മരിച്ച പെൺകുട്ടിയെ വിചാരണ ചെയ്യാൻ ജപ്പാൻ, മണ്ടത്തരത്തിന്റെ അങ്ങേയറ്റമെന്ന് ജനങ്ങൾ

By Web Team  |  First Published Dec 2, 2024, 1:35 PM IST

പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സൂചന ലഭിച്ചു, എന്നാൽ കാരണം വ്യക്തമല്ല.


മരിച്ചുപോയ പെൺകുട്ടിയെ വിചാരണ ചെയ്യാനൊരുങ്ങി ജപ്പാൻ. ആത്മഹത്യ ചെയ്യുന്നതിനിടെ മറ്റൊരു സ്ത്രീയുടെ മരണത്തിന് കാരണമായ 17 വയസ്സുകാരിയെ വിചാരണ ചെയ്യാനുള്ള ജാപ്പനീസ് അധികൃതരുടെ തീരുമാനം വലിയ വിവാദങ്ങൾക്കാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. 

ഓഗസ്റ്റ് 31 -ന് യോകോഹാമ സ്റ്റേഷന് മുകളിലുള്ള NEWoMan ഷോപ്പിംഗ് കോംപ്ലക്സിലാണ് ദാരുണമായ സംഭവം നടന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചിബ പ്രിഫെക്ചറിൽ നിന്നുള്ള പെൺകുട്ടി 12 -ാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. 

Latest Videos

undefined

ആ സമയത്ത് സുഹൃത്തുക്കളോടൊപ്പം അതുവഴി നടക്കുകയായിരുന്ന ചിക്കാക്കോ ചിബ എന്ന 32 -കാരിയുടെ മേലേക്കാണ് അവൾ വീണത്. ഇരുവരെയും ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, 17 -കാരി ഒരു മണിക്കൂറിനുള്ളിൽ മരിച്ചു. അന്ന് വൈകുന്നേരത്തോടെ ചിബയും മരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സൂചന ലഭിച്ചു, എന്നാൽ കാരണം വ്യക്തമല്ല. പിന്നാലെ, കുറ്റപത്രം രേഖപ്പെടുത്തണം എന്ന് ശുപാർശ ചെയ്ത് യോകോഹാമ പൊലീസ് കേസ് പ്രോസിക്യൂട്ടർമാർക്ക് സമർപ്പിക്കുകയായിരുന്നു. 

പെൺകുട്ടിക്ക് തൻ്റെ പ്രവൃത്തികൾ മറ്റുള്ളവർക്ക് ദോഷം ചെയ്യുമെന്ന് ന്യായമായും മനസ്സിലാക്കാൻ കഴിയുന്ന പ്രായമായിരുന്നു എന്ന് പൊലീസ് വാദിച്ചു. തൽഫലമായി, മരിച്ച പെൺകുട്ടിക്കെതിരെ 'മരണത്തിന് കാരണമായ ഗുരുതരമായ അശ്രദ്ധ' എന്ന കുറ്റം ചുമത്തിയതായിട്ടാണ് ഇപ്പോൾ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ NHK പറയുന്നത്. 

അതോടെയാണ് ആളുകൾ ഇതിനെതിരെ വിമർശനമുയർത്തിയത്. മരിച്ച പെൺകുട്ടിക്കെതിരെ കേസെടുത്തിട്ട് എന്താണ് കാര്യം, ഇത് പണം ദുർവിനിയോ​ഗം ചെയ്യലാണ് എന്നാണ് പ്രധാനമായും ആളുകൾ വിമർശിച്ചത്. എന്നാൽ, നിയമവിദ​ഗ്ദ്ധരിൽ പലരും പറയുന്നത്, ഈ കേസ് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി വർത്തിക്കും അതുകൊണ്ട് കേസെടുത്തതിൽ തെറ്റില്ല എന്നാണ്. 

അതേസമയം, ആ കുട്ടിയുടെ കുടുംബത്തെ എന്തിനാണ് ഇനിയും ഇങ്ങനെ വേദനിപ്പിക്കുന്നത്, അധികൃതരുടെ മണ്ടത്തരങ്ങൾക്ക് ഉദാഹരണമാണ് ഈ കേസ് എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. 

ട്വിസ്റ്റോട് ട്വിസ്റ്റ്; അച്ഛനെയും അമ്മയേയും തേടി യുവതി, തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു, പക്ഷേ അറിഞ്ഞില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!