'അന്യഗ്രഹ വസ്ത്രങ്ങള്‍' എന്നു വിശേഷിപ്പിച്ചാണ് നിര്‍ദ്ദിഷ്ട ബില്‍ ഹിജാബ് നിരോധിച്ചതെന്ന് താജിക്കിസ്ഥാന്‍ മാധ്യമമായ ഏഷ്യാപ്ലസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള മുന്‍ സോവിയറ്റ് രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബും കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'അന്യഗ്രഹ വസ്ത്രങ്ങള്‍' എന്നു വിശേഷിപ്പിച്ചാണ് നിര്‍ദ്ദിഷ്ട ബില്‍ ഹിജാബ് നിരോധിച്ചതെന്ന് താജിക്കിസ്ഥാന്‍ മാധ്യമമായ ഏഷ്യാപ്ലസ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ മെയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചത്. തുടര്‍ന്ന്, ജൂണ്‍ 19-ന് നിയമഭേദഗതി ഉപരിസഭയായ മജ്‌ലിസി മില്ലിയുടെ മുന്നിലെത്തി. തുടര്‍ന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. ഇതോടൊപ്പം, രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന 'ഇദി' ആഘോഷവും നിരോധിച്ചു. കുട്ടികള്‍ അടുത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് മുതിര്‍ന്നവരെ ആശീര്‍വദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം. ഇതടക്കം 35 നിയമഭേദഗതികളാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.
undefined
പുതിയ നിയമഭേദഗതി പ്രകാരം ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കും. വ്യക്തികള്‍ നിയമം ലംഘിച്ചാല്‍ 7,920 സോമോനി (62,398 രൂപ) പിഴ നല്‍കണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 39,500 സോമോനി ( 3,11,206 രൂപ) വരെയാകും പിഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അതിലും കൂടുതല്‍ പിഴ പണം നല്‍കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാര്‍ക്ക് 57,600 സോമോനിയും (4,53,809) പിഴ നല്‍കേണ്ടിവരും.
2007-ലാണ് താജിക്കിസ്താനില്‍ ആദ്യമായി ഹിജാബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ഇസ്‌ലാമിക പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തി. തുടര്‍ന്നാണ് ഹിജാബ് നിരോധനത്തിലേക്ക് പാര്‍ലമെന്റ് കടന്നത്. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബര്‍ട്ടിയുടെ താജിക് സര്‍വീസായ റേഡിയോ ഓസോഡിയില്‍ താജിക് മതകാര്യസമിതി മേധാവി സുലൈമാന്‍ ദവ്ലത്സോഡ പറഞ്ഞു.
സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ താജിക്കിസ്താന്‍ സ്വാതന്ത്ര്യം നേടി പുതിയ രാജ്യമായി മാറിയത്. 90 ശതമാനത്തിലേറെ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഈ രാജ്യത്ത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടക്കം മുതലേ നിലവിലുണ്ടായിരുന്നു. പഴയ സോവിയറ്റ് മൂല്യങ്ങള്‍ക്കും മതപാരമ്പര്യത്തിനും ഇടയില്‍ നില്‍ക്കുന്നതിന്റെ സംഘര്‍ഷങ്ങളാണ് ഈ രാജ്യത്തെ സജീവരാഷ്ട്രീയവിഷയം. ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികള്‍ക്ക് ആയിരുന്ന സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ആദ്യകാലങ്ങളില്‍ ഇവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. എന്നാല്‍, പിന്നീട്, മതേതരത്വത്തില്‍ ഊന്നല്‍ നല്‍കിയ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ മുന്‍തൂക്കം ലഭിച്ചു. തൊട്ടടുത്തു കിടക്കുന്ന അഫ്ഗാനിസ്താന്‍ താലിബാന്റെ കീഴില്‍ സമ്പൂര്‍ണ്ണ മതരാഷ്ട്രമായി മാറിയ സാഹചര്യത്തില്‍, ഇസ്‌ലാമിക പാര്‍ട്ടികളെ താജിക് ഭരണകൂടം അടിച്ചമര്‍ത്തുകയും ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
ഹിജാബ് അടക്കമുള്ള ഇസ്ലാമിക വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള മിനിസ്‌കേര്‍ട്ടുകളും നിരോധിച്ച് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി രംഗത്തെത്തിയത് 2007 -ലാണ്. ഈ നിയന്ത്രണം പിന്നീട് എല്ലാ പൊതു സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. അക്കാലത്ത് നിയമ ലംഘനം പിടികൂടാന്‍ പോലീസ് മാര്‍ക്കറ്റുകളില്‍ റെയ്ഡുകള്‍ പോലും നടത്തി. ഹിജാബിനും മിനി സ്‌കേര്‍ട്ടിനും നിരോധനമുണ്ടെങ്കിലും സര്‍ക്കാര്‍ തദ്ദേശീയ താജിക് വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. 2018 ല്‍ താജിക്കിസ്ഥാനില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ വ്യക്തമാക്കുന്ന 376 പേജുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പുരുഷന്മാര്‍ക്ക് താടി വളര്‍ത്തുന്നതിലും ഇവിടെ നിയന്ത്രണമുണ്ട്. പോലീസ് നിരവധി യുവാക്കളുടെ താടി നിര്‍ബന്ധപൂര്‍വ്വം വടിപ്പിച്ച സംഭവം 2016-ല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.