ചെയ്യാത്ത കുറ്റത്തിന് 40 കൊല്ലം ജയിലിൽ, 64 -കാരി നിരപരാധിയെന്ന് കോടതി

By Web Team  |  First Published Jun 20, 2024, 2:34 PM IST

ഹെമ്മെയാണ് കുറ്റം ചെയ്തത് എന്ന് പറയാനുണ്ടായ ഒരേയൊരു കാരണം അവളുടെ മൊഴിയാണ്. എന്നാൽ, ആ സമയത്ത് അവൾ മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല എന്നും മരുന്ന് കഴിക്കുന്ന അവസ്ഥയിലായിരുന്നു എന്നുമാണ് പറയുന്നത്.


ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളോളം ജയിലിൽ കിടന്ന് ഒടുവിൽ നിരപരാധിയാണ് എന്ന് തെളിയിക്കപ്പെട്ട് പുറത്തിറങ്ങുന്നവരുണ്ട്. യുഎസ്സിന്റെ ചരിത്രത്തിൽ തന്നെ അങ്ങനെ ഏറ്റവുമധികം കാലം ജയിലഴികൾക്കുള്ളിൽ കഴിഞ്ഞ സ്ത്രീയാണ് സാന്ദ്ര ഹെമ്മെ എന്ന 64 -കാരി. 

ഹെമ്മെ ചെയ്യാത്ത കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞത് നാല് പതിറ്റാണ്ടുകളാണ്. അവരിപ്പോൾ നിരപരാധിയാണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിരപരാധിയാണ് എന്ന് തെളിഞ്ഞെങ്കിലും ഹെമ്മെ ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. മാനസികമായി പ്രശ്നമുള്ള ആളായിരുന്നു ഹെമ്മെ. അവളുടെ നിരപരാധിത്വം വ്യക്തവും നിസ്സന്ദേഹവുമാണ് എന്നാണ് ജഡ്ജി പറഞ്ഞത്. 

Latest Videos

undefined

എന്നാൽ, പ്രോസിക്യൂട്ടർമാർ ഈ തീരുമാനത്തിനെതിരെ അപ്പീൽ പോവുകയായിരുന്നു. ഹെമ്മെയെ ജയിലിൽ തന്നെ പാർപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇവർ അപകടകാരിയാണെന്നും മുൻപ് ജയിലിൽ സഹതടവുകാരെ അക്രമിച്ചു എന്നുമാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. അതേസമയം, കൊലപാതകം നടത്തിയത് ഒരു പൊലീസുകാരനാണ് എന്നതിലേക്കാണ് തെളിവുകൾ വിരൽ ചൂണ്ടുന്നത് എന്നും ഹെമ്മെയെ വെറുതെ വിടണം എന്നുമാണ് അവളുടെ അഭിഭാഷകർ വാദിച്ചത്. 

ഹെമ്മെയാണ് കുറ്റം ചെയ്തത് എന്ന് പറയാനുണ്ടായ ഒരേയൊരു കാരണം അവളുടെ മൊഴിയാണ്. എന്നാൽ, ആ സമയത്ത് അവൾ മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല എന്നും മരുന്ന് കഴിക്കുന്ന അവസ്ഥയിലായിരുന്നു എന്നുമാണ് പറയുന്നത്. സാഹചര്യത്തെളിവുകളൊന്നും തന്നെ ഹെമ്മെയുടെ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. 

1980 -ൽ മിസോറിയിലെ സെൻ്റ് ജോസഫിലുള്ള പട്രീഷ്യ ജെഷ്‌കെ എന്ന ലൈബ്രറി പ്രവർത്തകയെ കൊന്നതായിരുന്നു ഹെമ്മെയ്ക്കെതിരെയുള്ള കേസ്. ഹെമ്മെയ്ക്ക് അവരെ അറിയുക പോലുമില്ലായിരുന്നു എന്നും നേരത്തെ നേരിൽ കണ്ടിട്ടുപോലുമില്ലായിരുന്നു എന്നും പറയുന്നു. മാത്രമല്ല, ജെഷ്കെയെ കൊല്ലാൻ തക്കതായ ഒരു കാര്യവും ഹെമ്മെയ്ക്കില്ല എന്നും പറയുന്നു. 

അതേസമയം, പുനരന്വേഷണത്തിൻ്റെ സാധ്യതയെക്കുറിച്ച് ബുക്കാനൻ കൗണ്ടി പ്രോസിക്യൂട്ടർമാർ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

tags
click me!