ലാത്ത പക്ഷി എന്നാണ്.

പാകിസ്താന്റെ കിഴക്കും പടിഞ്ഞാറും ഖണ്ഡങ്ങളിൽ കഴിഞ്ഞിരുന്നവർക്ക് തുടക്കം തൊട്ടേ തമ്മിൽ സ്വരച്ചേർച്ച ഒട്ടും ഇല്ലായിരുന്നു. ധീരേന്ദ്രനാഥ് ദത്ത എന്ന അഭിഭാഷകൻ കൂടിയായ ജന നേതാവ്, 1948 ഫെബ്രുവരി 25 -ന് കറാച്ചിയിൽ വെച്ച് നടന്ന  പാകിസ്ഥാൻ കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിൽ ഒരു പ്രമേയം കൊണ്ടുവരുന്നു. നിലവിൽ ഉള്ള ഇംഗ്ലീഷിനും ഉർദുവിനും പുറമെ ബംഗ്ലക്കും ദേശീയ ഭാഷാ പദവി അനുവദിക്കണം എന്നതായിരുന്നു ദത്തയുടെ ആവശ്യം. ഈ പ്രമേയം, അസംബ്ലിയിൽ എതിർത്ത് തോല്പിക്കപ്പെട്ടു എന്നുമാത്രമല്ല, അതിന്റെ പേരിൽ പ്രധാനമന്ത്രി ലിയാഖത് അലി ഖാന്റെ അവഹേളനങ്ങൾക്കും അന്ന് ദത്ത വിധേയനാവുന്നു. അടുത്ത മാസം, കിഴക്കൻ പാകിസ്ഥാനിൽ  നടന്ന ഒരു സമ്മേളനത്തിൽ ബംഗ്ലാ ദേശീയ ഭാഷയാക്കുന്നതിനെ എന്നും എതിർത്തിട്ടില്ല സാക്ഷാൽ മുഹമ്മദലി ജിന്നയ്ക്ക് സദസ്സിലെ വിദ്യാർത്ഥികളുടെ കൂക്കിവിളി കാരണം പ്രസംഗിക്കാൻ പറ്റാതെ തിരിച്ചു പോവേണ്ടി വരുന്നു. 1952 ഫെബ്രുവരി 21 -ന് നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് ധാക്ക സർവകലാശാല പരിസരത്ത് തടിച്ചുകൂടിയ  വിദ്യാർത്ഥികൾക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുന്നു. നിരവധി വിദ്യാർഥികൾ ആ വെടിവെപ്പിൽ കൊല്ലപ്പെടുന്നു.  

ബംഗ്ലാ ഭാഷ മാത്രം സംസാരിക്കുന്ന, ഹിന്ദുക്കൾ കൂടി അടങ്ങിയ കിഴക്കൻ പാകിസ്താനിലെ ജനതയോട് പടിഞ്ഞാറൻ പകിസ്താനിലെ ഉറുദു പഞ്ചാബി ഭാഷകൾ മാത്രം സംസാരിച്ചിരുന്ന പൗരന്മാർക്ക് പണ്ടുതൊട്ടേ ഉണ്ടായിരുന്നത് വല്ലാത്തൊരു 'സുപ്പീരിയോരിറ്റി കോംപ്ലക്സ്' ആയിരുന്നു. അതേസമയം കിഴക്കൻ പാക്കിസ്ഥാനികളുടെ, അതായത് ബംഗാളികളുടെ പ്രതിഷേധങ്ങൾക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനികളുടെ ഈ ഭാഷാ ഫാസിസം മാത്രമല്ലായിരുന്നു കാരണം, അത്  വികസനവിഷയത്തിൽ പാക്ഗവണ്മെന്റ് വർഷങ്ങളായി അവരോട് കാണിക്കുന്ന  അവഗണന കൂടിയായിരുന്നു. വല്ലാത്ത അനീതിയാണ് പാകിസ്താനി ഭരണകൂടം കാലങ്ങളായി അവരോട് കാണിച്ചുകൊണ്ടിരുന്നത്. കിഴക്കൻ പാകിസ്താനിലെ കർഷകർ ചോര നീരാക്കി ഉത്പാദിപ്പിച്ചിരുന്ന ചണം കയറ്റുമതി ചെയ്തു കിട്ടുന്ന ഡോളറിന്റെ പച്ചയിലാണ് പടിഞ്ഞാറൻ പാകിസ്താനിലെ വ്യവസായങ്ങൾക്കുവേണ്ടുന്ന യന്ത്രസാമഗ്രികൾ ഭരണകൂടം വാങ്ങിക്കൂട്ടിയിരുന്നത്. വിദേശത്തുനിന്ന് കിട്ടുന്ന സഹായധനം മുക്കാലും ചെലവിട്ടിരുന്നത് പടിഞ്ഞാറൻ പാകിസ്താനിലെ പദ്ധതികൾക്ക് വേണ്ടി മാത്രമായിരുന്നു. കിഴക്കൻ പാകിസ്താനോട്,  പാകിസ്താന്റെ തലസ്ഥാനവും ഭരണ സിരാകേന്ദ്രങ്ങളും ഒക്കെ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ പ്രവിശ്യ എന്നും വെച്ച് പുലർത്തിയിരുന്നത് ചിറ്റമ്മ നയം മാത്രമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, 1947 ബ്രിട്ടീഷുകാർ തിരിച്ചു പോയതോടെ കോളനി ഭരണത്തിൽ നിന്ന് പാകിസ്ഥാൻ മുക്തമായപ്പോഴും, കിഴക്കൻ പാകിസ്ഥാൻ, പിന്നീടങ്ങോട്ടും പടിഞ്ഞാറൻ പാകിസ്താന്റെ കോളനിയായി, അതിന്റെ ചൂഷണങ്ങൾക്ക് വിധേയമായിതന്നെ തുടർന്നുപോവുന്നു.


 
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിനു മേൽ എന്നും സൈന്യത്തിന് കാര്യമായ മുൻകൈ ഉണ്ടായിരുന്ന പാകിസ്ഥാനിൽ, 1958 -ൽ ഫീൽഡ് മാർഷൽ അയൂബ് ഖാൻ MARTIAL LAW  അഥവാ സൈനിക നിയമം ജനങ്ങൾക്കുമേൽ അടിച്ചേല്പിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുന്നു. 1969 -ൽ  അയൂബ് ഖാന്റെ പിൻഗാമിയായി എത്തിയ ജനറൽ യഹിയ ഖാൻ, നീതിയുക്തമായ തിരഞ്ഞെടുപ്പ്  നടത്തും എന്നും, അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന നാഷണൽ അസംബ്ലി രാജ്യത്തിന്റെ പുതിയ ഭരണഘടന നിശ്ചയിക്കും എന്നും അറിയിക്കുന്നു. 1970 ഡിസംബർ ആറാം തീയതി അവിടെ ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്നു. ആറിന പരിപാടി മുന്നോട്ടു വെച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ബോംഗോബോന്ധു ഷേഖ് മുജീബുർ റഹ്മാന്റെ അവാമി ലീഗ്,  കിഴക്കൻ പാകിസ്താനിലെ 162 സീറ്റിൽ 160 ഉം തൂത്തുവാരുന്നു. സുൾഫിക്കർ അലി ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക്, പടിഞ്ഞാറൻ പാകിസ്ഥാനിൽ നേടാനായത് 138 -ൽ 81 സീറ്റുകൾ മാത്രമാണ്. നാഷണൽ അസംബ്ലിയിൽ 313 -ൽ 167 സീറ്റോടെ കേവല ഭൂരിപക്ഷം നേടിയ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അവാമി ലീഗിനാണ് മന്ത്രിസഭ രൂപീകരിക്കാൻ, സ്വാഭാവികമായും ജനാധിപത്യപരമായ അവകാശമുള്ളത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി അന്ന് പാകിസ്താന്റെ പ്രധാനമന്ത്രിയാവേണ്ടിയിരുന്നതും ബോംഗോബോന്ധു  ഷേഖ് മുജീബുർ റഹ്മാൻ തന്നെ ആയിരുന്നു. "I am the president of the people of Bengal, legally morally I am the man who can govern this country " എന്ന് തന്റെ ഉറച്ച സ്വരത്തിൽ മുജീബുർ റഹ്മാൻ പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് പാക് സൈന്യം പിന്തുണ അറിയിക്കുന്നത് പടിഞ്ഞാറൻ പാകിസ്ഥാനിൽ മാത്രം ഭൂരിപക്ഷം നേടിയ സുൾഫിക്കർ അലി ഭുട്ടോവിനാണ്.

ഷെയ്ഖ് മുജീബുർ റഹ്മാനുമായി ഒരു രാഷ്ട്രീയ ധാരണയിൽ എത്താൻ സാധിക്കാതെ വന്നപ്പോൾ, അക്ഷമനായ ജനറൽ യഹിയാ ഖാൻ, മാർച്ച് ഒന്നാം തീയതി, നാഷണൽ അസംബ്ലി രൂപീകരണം അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിക്കുന്നു. തികച്ചും ജനാധിപത്യ വിരുദ്ധമായ ആ നടപടിയോട്  മുജീബുർ റഹ്മാൻ പ്രതികരിക്കുന്നത്, മാർച്ച് മൂന്നാം തീയതി മുതൽ കിഴക്കൻ പാകിസ്ഥാനിൽ ഒരു അനിശ്ചിതകാല പൊതു പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ടാണ്. "നമ്മൾ എന്തിനും തയ്യാറായി വേണം ഇനി മുതൽ ഇരിക്കാൻ. ഇതിനകം തന്നെ നമ്മുടെ ചോര ഏറെ ഈ മണ്ണിൽ വീണു കഴിഞ്ഞിരിക്കുന്നു, ഇനിയും ഒഴുക്കാൻ നമ്മൾ മടിച്ച്‌ നിൽക്കരുത്... എത്ര ചോര കൊടുത്തിട്ടാണെങ്കിലും ശരി, ഈ നാടിനെ നമ്മൾ സ്വതന്ത്രമാക്കുക തന്നെ ചെയ്യും" എന്നാണ് പണിമുടക്കിനിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഷെയ്ഖ് മുജീബുർ റഹ്മാൻ പറയുന്നത്. പണിമുടക്ക് തുടങ്ങി ആദ്യത്തെ ആഴ്ചയിൽ തന്നെ, കിഴക്കൻ പാകിസ്ഥാൻ ഒരു കലാപഭൂമിയായി മാറുന്നു. പാകിസ്ഥാൻ സൈന്യത്തിലെ ബംഗാളി ഭടന്മാർ സൈന്യത്തിൽ കലാപമുണ്ടാക്കി  ഗവണ്മെന്റിനെതിരെ തിരിയുന്നു. പണിമുടക്കിന്റെ ആദ്യ ആഴ്ചകളിൽ മാത്രം ധാക്കയുടെ തെരുവുകളിൽ കൊല്ലപ്പെടുന്നത്, 171 സമരക്കാരാണ്. ഗുരുതരമായ മർദ്ദനവും പരിക്കും ഏൽക്കുന്നത് 358 പേർക്കാണ്.

ഓപ്പറേഷൻ സെർച്ച് ലൈറ്റ്

മാർച്ച് 25 നു രാവിലെ പാതിനൊന്നരയോടെ, ഇസ്ലാമബാദിൽ നിന്ന് കിഴക്കൻ പാകിസ്താനിലെ മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ ആയ ജനറൽ ടിക്കാ ഖാന് , ഇസ്ലാമബാദിൽ ഇരിക്കുന്ന യഹിയ ഖാനിൽ നിന്ന്, ധാക്കയിലെ സ്ഥിതിഗതികൾ എന്ത് ചെയ്തും നിയന്ത്രണാധീനമാക്കാനുള്ള ഉത്തരവ് കിട്ടുന്നു. ഇങ്ങനെ ഒരുത്തരവിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ, അതായത് അന്ന് രാത്രിയോടെ തന്നെ പട്ടാളം ഷെയ്ഖ് മുജീബുർ റഹ്‌മാനെ അറസ്റ്റു ചെയ്ത് ഒരു രഹസ്യ സങ്കേതത്തിലേക്ക് മാറ്റുന്നു. അതിനു പിന്നാലെ 'ഓപ്പറേഷൻ  സർച്ച് ലൈറ്റ്' എന്ന പേരിൽ പൈശാചികമായ ഒരു അവാമി ലീഗ് വിരുദ്ധ വേട്ടക്കു തുടക്കമാവുന്നു. .

അന്ന് പാകിസ്താനിലെ സൈനികർ നടത്തിയ ഈ നരനായാട്ടിന്റെ ക്രൂരതകളെക്കുറിച്ച് ഈ ലോകത്തോട് ആദ്യമായി വിളിച്ചു പറയുന്നത്, ആന്റണി മസ്‌കരേന്യസ് എന്ന പാകിസ്താനി പത്രപ്രവർത്തകനാണ്.  തങ്ങളുടെ ഓപ്പറേഷൻ സെർച്ച് ലൈറ്റ് നേരിട്ട് കാണാൻ വേണ്ടി പാക് ആർമി എംബെഡ് ചെയ്തു കൂടെ കൊണ്ടുപോയതായിരുന്നു അന്ന് കറാച്ചിയിലെ മോണിംഗ് ന്യൂസ് പത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന ആന്റണിയെ.  ആ ക്രൂരമായ ഓപ്പറേഷൻ നേരിൽ കാണാൻ ഇടയായ ആന്റണി, തന്നെ പിടിച്ചുലച്ചുകളഞ്ഞ ആ കാഴ്ചകളുടെ വിവരണങ്ങൾ എഴുതിവെക്കുന്നു. തെളിവുകൾ പലതും  ക്യാമറയിൽ പകർത്തുന്നു. ഈ ഡയറിക്കുറിപ്പുളെയും ചിത്രങ്ങളെയും ആസ്പദമാക്കി ലോകത്തെ അമ്പരപ്പിക്കുന്ന ഒരു പതിനാറു കോളം ലേഖനം തന്നെ ആന്റണി എഴുതി. പാകിസ്ഥാൻ പട്ടാളത്തിന്റെ അന്നത്തെ ക്രൗര്യം നല്ലപോലെ അറിയാമായിരുന്ന അയാൾ, ആദ്യം തന്റെ കുടുംബത്തെയും, പിന്നീട് തന്നെത്തന്നേയും യുകെയിലേക്ക് പറിച്ചു നട്ട ശേഷം 1971 ജൂൺ 13 ന് യുകെയിലെ സൺഡേ ടൈംസ് പത്രത്തിൽ തന്റെ ആ ലേഖനം പ്രസിദ്ധപ്പെടുത്തി. അതുണ്ടാക്കിയ തുടർ ചലനങ്ങളാണ് വാസ്തവത്തിൽ അന്ന് ഇന്ത്യയുടേയും മറ്റു ലോകരാഷ്ട്രങ്ങളുടെയും നയതന്ത്രപരവും സൈനികവുമായ ഇടപെടലുകളിലേക്കും പിന്നീട് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്കും തന്നെ നയിക്കുന്നത്.

നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുന്ന പല വിശദാംശങ്ങളും ആ ലേഖനത്തിലുണ്ട്, അതിൽ ഒന്ന് നമുക്കിവിടെ പങ്കുവെക്കാം. ഓപ്പറേഷൻ സെർച്ച് ലൈറ്റിന്റെ ഭാഗമായി ചാന്ദ്പൂരിലേക്ക് നടത്തിയ ഒരു പട്രോൾ ദൗത്യത്തിനിടയിൽ  ആന്റണി മസ്‌കരേന്യസ്  കൂടി എംബെഡ് ചെയ്യപ്പെട്ട ഒരു സൈനിക സംഘം, ഒരു ടൊയോട്ട ലാൻഡ് ക്രൂസറിൽ ഇങ്ങനെ പോവുകയാണ്.  അതിന്റെ പിന്നിൽ ചടഞ്ഞിരുന്ന ഒരു ജവാൻ പെട്ടെന്ന്, മുന്നിൽ ഇരുന്ന പാക് മേജർ റാത്തോഡിനോട്  "സാബ്, ഒരാളതാ പാടത്തുകൂടി ഓടിപ്പോവുന്നുണ്ട്..." എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു. ചക്രങ്ങൾ തറയിൽ ഉരഞ്ഞുകൊണ്ട് വണ്ടി അവിടെ നിൽക്കുന്നു. "വെടിവെക്കരുതേ..." എന്ന് ആന്റണി സൈനികരോട് അപേക്ഷിക്കുന്നു. അയാളുടെ നേർക്ക് തികഞ്ഞ ക്രൗര്യത്തോടെ നോക്കി പാക് മേജർ റാത്തോഡ് പാടത്തേക്ക് ഒരു വെടിപൊട്ടിക്കുന്നു. അതോടെ ഓടിക്കൊണ്ടിരുന്ന മെല്ലിച്ച ശരീരം ഓട്ടം നിർത്തി നിലത്ത് കിടക്കുന്നു. വണ്ടിയിൽ നിന്നിറങ്ങി പാടത്തേക്ക് ചെന്ന രണ്ടു ജവാന്മാർ അയാളെ പിടികൂടി വണ്ടിക്കരികിലേക്ക് തൂക്കിയെടുത്തു കൊണ്ടു വരുന്നു. തോക്കിന്റെ പാത്തികൊണ്ട് നടുമ്പുറത്ത് ഒരു കുത്ത് കൊടുത്തുകൊണ്ട് അവർ. "ആരാണെടാ നീ?" എന്ന് ചോദിക്കുന്നു. അപ്പോൾ അയാൾ, "സാഹിബ്, ദയവുണ്ടാകണം. എന്റെ പേര് അബ്ദുൽ ബാരി. ഡാക്ക പുതിയങ്ങാടിയിലെ തയ്യൽക്കാരനാണ്. എന്നെ കൊല്ലരുത്..." എന്ന് മറുപടി പറയുന്നു. "വെറുതെ നുണ പറയരുത്. നിന്നെ കണ്ടാലറിയാം നീ ഒരു ഹിന്ദുവാണെന്ന്. സത്യം പറ നീ എന്തിനാണ് ഓടിയത്?" എന്ന് മേജർ റാത്തോഡ്. "അല്ല സാഹിബ്, കർഫ്യൂ സമയം തീരാനായില്ലേ? അതാണ് ധൃതി പിടിച്ചോടിയത്..." എന്ന് ബാരി. പറഞ്ഞു തീരും മുമ്പ് ജവാന്മാരിൽ ഒരാൾ ബാരിയുടെ ദേഹത്ത് ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടാമതൊരാൾ അബ്ദുളിന്റെ ലുങ്കി പറിച്ചെറിയുന്നു. ലുങ്കിക്കു താഴെ അടിവസ്ത്രം ഒന്നും ഇല്ലാതിരുന്നതിനാൽ അയാളുടെ ചേലാകർമം നടത്തിയ ജനനേന്ദ്രിയം ഒറ്റനോട്ടത്തിൽ ദൃശ്യമായിരുന്നു. ബാരി ഹിന്ദുവല്ല എന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. അപ്പോഴേക്കും പക്ഷെ, നിരവധി തവണ അയാളുടെ ദുർബല ദേഹത്ത് തോക്കിന്റെ പാത്തിക്കുള്ള കുത്തേറ്റുകഴിഞ്ഞിരുന്നു."സത്യം പറ, നീ വിപ്ലവകാരിയല്ലേ? " എന്ന് മേജറുടെ അവസാനത്തെ ചോദ്യം. ബാരി ഇപ്പോൾ ചാവും എന്ന പേടിയിൽ പൂങ്കുല പോലെ നിന്ന് വിറക്കുന്നു. ഒടുവിൽ, ആ കൊല്ലാക്കൊല കണ്ടുനിൽക്കാൻ ത്രാണിയില്ലാത്ത, ആ തെരുവിലെ ഏതോ ഒരുവീട്ടിൽ നിന്ന് പുറത്തിറങ്ങിവന്ന ഒരു വൃദ്ധൻ "അല്ല സാഹിബ്, ഇവൻ, ബാരി പുതിയങ്ങാടിയിലെ ടൈലർ ആണ്..  ഖുദാ കസം..." എന്ന് അയാൾക്ക്‌ ജാമ്യം നിന്നതുകൊണ്ടുമാത്രം അന്ന് അയാൾ തലനാരിഴക്ക് മരണത്തിൽ നിന്ന് രക്ഷപ്പെടുന്നു.

എന്നാൽ, ബഹുഭൂരിപക്ഷം ബംഗാളികൾക്കും, ടെയ്‌ലർ അബ്ദുൽ ബാരിയുടെ അത്ര ഭാഗ്യമുണ്ടായിരുന്നില്ല. ഗ്രാമഗ്രാമാന്തരങ്ങളിൽ കയറിയിറങ്ങിയ പാകിസ്ഥാൻ ആർമി കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വധിച്ചുകൊണ്ടിരുന്നു. വെടിവെച്ചും, തലയ്ക്കടിച്ചുമൊക്കെ കൊന്നുകളയുക, വൈകുന്നേരത്തോടെ മൃതദേഹങ്ങൾ ഒന്നടങ്കം കൂട്ടിയിട്ട് കത്തിക്കുക. ഇതായിരുന്നു പട്ടാളത്തിന്റെ രീതി. വൈകുന്നേരം മെസ്സിൽ വരുന്ന ജവാന്മാർ തമ്മിൽ അന്നന്ന് എത്രപേരെ കൊന്നു കളഞ്ഞു എന്നും പറഞ്ഞ് വീമ്പടിക വരെ ചെയ്തിരുന്നു. എല്ലാം പാകിസ്ഥാന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പവിത്രതയ്ക്കും വേണ്ടിയാണല്ലോ എന്ന സംതൃപ്തി പട്ടാളത്തിലെ ഓരോ ജവാനും ഉണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. "ഇത് ശുദ്ധിക്കും അശുദ്ധിക്കും ഇടയിലെ യുദ്ധമാണ്. കീടങ്ങളെ തൂത്തു കളഞ്ഞ് ഈ നാട് വൃത്തിയാക്കേണ്ടതുണ്ട് " എന്നായിരുന്നു അന്ന് മുതിർന്ന ഒരു പട്ടാള ഉദ്യോഗസ്ഥൻ ആന്റണിയോട് ഇതേപ്പറ്റി പറഞ്ഞത്.

ഹമൂദുർ റഹ്‌മാൻ കമ്മീഷൻ പറഞ്ഞത് ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 26,000 ഓളം പേരാണ് എന്നായിരുന്നു. പക്ഷെ, സ്വതന്ത്ര ഏജൻസികൾ പറയുന്നത്  കൊല്ലപ്പെട്ട നിരപരാധികളുടെ എണ്ണം മൂന്നു ലക്ഷത്തിനും മുപ്പത് ലക്ഷത്തിനും ഇടയിൽ വരുമെന്നാണ്. പാകിസ്താനി സൈനികർ ബലാത്സംഗവും, കൊലപാതകവും, തീവെട്ടിക്കൊള്ളയും നടത്തി കിഴക്കൻ പാകിസ്ഥാനിൽ അഴിഞ്ഞാടിയപ്പോൾ നാടുവിട്ടോടി ഇന്ത്യൻ മണ്ണിലേക്ക് രായ്ക്കുരാമാനം അഭയാർഥികളായി വന്നെത്തിയത് ഒരുകോടിയോളം പേരാണ്. ഈ അഭയാർത്ഥി പ്രവാഹം, അന്ന് മാന്ദ്യത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം തന്നെ ഏൽപ്പിക്കുന്നു. ഇതിനകം വന്നെത്തിയതിനു പുറമെ പിന്നെയും ലക്ഷക്കണക്കിന് പേര് അതിർത്തി മുറിച്ചുകടന്ന് ഇന്ത്യൻ മണ്ണിലേക്ക് അഭയം തേടി എത്താൻ പോവുന്നു എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ വരുന്നു.

ഇന്ദിരയുടെ ഇടപെടൽ  

അതിർത്തിക്കപ്പുറം, പാകിസ്താനി പട്ടാളം പ്രവർത്തിച്ചുകൊണ്ടിരുന്ന കൊടും ക്രൂരതകളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ അതാതു സമയത്ത് ഇന്ത്യക്കും കിട്ടുന്നുണ്ടായിരുന്നു. ഈ ഒരു ഘട്ടത്തിൽ, അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി  പ്രശ്നത്തിൽ സൈനികമായി നേരിട്ട് ഇടപെട്ടില്ല എങ്കിലും, മനുഷ്യത്വത്തിന്റെ പുറത്ത്, ഓൺ ഹ്യുമാനിറ്റേറിയൻ ഗ്രൗണ്ട്സ്, കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്കൊപ്പം നില്ക്കാൻ തന്നെ തീരുമാനിക്കുന്നു.  കിഴക്കൻ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിർത്തികൾ തുറന്ന് ഇന്ത്യ നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ സഹായത്തോടെ ബംഗ്ലാ റെസിസ്റ്റൻസ് മൂവ്മെന്റിനുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ തീരുമാനിക്കുന്നു. 1971 ഏപ്രിൽ 29 -ന് ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് കിഴക്കൻ പാകിസ്ഥാൻ ഓപ്പറേഷന്റെ ചുമതല ഏറ്റെടുക്കുന്നു.  അന്ന്, പാകിസ്താനി സൈനികരെ എതിരിട്ടുകൊണ്ടിരുന്ന  അവാമി ലീഗിന്റെ സ്വാതന്ത്ര്യ സമര പോരാളികളുടെ ഗറില്ലാസൈന്യം അറിയപ്പെട്ടിരുന്നത് മുക്തി ബാഹിനി എന്നായിരുന്നു. ഒരു മെയ് 15 ഒക്കെ അടുപ്പിച്ച്, മുക്തി ബാഹിനി പോരാളികളെ റിക്രൂട്ട് ചെയ്ത്, പരിശീലനവും ആയുധങ്ങളും മറ്റുള്ള സംവിധാനങ്ങളും കോടുത്ത്, അവരെ പാക് സൈനികരോട് മുട്ടിനിൽകാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ജാക്ക് പോട്ട് എന്നൊരു സീക്രട്ട് മിഷൻ ഇന്ത്യൻ സൈന്യം ആരംഭിക്കുന്നു. 1971  നവംബർ അവസാനം ഒക്കെ ആയതോടെ,  ഏത് നിമിഷം വേണമെങ്കിലും ഇരു രാജ്യങ്ങൾക്കും ഇടയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുന്നു.
 
രാജ്യം ഒരു യുദ്ധത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ട് അവർ ജനറൽ സാം മനേക്ഷയോട് ഒരു യുദ്ധത്തിന് തയ്യാറെടുത്തുകൊള്ളാൻ നിർദേശിക്കുന്നു. പക്ഷെ, മനേക്ഷാ ഒരു നിമിഷം മടിച്ച്‌ നിൽക്കുന്നു. ദിവസങ്ങൾക്കുളിൽ ബംഗാളിൽ മൺസൂൺ പൊട്ടിപ്പുറപ്പെടും. മഴ പെയ്തുതുടങ്ങിയാൽ പിന്നെ അവിടെ തുള്ളിക്കൊരുകുടം പെരുമഴയാണ്. രണ്ടുകരയും മുട്ടിയൊഴുകുന്ന ബ്രഹ്മപുത്ര, ഒരു കരയിൽ നിന്ന് നോക്കിയാൽ മറുകര കാണാൻ പറ്റാത്തത്ര വെള്ളപ്പൊക്കത്തിലാവും ഉണ്ടാവുക. ഇപ്പോൾ യുദ്ധത്തിന്റെ സന്നാഹം ഒരുക്കുന്നത് പോലും വളരെ ദുഷ്കരമാണ്, എന്നാലും ശ്രമിക്കാം എന്ന് മനേക്ഷാ ഇന്ദിരയോട് പറയുന്നു. ആ തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ഇന്ദിരാഗാന്ധി ഈ സാഹചര്യത്തിൽ ഏറെ ആവശ്യമുള്ള മറ്റുലോകരാഷ്ട്രങ്ങളുടെ നയതന്ത്ര സൈനിക പിന്തുണകൾ തേടി, ഒരു ലോക പര്യടനത്തിന് ഇറങ്ങിപ്പുറപ്പെടുന്നു.  സ്വന്തം മണ്ണിൽ കാണിച്ചുകൊണ്ടിരിക്കുന്ന ഈ കണ്ണില്ലാത്ത ക്രൂരതകളിൽ നിന്ന് പിന്മാറാൻ പാകിസ്താനെ പ്രേരിപ്പിക്കണം എന്ന് ഇന്ത്യൻ നയതന്ത്ര സമൂഹം ലോകശക്തികളോട് അപേക്ഷിക്കുന്നു. അമേരിക്ക അടക്കമുള്ള  വെസ്റ്റേൺ ബ്ലോക്ക് ഇക്കാര്യത്തിൽ സംശയകരമായ നിസ്സംഗതയാണ് അന്ന് വെച്ചുപുലർത്തുന്നത്. ഈ വിഷയത്തിൽ ഇന്ത്യയുടെ അഭിപ്രായത്തോട് യോജിച്ച സോവിയറ്റ് യൂണിയനാകട്ടെ, പാകിസ്ഥാനുമേൽ യാതൊരു വിധ സ്വാധീന ശക്തിയും ഉണ്ടായിരുന്നുമില്ല. അങ്ങനെ 1971 ലെ മൺസൂൺ വന്നെത്തി മഴ പെയ്തു തുടങ്ങിയതോടെ സൈനിക നീക്കങ്ങൾ എല്ലാം നിർത്തിവെയ്ക്കപ്പെടുന്നു. വരാനിരിക്കുന്ന യുദ്ധത്തിന്റെ നിമിത്തമെന്നോണം ഏറെ സംഹാരരുദ്രമായ ഒരു മഴയാണ്  അക്കൊല്ലം കിഴക്കൻ പാകിസ്താന്റെ മണ്ണിലേക്ക് പെയ്തിറങ്ങുന്നത്. ചിലയിടങ്ങളിൽ നദികൾ അഞ്ചും ആറും കിലോമീറ്റർ വീതിയിൽ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രളയം കിഴക്കൻ പാകിസ്താനെ ആകെ വിഴുങ്ങിയ ആ ദുർഘട സന്ധിയിലും, ഇരുപക്ഷത്തുനിന്നും യുദ്ധത്തിനുള്ള സന്നാഹങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മുപ്പതിനായിരം ടൺ യുദ്ധ സാമഗ്രികൾ മഴ തീരും മുമ്പുതന്നെ ഇന്ത്യൻ സൈന്യം ത്രിപുര അതിർത്തിയിലേക്ക് വിന്യസിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് യുദ്ധം ഒടുവിൽ തുടങ്ങിയപ്പോൾ ഇന്ത്യ അതിനു പരിപൂർണമായ രീതിയിൽ തന്നെ സജ്ജമായിരുന്നു. അതിർത്തിക്കപ്പുറം വിരലിൽ എണ്ണാവുന്ന ആർട്ടിലറി പീസുകൾ മാത്രമേ പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ടായിരുന്നുള്ളു എങ്കിൽ, ഇന്ത്യയുടെ ഭാഗത്തുനിന്ന് ത്രിപുര അതിർത്തിയിൽ മാത്രം ഡിപ്ലോയ് ചെയ്യപ്പെട്ടിരുന്നത് 80 ആർട്ടിലറി ഗണ്ണുകളാണ്.

പാകിസ്താന്റെ പ്രകോപനം

ഒടുവിൽ 1971 ഡിസംബർ മൂന്നാം തീയതി വൈകുന്നേരം അഞ്ചേ മുക്കാലോടെ പാകിസ്ഥാൻ, നമ്മുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ മണ്ണിലെ മർമ്മപ്രധാനമായ പോയിന്റുകൾ, ശ്രീനഗർ, അവന്തിപൂർ, പഠാൻകോട്ട്, ഉത്തർലായി, ജോധ് പൂർ, അംബാല, ആഗ്ര എന്നീ ഫോർവേർഡ് എയർ ബേസുകൾ  ലക്ഷ്യമിട്ട് പ്രീ-എംപ്റ്റീവ് സ്ട്രൈക്കുകൾ നടത്തുന്നു. അന്നേദിവസം പാതിരക്കു മുമ്പ് നടത്തിയ ഒരു റേഡിയോ ബ്രോഡ്കാസ്റ്റിൽ ഇന്ദിര ഗാന്ധി, രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു."I speak to you at a moment of grave peril to our country and our people. Some hours ago, soon after 5:30 P.M. on Dec. 3, Pakistan launched full‐scale war against us. Today, the war in Bangla Desh has become a war on India" യാതൊരു വിധ പ്രകോപനവും കൂടാതുള്ള പാകിസ്താന്റെ ഈ ആക്രമണത്തിന് അതർഹിക്കുന്ന തിരിച്ചടി തന്നെ ഇന്ത്യ നൽകുമെന്നും, അതിന് ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നിൽക്കണം എന്നും ഇന്ദിര ഗാന്ധി ആഹ്വാനം ചെയ്യുന്നു.

അന്ന് വെളുത്തവാവ് ദിവസമായിരുന്നു. രാത്രിയിലെ നിലാവിന്റെ പിന്തുണ മുതലെടുത്തുകൊണ്ട് പാക് പക്ഷത്തുനിന്ന് രണ്ടാമതൊരു വ്യോമാക്രമണം കൂടി അന്നുണ്ടാവുന്നു. ഇത്രയൊക്കെ കഷ്ടപ്പെട്ട്, ആകാശത്ത് ഫൈറ്റർ ജെറ്റുകളും കൊണ്ട് റോന്തുചുറ്റി തുരുതുരാ വെടി പൊട്ടിച്ചിട്ടും ഈ എയർബേസുകളിൽ വിശ്രമിച്ചിരുന്ന ഒരു യുദ്ധ വിമാനം പോലും പാകിസ്ഥാൻ പൈലറ്റുമാർക്ക് തകർക്കാൻ സാധിക്കുന്നില്ല. പാക് വിമാനങ്ങൾ ആകാശത്ത് തുടരുമ്പോൾ തന്നെ, പ്രത്യാക്രമണത്തിനായി ആഗ്ര എയർ ബേസിൽ നിന്ന് നമ്മുടെ Canberra ബോംബർ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നു. ഇന്ത്യൻ എയർഫോർസിന്റെ വിമാനങ്ങൾ, ചന്ദേരി, ഷോർ കോട്ട്, സർഗോഡ, മുരീദ്, മിയാൻവാലി, കറാച്ചിക്കടുത്തുള്ള മസ്‌റൂർ, റാവൽപിണ്ടിക്കടുത്തുള്ള റിസാൽവാല, ലാഹോറിനടുത്തുള്ള ചങ്കമങ്ക എന്നീ ബേസുകൾ ആക്രമിച്ച് നിരവധി പാക്  പോർവിമാനങ്ങൾ തകർക്കുന്നു. 

അങ്ങനെ പാകിസ്താന്റെ പടിഞ്ഞാറും കിഴക്കും കിടക്കുന്ന അതിർത്തികളിൽ തുരുതുരാ സോർട്ടികൾ ടേക്ക്ഓഫ് ചെയ്ത്, റെയിഡുകൾ നടത്തി പാകിസ്ഥാനുമേൽ ഇന്ത്യ സമ്മർദ്ദം വർധിപ്പിച്ചു വന്നു. യുദ്ധം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴേക്കും ഇന്ത്യൻ എയർഫോഴ്സ് നിത്യേന അഞ്ഞൂറ് സോർട്ടികൾ വരെ ഓപ്പറേറ്റ് ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. അത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വിശാലമായ വ്യോമാക്രമണങ്ങളിൽ ഒന്നായിരുന്നു അത്. 1956 -57 കാലത്ത് ഇൻഡക്റ്റ് ചെയ്തിരുന്ന ഹോക്കർ ഹണ്ടർ എയർ ക്രാഫ്റ്റുകൾ, GNAT നാറ്റ് ഫൈറ്ററുകൾ, 1961 -62 കാലത്ത് കമ്മീഷൻ ചെയ്തിരുന്ന മിഗ് 21 തുടങ്ങി നിരവധി  ആധുനിക ഫൈറ്റർ ജെറ്റുകൾ  അന്ന് ഇന്ത്യൻ എയർ ഫോഴ്സിന് ലഭ്യമായിരുന്നു. ഇക്കൂട്ടത്തിൽ പോരാടിയ ചില നാറ്റ് വിമാനങ്ങൾ വ്യോമയുദ്ധങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും മായ്ച്ചു കളയാനാവാത്ത ഒരിടം നേടിയെടുക്കുന്ന ണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പോരാട്ടം നയിക്കുന്നത്, നിർമൽ ജീത് സിംഗ് സെഖോൻ എന്ന  നമ്പർ 18 ഫ്ളയിങ് ബുള്ളറ്റ്‌സ് സ്ക്വാഡ്രൻറെ ഫ്ളയിങ് ഓഫീസർ ആണ്.  ശ്രീനഗറിൽ നിന്ന് ടെക്ക് ഓഫ് ചെയ്യുന്ന സെഖോൻ ഒറ്റയ്ക്ക് നേരിട്ടത്, പാകിസ്താന്റെ ആറ് F86 സേബർ പോർവിമാനങ്ങളെയാണ്. അതിൽ രണ്ടെണ്ണത്തെ വെടിവെച്ചിട്ട ശേഷം വീരമൃത്യുവരിച്ച അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പരം വീർ ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഇങ്ങനെ ഡിസംബർ മൂന്നിന് പാകിസ്ഥാൻ എയർ ഫോഴ്‌സിന്റെ ഭാഗത്തുനിന്ന് പ്രീ എംപ്റ്റീവ് സ്ട്രെയ്ക്കുകൾ ഉണ്ടായിരുന്നില്ല എങ്കിലും അടുത്ത ദിവസം മുതൽക്കു തന്നെ യുദ്ധം ആരംഭിക്കുമായിരുന്നു. കാരണം, ഇന്ദിരഗാന്ധി ജനറൽ മനേക്ഷയ്ക്ക് കൊടുത്ത നിർദേശം നാലാം തീയതി യുദ്ധം ആരംഭിച്ചുകൊള്ളാൻ വേണ്ടിയുള്ളതായിരുന്നു.  ഡിസംബർ മൂന്നിന് തുടങ്ങുന്ന 1971 -ലെ ഇന്തോ പാക് യുദ്ധം അവസാനിക്കുന്നത് പതിമൂന്നു ദിവസത്തിന് ശേഷം, പാക് ലെഫ്റ്റനന്റ് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസിയും ഇന്ത്യൻ  ലഫ്റ്റനന്റ് ജനറൽ ജഗ്ജീത് സിംഗ് അറോറയും തമ്മിൽ പാകിസ്ഥാൻ കീഴടങ്ങി എന്ന് സമ്മതിച്ചുകൊണ്ടുള്ള ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ ഒപ്പിട്ടതോടെയാണ്. ഈ പതിമൂന്നു ദിവസങ്ങളിൽ സുപ്രധാനമായ പല പോരാട്ടങ്ങളും ഭാരതീയ സേനകൾ നടത്തിയിട്ടുണ്ട്. അവ എല്ലാം വിശദീകരിക്കാൻ ഒരു പക്ഷെ പല എപ്പിസോഡുകൾ വേണ്ടി വന്നേക്കാം. അതുകൊണ്ട്, ആ പോരാട്ടങ്ങളിൽ എല്ലാം വീരമൃത്യു വരിച്ച ധീര സൈനികരുടെ ത്യാഗങ്ങൾ   അക്കൂട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത ചില പോരാട്ടങ്ങൾ മാത്രം ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.

ബാറ്റിൽ ഓഫ് ലോംഗേവാലാ

ഡിസംബർ നാലാം തീയതി രാത്രിയുടെ ഇരുട്ടിൽ,രാജസ്ഥാനിലെ ബൗണ്ടറി പില്ലർ 638  എന്ന, ഇന്തോ പാക് അതിർത്തിയിലെ സുപ്രധാനമായ ലാൻഡ് മാർക്ക് താണ്ടി,  59 പാകിസ്താനി ടാങ്കുകൾ ഇന്ത്യൻ മണ്ണിൽ ഥാർ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ലോംഗേവാല എന്ന ഗ്രാമം ലക്ഷ്യമിട്ട് കുതിച്ചു വരാൻ തുടങ്ങുന്നു. ആ രാത്രി  അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ഫോർവേർഡ് പട്രോൾ, ഈ നീക്കത്തിന്റെ ബഹളം ദൂരെ വെച്ചുതന്നെ തിരിച്ചറിയുന്നു. അന്ന് ലോംഗേവാലയിൽ ആകെയുള്ളത്  മേജർ ചാന്ദ് പുരിയുടെ കമാണ്ടിൽ ഉള്ള 23 പഞ്ചാബ് റജിമെന്റിന്റെ,  ഒരു കമ്പനി പട്ടാളം മാത്രമാണ് ഉള്ളത്. പാകിസ്താന്റെ ഭാഗത്തുനിന്ന് തുടങ്ങിയ  ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ചുള്ള വിവരം കിട്ടിയപ്പോൾ തന്നെ മേജർ ചാന്ദ് പുരി തന്റെ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിൽ വിളിച്ച് മേലധികാരികളെ അറിയിക്കുന്നു. ഇമ്മീഡിയറ്റ് ബാക്ക് അപ്പ് വേണം എന്ന് ആവശ്യപ്പെടുന്നു.  

 

അഞ്ചാം തീയതി രാവിലെ നാലരയോടെ, പിൽക്കാലത്ത് Battle of Longewala എന്നറിയപ്പെട്ട ആ സുപ്രസിദ്ധമായ യുദ്ധം അരങ്ങേറുന്നു. പാക് പക്ഷത്തുനിന്നുള്ള ഫോർമേഷൻ ഇങ്ങനെയായിരുന്നു.  22 കാവൽലറിയിലെ ചൈനീസ് ബിൽറ്റ് T-59/Type 59 ടാങ്കുകളും, അമേരിക്കൻ നിർമിത ഷെർമൻ ടാങ്കുകളും ഈ ടാങ്കുകൾക്ക് പിന്നാലെ വന്നത് പാകിസ്താന്റെ 20 ത്ത് ഫ്രന്റിയർ ഫോഴ്‌സ് ബറ്റാലിയൻ ആയിരുന്നു. പാക് പക്ഷത്തുണ്ടായിരുന്നത് രണ്ടായിരത്തിനും മൂവ്വായിരത്തിനും ഇടയിൽ സൈനികരായിരുന്നു എങ്കിൽ, ഇപ്പുറം ഇന്ത്യൻ പക്ഷത്ത് ആകെ ഉണ്ടായിരുന്നത് 120 പേരടങ്ങുന്ന 23 പഞ്ചാബ് റജിമെന്റിന്റെ,  ഒരു കമ്പനി പട്ടാളം മാത്രമായിരുന്നു. എന്നിട്ടും, ശത്രുക്കളെ ഇന്ത്യൻ മണ്ണിലേക്ക് കടക്കാൻ അനുവദിക്കാതെ  പിടിച്ചു നില്ക്കാൻ തന്നെ തീരുമാനിക്കുന്നു. പോരാട്ടം തുടങ്ങി  ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഇന്ത്യൻ സൈന്യം തകർത്തത്, ഒരു T59 ടാങ്കും ഒരു സീനിയർ മിലിട്ടറി  ഓഫീസറെ വഹിച്ചു കൊണ്ടുള്ള ഒരു പാകിസ്താനി പട്ടാള ജീപ്പും ആയിരുന്നു.    ആദ്യത്തെ പ്രക്ത്യാക്രമണത്തിൽ പതറി എങ്കിലും, അവർ ഒന്ന് നിർത്തി റീഗ്രൂപ്പ് ചെയ്ത് വീണ്ടും മുന്നോട്ട് നീങ്ങുന്നു. നേരം വെളുത്തതും ജയ്സാൽമീർ ബേസിൽ നിന്നു ജോഡികളായി പറന്നുയർന്ന ഹണ്ടർ പോർവിമാനങ്ങളും ഈ യുദ്ധത്തിൽ ഇന്ത്യൻ പക്ഷത്തു ചേർന്നു, ആദ്യ രണ്ടു വിമാനങ്ങൾ ചേർന്ന് ആറ് പാക് ടാങ്കുകളാണ്. അപ്പോഴേക്കും ഗ്രൗണ്ട് യൂണിറ്റുകളും, ൽ ആർട്ടിലറി ഗണ്ണുകളും മറ്റും അവിടേക്ക് റീഇൻഫൊർമെന്റിനായി വന്നുകൊണ്ടേ ഇരുന്നു. അങ്ങനെ നാലുപാടുനിന്നും തിരിച്ചടികൾ കിട്ടിയതോടെ പാക് സൈന്യം ആകെ പകച്ചു പോവുന്നു. യുദ്ധത്തിന്റെ ഡിസിപ്ലിനും സ്വന്തം യുദ്ധപ്ലാനുകളും ഒക്കെ മറന്ന് അവർ നാലുപാടും പരക്കം പാഞ്ഞു തുടങ്ങി. ഡിസംബർ ആറാം തീയതി ഉച്ചയോടെ  Battle of Longewala എന്ന ധീരമായ പോരാട്ടത്തിന് അവസാനമാവുന്നു, ജീവനോടെ അവശേഷിച്ചിരുന്ന പാക് ഭടന്മാർ തിരികെ പാക് മണ്ണിലേക്ക് പിൻവലിക്കുന്നു. അന്ന് അവരുടെ 59 ടാങ്കുകളിൽ 51 എണ്ണവും ഇന്ത്യൻ മണ്ണിൽ തകർന്നു തരിപ്പണമായി മരുഭൂമിയിൽ അവിടവിടെ ചിന്നിച്ചിതറിക്കിടന്ന  കാഴ്ച്ചയാണ് അന്ന് ലോംഗോവാല യുദ്ധത്തിൽ കാണാനിടയായത്.


പിഎൻഎസ് ഗാസിയുടെ പതനം

രണ്ടു രാജ്യങ്ങൾക്കുമിടയിൽ യുദ്ധം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പിഎൻഎസ് ഗാസി എന്ന പാകിസ്താന്റെ ടെഞ്ച് ക്‌ളാസ് ഡീസൽ ഇലക്ട്രിക് സബ്മറൈൻ വളരെ രഹസ്യമായി വിശാഖപട്ടണം തുറമുഖത്തോട് അടുക്കുന്നു.  അത് ഐഎൻഎസ് വിക്രാന്ത് എന്ന ഇന്ത്യൻ യുദ്ധക്കപ്പലിനെ തേടി അത് നശിപ്പിക്കാൻ കണക്കാക്കിയായിരുന്നു അതിന്റെ വരവ്. പക്ഷെ ദൗർഭാഗ്യവശാൽ ആ വരവ് പത്തുദിവസം വൈകിയായിപ്പോയി. ഗാസി വന്നപ്പോഴേക്കും വിക്രാന്ത് വൈസാഖ് പോർട്ട് വിട്ട് ആൻഡമാൻ പരിസരത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. അതോടെ,  വിശാഖപട്ടണം തുറമുഖത്തിന്റെ പ്രവേശന കവാടത്തിനരികെ വെള്ളത്തിൽ മുങ്ങിക്കിടന്നുകൊണ്ട്  ഗാസി അതുവഴി വന്നേക്കാവുന്ന ഇന്ത്യൻ നാവികസേനയുടെ വെസലുകൾ ലക്ഷ്യമിട്ട് മൈനുകൾ നിരത്തിത്തുടങ്ങി. എന്നാൽ, കിടന്നിരുന്നത് നടുക്കടലിൽ വെള്ളത്തിൽ മുങ്ങി ആയിരുന്നിട്ടും, ഇന്ത്യയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഇന്റലിജൻസിന് അതേപ്പറ്റിയുള്ള രഹസ്യവിവരം ചോർന്നു കിട്ടുന്നു.  ചിറ്റഗോങ്ങിലെ തങ്ങളുടെ നാവികആസ്ഥാനവുമായി ഗാസിയിലെ റേഡിയോ ക്രൂ നടത്തിയ സമ്പർക്കം പിടിച്ചെടുത്തതായിരുന്നു അതിനു വഴിവെച്ചത് എന്ന് ഡിഎൻഐയുടെ ഡയറക്ടർ ആയിരുന്ന റിയർ അഡ്മിറൽ മിഹിർ കെ റോയ്  പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. സബ് മറൈൻസിലും മെയിൻ സ്വീപേഴ്സിലും മാത്രം ഉപയോഗിക്കുന്ന ഗ്രേഡിൽ ഉള്ളതായിരുന്നു ആ ലൂബ്രിക്കന്റ്.  കാളി ദേവി എന്ന കോഡ് നേമിൽ വെളിപ്പെട്ട ഈ ഇന്റലിജൻസ് വിവരം വിശകലനം ചെയ്ത ഡിഎൻഐ ഉദ്യോഗസ്ഥർ ഒരു കാര്യം ഉറപ്പിക്കുന്നു. വെസ്റ്റേൺ പാകിസ്ഥാനിൽ നിന്ന് അത്രയും ദൂരം താണ്ടി ബംഗാൾ ഉൾക്കടലിലേക്ക്  അങ്ങനെ വന്നെത്താൻ സാധ്യത, പാക് നാവിക സേനയിലെ ഒരേയൊരു ആധുനിക വെസൽ ആയ പിഎൻഎസ് ഗാസിക്കു മാത്രമാണ്. ആ വരവിന് വിക്രാന്തിനെ മുക്കുക എന്ന ഒരേയൊരു ഉദ്ദേശ്യമേ കാണൂ എന്നും ഇന്ത്യൻ നേവി തിരിച്ചറിയുന്നു. അതോടെ ഗാസിയെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വിക്രാന്ത് വൈസാഖ് പോർട്ടിൽ തന്നെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട്  INS Rajput എന്ന പടക്കപ്പലിന്  ഗാസിയുടെ പരിസരത്തേക്ക് നീങ്ങാൻ നിർദേശം ലഭിക്കുന്നു. പാക് നാവിക സേനയുടെ അഭിമാനമായിരുന്ന പിഎൻഎസ് ഗാസിക്കും അതിലെ 93 നാവികസേനാംഗങ്ങൾക്കും  പിന്നീടങ്ങോട്ട് തങ്ങളുടെ ആയുസ്സിൽ അവശേഷിച്ചിരുന്നത് മണിക്കൂറുകൾ മാത്രമായിരുന്നു, ഡിസംബർ നാലാം തീയതി രാത്രി, ഏറെ വൈകി എപ്പോഴോ ഗാസി എന്നെന്നേക്കുമായി ബംഗാൾ ഉൾക്കടലിൽ അടിത്തട്ടിലേക്ക് ഛിന്നഭിന്നമായി കൂപ്പുകുത്തുന്നു.

 

ഗാസി എങ്ങനെ തകർന്നു എന്നത് സംബന്ധിച്ച് ഒന്നിലധികം കഥകൾ പ്രചാരത്തിലുണ്ട്. അതിൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗത്തുനിന്ന് പ്രചരിച്ച ഒരു കഥ, INS Rajput -ൽ നിന്ന് ഗാസി ലക്ഷ്യമാക്കി ഇട്ട, ഡെപ്ത് ചാർജുകൾ അതായത്  സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ആഘാതത്തിലാണ്  അത് മുങ്ങിയത് എന്നാണ്. ഈ വേർഷൻ പിന്നീട് അന്നത്തെ രാജ്പുത്തിന്റെ കമാൻഡിങ് ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഇന്ദർ സിംഗ് ആവർത്തിക്കുന്നുണ്ട്.   ' Transition to Triumph ; എന്ന ഇന്ത്യൻ നാവിക സേനാ ചരിത്ര പുസ്തകത്തിൽ റിട്ട. വൈസ് അഡ്മിറൽ ജി എം ഹീരാനന്ദാനി ഗാസിക്ക് തുടർന്നുവന്ന ദുർവിധിയെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്. എന്നാൽ ഗാസിക്കുള്ളിലും സ്‌ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടാവാം എന്നും അതിനുള്ള കാരണങ്ങൾ വ്യക്തമല്ല എന്നും കൂടി വൈസ് അഡ്മിറൽ ജി എം ഹീരാനന്ദാനി തന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. 2010,-ൽ ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിലെ  ലഫ്റ്റനന്റ് ജനറൽ ആയിരുന്ന  ജെഎഫ് ആർ ജേക്കബ് ഒരു ലേഖനത്തിൽ പറഞ്ഞത് ഗാസി അതിനുള്ളിൽ തന്നെ നടന്ന എന്തോ അപകടത്തിലാണ് മുങ്ങിയത്, ഇന്ത്യൻ നേവിക്ക് അതിൽ പങ്കുണ്ടായിരുന്നില്ല എന്നാണ്. തങ്ങളുടെ മുങ്ങിക്കപ്പലിനുള്ളിൽ ഉണ്ടായിരുന്ന Mark 14 എന്ന ടോർപിഡോ മിസൈൽ അതിനുള്ളിൽ  തന്നെ ഇരുന്ന് പൊട്ടിത്തെറിച്ചാണ് ഈ അപകടമുണ്ടായത് എന്നൊരു വിശദീകരണം ആണ് പാക് നേവിയിൽ നിന്ന് പിന്നീടുണ്ടായത്. എന്തായാലും അജ്ഞാതമായ ഏതോ കരണത്താലുണടായ സ്‌ഫോടനത്തിൽ ഗാസി എന്ന മുങ്ങിക്കപ്പൽ എന്നെന്നേക്കുമായി മുങ്ങിയതോടെ തകർന്നടിഞ്ഞത് പാക് നാവിക സേനയുടെ ആത്മവീര്യം കൂടി ആയിരുന്നു.  

1971 -ലെ യുദ്ധത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഓപ്പറേഷൻ ആയിരുന്നു ഇന്ത്യൻ നാവിക സേനയുടെഗൺ ബോട്ടുകൾ ചേർന്നുകൊണ്ട് കറാച്ചി തുറമുഖത്ത് നടത്തിയ ആക്രമണം. ഡിസംബർ നാലാം തീയതിയാണ്, ഗുജറാത്തിലെ ഓഖയിലെ നേവൽ പോർട്ടിൽ നിന്ന് നാല് സ്റ്റിക്സ് മിസൈലുകൾ( Styx missiles ) വീതം വഹിച്ചുകൊണ്ട്  മൂന്ന് ഇന്ത്യൻ ഗൺ ബോട്ടുകൾ, പാകിസ്താന്റെ നാവിക ആസ്ഥാനം സ്ഥിതി ചെയ്തിരുന്ന കറാച്ചി തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നു. അവരുടെ നാവികസേനയുടെ ഫ്‌ലീറ്റിന്റെ സിംഹഭാഗവും ഈ തുറമുഖത്തിന്റെ പരിസരത്താണ് നങ്കൂരമിട്ടു കിടന്നിരുന്നത് എന്നതായിരുന്നു ഇങ്ങനെ ഒരു ഓപ്പറേഷൻ നടത്താൻ ഇന്ത്യൻ നേവിയെ പ്രേരിപ്പിക്കുന്നത്. പാകിസ്താന്റെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും നടന്നിരുന്ന കറാച്ചി തുറമുഖം കുറച്ച് ആഴ്ചകൾ പോലും അടഞ്ഞു കിടന്നാൽ അത് പാകിസ്താന് ക്ഷീണമാവും എന്നതും മറ്റൊരു കാരണമായിരുന്നു. എന്നുമാത്രമല്ല, കിഴക്കൻ പാകിസ്താനിലെ ചിറ്റഗോംഗിലേക്കുള്ള പ്രധാന സപ്പോർട്ട് ബേസ് കൂടി ആയിരുന്നു കറാച്ചി ബേസ്. അതായത്, യുദ്ധകാലത്ത് വേണ്ട ഫുഡ് സപ്ലൈ, ആയുധങ്ങൾ, മറ്റുളള സപ്ലൈസ് ഒക്കെ കപ്പൽ കയറ്റി അയച്ചിരുന്നത് കറാച്ചി തുറമുഖത്തുനിന്നായിരുന്നു.  ഇങ്ങനെ ഒരു ആക്രമണം യുദ്ധകാലത്ത് പ്രതീക്ഷിക്കണം എന്നതുകൊണ്ട് തൊട്ടടുത്ത് തന്നെ രണ്ടു എയർ ഫീൽഡുകൾ കൂടി സ്ഥാപിച്ച് വേണ്ട സംരക്ഷണം നൽകിയാണ് പാകിസ്ഥാൻ തുറമുഖം കാത്തിരുന്നത്. അതുകൊണ്ട് അതിനെ ആക്രമിക്കുക അത്ര എളുപ്പമുള്ള പണിയായിരുന്നുമില്ല.

ഈ ആക്രമണ ദൗത്യം അറിയപ്പെട്ടത് ഓപ്പറേഷൻ ട്രൈഡന്റ് എന്നാണ്. ഇതിൽ പങ്കെടുത്തത് നാല് മിസൈൽ ബോട്ടുകൾ,  രണ്ടു പേട്ട്യാ ക്‌ളാസ് കോർവെറ്റ് വാർ ഷിപ്പുകൾ എന്നിവയാണ്. ആക്രമണത്തിന്റെ മുൻ നിരയിൽ ഫോർവേർഡുകളായി മൂന്നു മിസൈൽ ബോട്ടുകൾ, നടുക്ക് കമ്യൂണിക്കേഷൻ ആൻഡ് റഡാർ സപ്പോർട്ട് നല്കാൻ രണ്ടു കോർവേറ്റുകൾ, പിന്നിൽ ബാക്ക് അപ്പ് എന്ന നിലയ്ക്ക് ഒരു മിസൈൽ ബോട്ട്. ഇതായിരുന്നു അന്നത്തെ ആക്രമണത്തിന്റെ ഫോർമേഷൻ. ഡിസംബർ നാലിന് രാത്രിയോടെ  INS Kiltan and INS Katchall എന്നീ രണ്ടു കോർവെട്ടുകളും ചേർന്ന് മൂന്നു മിസൈൽ ബോട്ടുകളെ വലിച്ച് കറാച്ചി തുറമുഖത്തിന്റെ പുറം കടലിലെ ഒരു പോയിന്റിൽ എത്തിക്കുന്നു. നാലാമത്തെ ബാക്ക് അപ്പ് ബോട്ട് ഗുജറാത്തിലെ ദ്വാരക പരിസരത്ത് പട്രോളിംഗ് നടത്തുന്നു. കൊർവേറ്റുകൾ കൊണ്ടുചെന്നാക്കിയ പോയിന്റിൽ നിന്ന്, മൂന്നു മിസൈൽ ബോട്ടുകളും ഫുൾ സ്പീഡിൽ കറാച്ചി ലക്ഷ്യമിട്ടു കൊണ്ട് കുതിച്ചുചെല്ലുന്നു. അന്ന് രാത്രിയിൽ എപ്പോഴോ INS Nirghat, എന്ന അതിലെ ഒരു മിസൈൽ ബോട്ട് ദൂരെയെങ്ങോ ഒരു പാകി യുദ്ധക്കപ്പൽ കാണുന്നു. PNS Khaibar. 10.45 അടുപ്പിച്ച് ആദ്യത്തെ മിസൈൽ ഫയർ ചെയ്യപ്പെടുന്നു. പിന്നാലെ രണ്ടാമത് ഒരു മിസൈൽ കൂടി. ആദ്യത്തെ യുദ്ധക്കപ്പൽ അതോടെ പൊട്ടിത്തകർന്നു കടലിൽ താഴുന്നു. PNS ഖൈബർ മുങ്ങിയപ്പോൾ അന്ന് ജലസമാധിയായത് അതിലെ 250 പാക് നാവികസേനാ ഉദ്യോഗസ്ഥർക്ക് കൂടിയാണ്.  

അടുത്ത ബോട്ട് INS Nipat, രണ്ടു ടാർഗെറ്റുകൾ കണ്ടെത്തുന്നു. ഓരോ കപ്പലിന് നേർക്കും ഓരോ മിസൈൽ വീതം തൊടുത്തു വിടുന്നു. MV Venus Challenger എന്ന വിയറ്റ്നാമിൽ നിന്ന് പാകിസ്ഥാനുവേണ്ടി ആയുധവുമായി എത്തിയ ചരക്കുകപ്പൽ ആദ്യത്തെ ടാർഗറ്റ് തകർന്നു കടലിൽ മുങ്ങുന്നു.  PNS Shah Jahan എന്ന പാക് യുദ്ധക്കപ്പൽ, രണ്ടാമത്തെ ടാർഗറ്റ്, അത്  മുങ്ങിയില്ല എങ്കിലും മിസൈൽ പതിച്ച് ഇനി തിരികെ റിപ്പയർ ചെയ്തെടുക്കാൻ പറ്റാത്ത വിധം നശിച്ചു പോവുന്നു. മൂന്നാം മിസൈൽ ബോട്ടായ INS Veer, അതിന്റെ മുന്നിലും ഒരു ടാർഗറ്റ് കണ്ടെത്തുന്നു. PNS Muhafiz എന്ന ഒരു പാക് പടക്കപ്പൽ. വീറിൽ നിന്ന് പുറപ്പെട്ട മിസൈൽ PNS Muhafiz നെ കടലിന്റെ അടിത്തട്ടിലേക്ക് എത്തിക്കുന്നു. അങ്ങനെ തങ്ങളെ ഏല്പിച്ച ജോലികൾ പൂർത്തിയാക്കി ആ സ്ട്രൈക്ക് ഫോഴ്‌സ് സംഘം ഓഖയിലെ തങ്ങളുടെ പ്രഭവ സ്ഥാനത്തേക്ക് തന്നെ മടങ്ങിച്ചെല്ലുന്നതോടെ സഫലമായത് ഓപ്പറേഷൻ ട്രൈഡന്റ് എന്ന   ശ്രമകരമായ ദൗത്യമായിരുന്നു.

ഈ യുദ്ധത്തിനിടെ ഇന്ത്യൻ നാവിക സേനയ്ക്കേറ്റ വലിയൊരു തിരിച്ചടിയായിരുന്നു ഐ എൻ എസ് ഖുക്രിയുടെ പതനം. പാക് നേവിയുടെ Daphné-class സബ്മറൈൻ ആയ PNS Hangor ആയിരുന്നു അതിനുത്തരവാദി. 3 December 1971 -ലെ പാക് ആക്രമണങ്ങൾക്ക് ശേഷം, ഇന്ത്യൻ നേവിയുടെ റഡാറുകൾ ഡിയു ഹാർബറിന്റെ തെക്കു പടിഞ്ഞാറായി 35 കിലോമീറ്റർ അകലെ ഒരു മുങ്ങിക്കപ്പലിന്റെ സാന്നിധ്യം തിരിച്ചറിയുന്നു. അന്ന് അതിനെ INTERCEPT ചെയ്യാൻ വേണ്ടി നിയോഗിക്കപ്പെടുന്നത്, വെസ്റ്റേൺ ഫ്‌ലീറ്റിന്റെ The 14th Frigate സ്ക്വാഡ്രൺ ആയിരുന്നു. ആ സ്ക്വാഡ്രൺ സാധാരണ Khukri, Kirpan, Kalveti, Krishna and Kuthar എന്നീ അഞ്ചു യുദ്ധ കപ്പലുകൾ ചേർന്ന ഒരു ഫോർമേഷൻ ആണ്. ഐഎൻഎസ് ഖുക്രിക്ക് അന്ന് ബ്രിഡ്ജിൽ ഉണ്ടായിരുന്ന 170/174 സോനാർ വഴി, PNS Hangor ന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്നില്ല. അതെ സമയം, ഖുക്രിയെ ഒരു ടാർഗറ്റ് ആയി ലോക്ക് ചെയ്തു കഴിഞ്ഞിരുന്ന HANGOR രണ്ടു ടോർപിഡോകൾ അതിനെ ലക്ഷ്യമാക്കി തൊടുത്തു വിട്ടു കഴിഞ്ഞിരുന്നു. അത് നേരെ ചെന്ന് കൊള്ളുന്നത് ഖുക്രിയുടെ ഓയിൽ ടാങ്കുകളുടെ ചുവടെയാണ്. രണ്ടേ രണ്ടു മിനിറ്റിനുള്ളിൽ ആ ഇന്ത്യൻ പടക്കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക് രണ്ടായി പിളർന്നു കൂപ്പുകുത്തുന്നു. അതോടെ ഇന്ത്യൻ നേവിക്ക് ഇന്നുവരെ നഷ്ടപ്പെട്ട ഒരേയൊരു പടക്കപ്പൽ എന്ന്  ഐഎൻഎസ് ഖുക്രി ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഈ ടോർപിഡോകൾ വന്നു പതിച്ചു പൊട്ടിത്തെറിച്ച നിമിഷം അതിൽ ആ സമയം ഓൺ ബോർഡ് ആയിരുന്ന, പതിനെട്ടു ഓഫീസർമാരും 176 സെയിലർമാരും അന്ന് വീരമൃത്യു വരിക്കുന്നു. ആ അപകടത്തെ അതിജീവിക്കാൻ ആറു ഓഫീസർമാർക്കും 61 സെയ്‌ലർമാർക്കും സാധിച്ചിരുന്നു.  കപ്പൽ മുങ്ങും എന്നുറപ്പായിട്ടും അതിന്റെ ബ്രിഡ്ജിലെ ക്യാപ്റ്റൻസ് ചെയറിൽ ഇരുന്ന് തന്റെ അവസാന സിഗരറ്റ് പുകച്ചു കൊണ്ട് അചഞ്ചലമായി ഇരുന്ന ക്യാപ്റ്റൻ മഹേന്ദ്ര നാഥ് മുല്ലയുടെ മുഖം   പിന്നീടൊരിക്കലും മാഞ്ഞിട്ടില്ല. അന്ന് രക്ഷപ്പെട്ടവരിൽ രാളായിരുന്ന റിട്ട കമ്മഡോർ എസ് എൻ സിംഗിന്റെ മനസ്സിൽ നിന്ന് ഇന്നും മാഞ്ഞിട്ടില്ല.   സുധീരമായ ഈ സേവനങ്ങൾക്കുള്ള അംഗീകാരമായി രാജ്യം മരണാനന്തരം മഹാ വീർ ചക്ര നൽകി ക്യാപ്റ്റൻ മഹേന്ദ്ര നാഥ് മുല്ലയെ രാജ്യം പിന്നീട ആദരിക്കുന്നുണ്ട്.

റഷ്യയുടെ ഇടപെടൽ

യുദ്ധം തുടങ്ങിയത് പാകിസ്ഥാൻ ആയിരുന്നു എങ്കിലും, അധികം വൈകാതെ തങ്ങൾ തുടങ്ങിയത് ഒരു തീക്കളിയാണ് എന്ന് അവർക്ക് ബോധ്യപ്പെടുന്നു. അതുകൊണ്ട് അവർ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര സമ്മർദ്ദം ചെലുത്തി ഇന്ത്യയെക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി പരിശ്രമിക്കുന്നു. അങ്ങനെയുള്ള സമ്മർദ്ദങ്ങൾ ഉണ്ടാവും എന്ന് നിശ്ചയമുണ്ടായിരുന്നതുകൊണ്ടുതന്നെ ഇന്ത്യൻ സൈന്യത്തിന് അതിന്റെ തലവന്മാർ ധാക്ക പിടിച്ചെടുക്കാൻ വേണ്ടി ആകെ കൊടുത്തിരുന്ന സമയം രണ്ടേ രണ്ടാഴ്ച മാത്രമായിരുന്നു,. അതുകൊണ്ട് അവർ ചിറ്റഗോങ്, ഖുർണ തുടങ്ങിയ സുപ്രധാന നഗരങ്ങൾ പിടിച്ചെടുക്കാതെ നേരെ ധാക്ക ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു.  

യുദ്ധം ഏതാണ്ട് അതിനെ പരിസമാപ്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, സോവിയറ്റ് ഇന്റലിജൻസ് ഞെട്ടിക്കുന്ന ഒരുവിവരം പുറത്തുവിടുന്നു.  വിമാനവാഹിനി കപ്പൽ ആയ HMS Eagle നയിക്കുന്ന ഒരു ബ്രിട്ടീഷ് നേവൽ ഫ്‌ളീറ്റ് ഇന്ത്യൻ സമുദ്രാതിർത്തി ലക്ഷ്യമിട്ടു നീങ്ങുന്നുണ്ട് എന്നതായിരുന്നു ആ രഹസ്യവിവരം. ഏതാണ്ട് അതെ സമയത്തു തന്നെ   അമേരിക്കൻ നേവിയുടെ സെവൻത് ഫ്‌ലീറ്റും യുദ്ധമേഖല ലക്ഷ്യമിട്ടു കുതിച്ചുവരുന്നുണ്ട് എന്നുള്ള വിവരം ഇന്ത്യൻ ഇന്റലിജൻസിനും കിട്ടുന്നു.  സാധാരണ ഗതിക്ക് ഏതൊരു രാജ്യത്തെയും പരിഭ്രമത്തിലാഴ്ത്താൻ ഈയൊരു സാഹചര്യം ധാരാളമാണ്.  എന്നിട്ടും ഇന്ത്യ അന്ന് പതറുന്നില്ല. 1970 -ൽ ഈ യുദ്ധം തുടങ്ങുന്നതിനൊക്കെ മുമ്പുതന്നെ ഇന്ത്യ റഷ്യയുമായി ഒരു രഹസ്യ ഉടമ്പടി ഒപ്പുവെച്ചിരുന്നു. അതിൻ പ്രകാരം, ഇത്തരത്തിൽ ഒരു സാഹചര്യം ഉടലെടുത്താൽ ഇന്ത്യയെ സഹായിക്കാൻ റഷ്യക്ക് ബാധ്യതയുണ്ടായിരുന്നു. ഇന്ത്യ ചെയ്യേണ്ടിയിരുന്ന ഒരേയൊരു കാര്യം, മോസ്‌കോയ്ക്ക് ഈ വിവരം അറിയിച്ചുകൊണ്ട് ഒരു രഹസ്യ കേബിൾ വിടുക. അത് UDANADI തന്നെ ഇന്ത്യ ചെയ്യുന്നു. അതോടെ ആക്ടിവേറ്റ് ചെയ്യപ്പെട്ടത് ഇൻഡോ സോവിയറ്റ് സെക്യൂരിറ്റി ട്രീറ്റിയിലെ രഹസ്യ പ്രോട്ടോക്കോൾ ആയിരുന്നു. റഷ്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ, 1970 മുതൽ  1975  വരെ റഷ്യൻ നേവിയുടെ പസിഫിക് ഫ്‌ലീറ്റിന്റെ കമാൻഡിങ് ഓഫീസർ ആയിരുന്ന Admiral Vladimir Kruglyakov പറഞ്ഞത് അന്ന് മോസ്‌കോ തങ്ങളുടെ നാവിക സേനയ്ക്ക് അമേരിക്കൻ ബ്രിടീഷ് കപ്പലുകളെ ഇന്ത്യൻ മിലിട്ടറി ഫ്‌ലീറ്റിനോട് അടുക്കാതെ സൂക്ഷിക്കാൻ വേണ്ട നിർദേശം നൽകുകയുണ്ടായി എന്നാണ്.  ഇന്ത്യയ്ക്ക് അന്ന് ആകെയുള്ളത് ഐഎൻഎസ് വിക്രാന്ത് എന്ന കണ്ടം ചെയ്യാറായ ഒരേയൊരു എയർക്രാഫ്റ്റ് കാരിയർ മാത്രമാണ്. ഡിസംബർ ഏഴോടെ യുദ്ധത്തിന്റെ ഭാഗമായ വിക്രാന്ത് കിഴക്കൻ പാകിസ്താന്റെ ചിറ്റാഗോങ്, കോക്സ് ബസാർ പ്രവിശ്യ ആക്രമിച്ച് യുദ്ധത്തിൽ പങ്കെടുക്കുന്നു. ഡിസംബർ 15 അമേരിക്കൻ വിമാനവാഹിനി കപ്പൽ ആയ യുഎസ്എസ് എന്റർപ്രൈസ് ഒരു നുക്ലീർ ടാസ്ക് ഫോഴ്സിനെയും നയിച്ചുകൊണ്ട് ബംഗാൾ ഉൾക്കടലിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരം വിക്രാന്തിന് കിട്ടുന്നു. പതിനഞ്ചാം  തീയതി രാത്രി മുഴുവൻ  
ഐഎൻഎസ് വിക്രാന്തും അതിലെ നാവികരും ഓഫീസർമാരും കാത്തിരുന്നത് തങ്ങളെക്കാൾ രണ്ടു തലമുറ പുരോഗമിച്ച യുഎസ്എസ് എൻറ്റർപ്രൈസിന്റെ വരവിനാണ്.  അവരോട് മുട്ടിനിൽക്കാൻ തങ്ങളുടെ പഴച്ചാണ് സിസ്റ്റത്തിന് സാധിക്കില്ല എന്നുള്ള തിരിച്ചറിവ് അവർക്ക് കൃത്യമായി ഉണ്ടായിരുന്നു. 

അന്നേദിവസം, അവിടെ ബംഗാൾ ഉൾക്കടലിൽ അരങ്ങേറുന്നത് ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ്. മുഖത്തോടുമുഖം കോർക്കാനിരുന്ന ഐഎൻഎസ് വിക്രാന്തിനും യുഎസ്എസ് എന്റർപ്രൈസിനും ഇടയിലേക്ക്, അവിചാരിതമായി വെള്ളത്തിനടിയിൽ നിന്ന് സോവിയറ്റ് അന്തർവാഹിനി ഫ്‌ളീറ്റ് പൊന്തിവരുന്നു.   ഇങ്ങനെ ഒരു റഷ്യൻ സാന്നിധ്യം ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷം തന്നെ അമേരിക്കൻ ഫ്‌ളീറ്റ് അത് അത്രയും നേരം തുടർന്നുവന്ന ദിശ മാറ്റി ബംഗ്ലാദേശ് തീരത്തുനിന്ന് പിന്മാറുന്നു.

അവസാനത്തെ അടി

ഡിസംബർ 11 -നു പട്ടാപ്പകൽ വെളിച്ചത്തിൽ ധാക്കയ്ക്കടുത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഒരു പാരബറ്റാലിയൻ എയർ ഡ്രോപ്പ് ചെയ്യപ്പെടുന്നു. അവർ വന്നിറങ്ങിയതും മുക്തി ബാഹിനി പോരാളികളും നാട്ടുകാരും അവരെ ആർപ്പുവിളികളോടെ സ്വീകരിക്കുന്നു. ധാക്കയുടെ പുറം ഗ്രാമങ്ങളിലൂടെ ഇന്ത്യൻ കരസേനാ, ആകാശത്തുകൂടി ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി കടൽ വഴി. ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കിഴക്കൻ പാകിസ്ഥാനിൽ വർധിച്ചു വന്നിട്ടും, ഒരു ലക്ഷത്തോളം വരുന്ന പാക് സൈന്യം പല പട്ടണങ്ങളും കേന്ദ്രീകരിച്ച് പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവർക്ക് ഈ യുദ്ധം കഴിയുന്നത്ര നീട്ടിക്കൊണ്ടു പോയി ഇന്ത്യയെ ബുദ്ധിമുട്ടിക്കുക എന്ന ഒരേയൊരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിഴക്കൻ പാകിസ്താനിലെ  ഭരണകൂടത്തിന് ഏറ്റവും നോവുന്ന എവിടെയെങ്കിലും അതിനാടകീയമായ ഒരടി അത് പറ്റിക്കേണ്ടത് യുദ്ധം തീരാൻ അത്യാവശ്യമായിരുന്നു. ഡിസംബർ 14 -ന് ഇന്ത്യൻ എയര്ഫോഴ്സിന് മുക്തി ബാഹിനിയുടെ ലോക്കൽ ഇന്റലിജൻസിൽ നിന്ന് വളരെ നിർണായകമായ ഒരു വിവരം കിട്ടുന്നു. അന്ന് രാവിലെ ഗവർണറുടെ ബംഗ്ലാവിൽ കിഴക്കൻ പാകിസ്താനിലെ അവശേഷിക്കുന്ന ഭരണകൂടത്തിന്റെ അതി നിർണായകമായ ഒരു മീറ്റിംഗ് നടക്കാൻ പോവുന്നു എന്നതായിരുന്നു ആ രഹസ്യ വിവരം. ഗോഹട്ടിയിലെ ഇരുപത്തെട്ടാം സ്ക്വാഡ്രനിൽ നിന്ന് ടെക്ക് ഓഫ് ചെയ്ത നാല് മിഗ് 21 പോർ വിമാനങ്ങൾക്ക് ഗവർണറുടെ ബംഗ്ലാവ് ആക്രമിക്കാൻ വേണ്ട നിർദേശം നൽകപ്പെട്ടു. കൃത്യമായിത്തന്നെ ഗവർണറുടെ ബംഗ്ലാവ് മിസൈലുകളാൽ തകർക്കപ്പെട്ടു. ആകെ ഭയന്ന് വിറച്ചുപോയ ഗവർണർ ആ നിമിഷം തന്നെ രാജിവെക്കുകയും, ഐക്യരാഷ്ട്ര സഭയുടെ കൊടിയുടെ സമാധാനബലത്തിൽ ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ അഭയം തേടുകയും ചെയ്തു. ആയ ഒരൊറ്റ നിമിഷം തൊട്ട് കിഴക്കൻ ബംഗാളിലെ പാക് ഭരണത്തിന് തിരശീല വീഴുകയായിരുന്നു. അതിനു പിന്നാലെ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുന്നത് 93,000  പാകിസ്താനി ഭടന്മാരാണ്.  1971 ഡിസംബർ 16 - ഇന്ത്യൻ സമയം വൈകുന്നേരം നാലര മണിക്ക്  ലെഫ്റ്റനന്റ് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി, ലഫ്റ്റനന്റ് ജനറൽ ജഗ്ജീത് സിംഗ് അറോഡ എന്നിവർ തമ്മിൽ ഒപ്പുവെച്ച ഉടമ്പടി പാകിസ്താന്റെ പരാജയത്തിന്റെ ചരിത്ര രേഖയായി മാറുന്നു.

യുദ്ധാനന്തരം

പാകിസ്ഥാൻ എന്ന രാജ്യം അതിന്റെ ഭാഗമായിരുന്ന കിഴക്കൻ പാകിസ്താനോട് തുടർച്ചയായി വെച്ചുപുലർത്തിയ ചിറ്റമ്മ നയത്തിന്റെ, കോളനി ട്രീട്മെന്റിന്റെ ഫലമാണ് 1971 -ൽ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ. അവയെ ക്രൂരമായി അടിച്ചമർത്തിക്കൊണ്ട് പാകിസ്ഥാൻ പ്രവർത്തിച്ച കൊടും ക്രൂരതകളാണ് പ്രശ്നത്തിൽ ഇന്ദിര ഗാന്ധി വളരെ ശക്തമായിത്തന്നെ ഇടപെടാൻ തീരുമാനിക്കുന്നത്. ഇന്ത്യയുടെ സൈനിക ശേഷിയെ വല്ലാതെ വിലകുറച്ചു കണ്ട പാകിസ്ഥാൻ ആ യുദ്ധത്തിൽ വളരെ നാണം കേട്ട ഒരു തോൽവിയിലേക്കാണ് വളരെ പെട്ടന്നുതന്നെ വഴുതി വീണുകളഞ്ഞത്. യുദ്ധത്തിലെ തോൽവിക്ക് ശേഷം 1972 -ൽ സുൾഫിക്കർ അലി ഭൂട്ടോയും ഇന്ദിര ഗാന്ധിയും ചേർന്ന് ഷിംല കരാറിൽ ഒപ്പുവെച്ച ശേഷമാണ് യുദ്ധത്തിൽ തടവുകാരായി പിടിച്ച 93.000 പാക് ഭടന്മാരെ ഇന്ത്യ മോചിപ്പിക്കുന്നത്. എഴുപത്തൊന്നിലെ യുദ്ധം കിഴക്കുള്ള പാക് സാന്നിധ്യം അവസാനിപ്പിച്ച് ആ അതിർത്തി താരതമ്യേന ശാന്തമാക്കി നിലനിർത്തുന്നതിൽ ഒരാളുവരെ സഹായകരമായിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല.എങ്കിലും , അന്ന് യുദ്ധത്തിൽ സംശയാതീതമായിത്തന്നെ വിജയിച്ചിട്ടും, പാകിസ്താനെ ഡിക്റ്റേറ്റു ചെയ്യാനോ , ഷിംല കരാറിലെ നിബന്ധനകൾ ഇന്ത്യയുടെ ഹിതത്തിന് ഉതകുന്നവയാണ് എന്നുറപ്പിക്കാനോ നമ്മുടെ നയതന്ത്രജ്ഞർക്ക് കഴിഞ്ഞില്ല.  പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്ന സുപ്രധാന നിബന്ധന കാർഗിലിൽ അടക്കം പലവട്ടം ലംഘിച്ചിട്ടും യാതൊരു വിധ പ്രത്യാഘാതങ്ങളും അതിന്റെ പേരിൽ പാകിസ്താന് നേരിടേണ്ടി വന്നിട്ടില്ല.  ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം നിലവിൽ വന്നിട്ടും അഭയാർഥികളുടെ കുത്തൊഴുക്ക് നിർബന്ധം തുടർന്നുകൊണ്ട് ഇരിക്കുകയാണ്. NRC യുടെ പേരിൽ അസമിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവാനുള്ള ഒരു പ്രധാന കാരണം ഇന്നും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹമാണ്.  അതുകൊണ്ട് ബംഗ്ലാദേശിന്റെ പേരിൽ പാകിസ്താനുമായി ഇങ്ങനെ ഒരു യുദ്ധത്തിന് ഇറങ്ങിപുറപ്പെട്ടതുകൊണ്ട്, അത് എല്ലാ  അർത്ഥത്തിലും വിജയിച്ചതുകൊണ്ടുപോലും, ഇന്ത്യക്ക് ഗുണമുണ്ടായിട്ടുണ്ടോ എന്നത് ഇന്നും ഒരു പ്രഹേളികയായിത്തന്നെ നിലകൊള്ളുകയാണ്. 

1971 യുദ്ധം പ്രമേയമായ വല്ലാത്തൊരു കഥയുടെ ലക്കം 

 

click me!