ട്വിസ്റ്റോട് ട്വിസ്റ്റ്; അച്ഛനെയും അമ്മയേയും തേടി യുവതി, തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു, പക്ഷേ അറിഞ്ഞില്ല

By Web Team  |  First Published Dec 2, 2024, 9:07 AM IST

തന്റെ അമ്മയെന്ന് വിശ്വസിക്കുന്ന സ്ത്രീയെ തമുന ബന്ധപ്പെട്ടു. അമ്മയെ വിളിച്ച തമുന തകർന്നുപോയി. ഒരിക്കലും താൻ ഇങ്ങനെയൊരു മകൾക്ക് ജന്മം നൽകി എന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല. മാത്രമല്ല, വളരെ മോശമായിട്ടാണ് തമുനയോട് സംസാരിച്ചതും.


ജീവിതം ചിലപ്പോൾ സിനിമയേക്കാൾ ട്വിസ്റ്റ് നിറഞ്ഞതാവുന്ന ചില അനുഭവങ്ങൾ നാം കണ്ടിട്ടുണ്ടാവും. അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല തമുന മുസെരിഡ്സെ എന്ന മാധ്യമപ്രവർത്തകയുടേത്. 

എല്ലാത്തിന്റെയും തുടക്കം തമുനയെ വളർത്തിയ, അവൾ അതുവരെ തന്നെ പ്രസവിച്ചതെന്ന് കരുതിയ സ്ത്രീ മരിച്ചതായിരുന്നു. അതിനുശേഷമാണ് വീട് വൃത്തിയാക്കുമ്പോൾ തന്റെ ജനന സർട്ടിഫിക്കറ്റ് അവളുടെ കയ്യിൽ കിട്ടുന്നത്. അതിൽ അവളുടെ പേര് അത് തന്നെയായിരുന്നെങ്കിലും ജനനത്തീയതി വ്യത്യാസമായിരുന്നു. 

Latest Videos

undefined

അതോടെ തന്നെ ദത്തെടുത്തതാണോ എന്ന സംശയം അവളിലുറച്ചു. അങ്ങനെ തന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ അവളൊരു ഫേസ്ബുക്ക് പേജ് തന്നെ ആരംഭിച്ചു. അതിന് മുമ്പ് അതുമായി ബന്ധപ്പെട്ട ചില്ലറ ​ഗവേഷണങ്ങളും അവൾ നടത്തിയിരുന്നു. ജോർ‌ജ്ജിയയിൽ നടന്ന വലിയൊരു അഴിമതിയുമായി ബന്ധപ്പെട്ടതായിരുന്നു ആ അന്വേഷണത്തിലെ അവളുടെ കണ്ടെത്തലുകൾ. 

വിറ്റത് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ

നവജാതശിശുക്കൾ മരിച്ചുവെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് അവരെ വിൽക്കുകയായിരുന്നു അന്ന് ജോർജ്ജിയയിൽ ചെയ്തിരുന്നത്. തന്റെ കണ്ടെത്തലുകൾക്ക് പിന്നാലെ അങ്ങനെയുള്ള ഒരുപാട് കുടുംബങ്ങളെ തമുന ഒന്നിപ്പിച്ചു. താനും ആ തട്ടിപ്പിന്‍റെ ഇരയാണോ എന്നും തമുന ആശങ്കപ്പെട്ടിരുന്നു.

എന്തായാലും, ഫേസ്ബുക്കിലെ അവളുടെ പോസ്റ്റുകൾ കണ്ട് ജോർജ്ജിയയിൽ നിന്നുള്ള ഒരു യുവതി അവളെ ബന്ധപ്പെട്ടു. തനിക്കറിയാവുന്ന ഒരു സ്ത്രീ ആ തീയതിയിൽ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടായിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്. കുഞ്ഞിന് ജന്മം നൽകിയ സ്ത്രീയുടെ പേരും പറഞ്ഞു. തമുന അവർക്കുവേണ്ടി ഓൺലൈനിൽ തിരഞ്ഞെങ്കിലും ഒരു വിവരവും ലഭ്യമായിരുന്നില്ല. ഒടുവിൽ അവൾ അവരെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു.

ആ സമയത്ത് നേരത്തെ വിവരം നൽകിയിരുന്ന സ്ത്രീ വീണ്ടും തമുനയെ ബന്ധപ്പെടുകയും ആ സ്ത്രീ തന്റെ ആന്റിയാണ് എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ടു. പക്ഷേ, അവർ ഒരു ഡിഎൻഎ ടെസ്റ്റിന് തയ്യാറായിരുന്നു. 

അമ്മയെ കണ്ടെത്തുന്നു, അച്ഛനേയും

ആ സമയത്ത് തന്റെ അമ്മയെന്ന് വിശ്വസിക്കുന്ന സ്ത്രീയെ തമുന ബന്ധപ്പെട്ടു. അമ്മയെ വിളിച്ച തമുന തകർന്നുപോയി. ഒരിക്കലും താൻ ഇങ്ങനെയൊരു മകൾക്ക് ജന്മം നൽകി എന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല. മാത്രമല്ല, വളരെ മോശമായിട്ടാണ് തമുനയോട് സംസാരിച്ചതും. പക്ഷേ, ഡിഎൻഎ ടെസ്റ്റിന്റെ ഫലം പൊസിറ്റീവായിരുന്നു. അതോടെ ആ സ്ത്രീക്ക് താനാണ് അവളുടെ അമ്മ എന്ന് സമ്മതിക്കേണ്ടി വന്നു.

അപ്പോഴും, അവളുടെ അമ്മയ്ക്ക് മാത്രം മറുപടി പറയാൻ സാധിക്കുന്ന ഒരു ചോദ്യം തമുനയുടെ മനസിലുണ്ടായിരുന്നു, ആരാണ് തന്റെ അച്ഛൻ? ആ രഹസ്യവും അമ്മ അവളോട് വെളിപ്പെടുത്തി. പിന്നീട് അച്ഛന് വേണ്ടിയുള്ള തിരച്ചിലായിരുന്നു. അവിടെയായിരുന്നു അടുത്ത ട്വിസ്റ്റ്. അതൊരു വൻ ട്വിസ്റ്റ് തന്നെയായിരുന്നു. അവളുടെ അച്ഛനായ ഗുര്‍ഗന്‍ കൊറാവ എത്രയോ കാലമായി അവളുടെ ഫേസ്ബുക്ക് ഫ്രണ്ടായിരുന്നു. 

അത്രയും കാലം തന്റെ വെറുമൊരു ഫേസ്ബുക്ക് ഫ്രണ്ടായിരുന്നയാൾ തന്റെ പിതാവാണ് എന്നറിഞ്ഞ തമുന ഞെട്ടിപ്പോയി. ഒടുവിൽ അച്ഛനും മകളും സംസാരിച്ചു, കണ്ടുമുട്ടി. 'തന്നെ നേരിൽ കണ്ട നിമിഷം തന്നെ അച്ഛന് തന്നെ തിരിച്ചറിയാനായി' എന്നാണ് തമുന പറഞ്ഞത്. തമുനയുടെ അമ്മ ​ഗർഭിണിയായിരുന്ന കാര്യം പോലും താൻ അറി‍‌ഞ്ഞിട്ടില്ല എന്നായിരുന്നു കൊറാവ പറഞ്ഞത്. പിതാവിന്റെ എല്ലാ കുടുംബാം​ഗങ്ങളേയും അവൾ കണ്ടു. അർദ്ധസഹോദരിമാരടക്കം ഒരുപാട് ബന്ധുക്കളുണ്ട് ഇന്നവൾക്ക്. 

അവസാനത്തെ ചോദ്യം

എന്നാൽ, അമ്മയോട് അവൾക്ക് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ടായിരുന്നു. ജോർജ്ജിയയിലെ ആയിരക്കണക്കിന് കുട്ടികളെ പോലെ താൻ മരിച്ചുവെന്ന് അമ്മയോട് കള്ളം പറഞ്ഞശേഷം ആരെങ്കിലും തന്നെ വിറ്റതാണോ എന്നതായിരുന്നു അത്. 

എന്നാൽ, അത് അങ്ങനെ ആയിരുന്നില്ല. തമുനയുടെ അച്ഛനുമായി അവളുടെ അമ്മ പ്രണയത്തിലായിരുന്നില്ല. അതൊരു ഹ്രസ്വമായ കണ്ടുമുട്ടലായിരുന്നു. ​ഗർഭിണിയായപ്പോൾ അപമാനം കൊണ്ട് അവരത് ആരോടും പറഞ്ഞില്ല. ഒടുവിൽ, ഒരു സർജറി എന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോയ അമ്മ അവിടെവച്ച് അവൾക്ക് ജന്മം നൽകി. ദത്ത് നൽകാനുള്ള എല്ലാം ശരിയാക്കി, അവളെ ഉപേക്ഷിച്ചാണ് തിരികെ വീട്ടിലെത്തിയത്. 

എന്നാൽ, ഈ സത്യം ആരോടും പറയരുതെന്നും പകരം അമ്മയോട് കുഞ്ഞ് മരിച്ചെന്ന് കള്ളം പറഞ്ഞ് വിറ്റതാണ് തന്നെ എന്ന് പറയണമെന്നും അമ്മ തമുനയോട് ആവശ്യപ്പെട്ടു. സത്യം ആരോടെങ്കിലും പറഞ്ഞാൽ പിന്നീടൊരിക്കലും തമുനയോട് സംസാരിക്കില്ലെന്നും അവർ പറഞ്ഞു. 

എന്നാൽ, തമുന അങ്ങനെ ഒരു കള്ളം പറയാൻ ഒരുക്കമായിരുന്നില്ല. അത് മരിച്ചുവെന്ന് കള്ളം പറഞ്ഞ് വിൽക്കപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്ന് തോന്നിയ തമുന തന്റെ കാര്യത്തിൽ ലോകത്തോട് സത്യം വെളിപ്പെടുത്തി. പറഞ്ഞതുപോലെ, പിന്നീടൊരിക്കലും അമ്മയായ സ്ത്രീ തമുനയോട് സംസാരിക്കാനോ അവളെ കാണാനോ കൂട്ടാക്കിയില്ല. 

ഒരു സാധാരണജീവിതം ജീവിക്കുകയായിരുന്ന തമുനയുടെ ജീവിതം മാറിമറിഞ്ഞത് ഒറ്റ നിമിഷം കൊണ്ടാണ്. എങ്കിലും, ഈ ട്വിസ്റ്റുകൾക്കെല്ലാം ഒടുവിലും അച്ഛനേയും ബന്ധുക്കളേയും കിട്ടിയ സന്തോഷത്തിലാണ് തമുനയിപ്പോൾ. 

വിശ്വസിക്കില്ല പക്ഷേ സത്യമാണ്; ബെല്‍ക്ക മടങ്ങിയില്ല, തണുത്തുറഞ്ഞ നദിയിൽ നിന്നും ഉടമ കയറിവരുന്നതും കാത്തിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!