'ഞങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ആളുകൾ എൻ്റെ കുടുംബത്തെ അതിലേക്ക് വലിച്ചിഴക്കുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നത്. എൻ്റെ പങ്കാളി വളരെ കരുതലുള്ളയാളാണ്. എൻ്റെ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു.'
സ്വവർഗാനുരാഗികളെ ഇന്ത്യൻ സമൂഹം ഇന്നും പൂർണമായും അംഗീകരിച്ചിട്ടില്ല. പലപ്പോഴും സമൂഹത്തിൽ നിന്നും വലിയ തരത്തിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഭീഷണികളും ഇവർക്ക് കേൾക്കേണ്ടി വരാറുണ്ട്. അതുപോലെ, തങ്ങളുടെ വിവാഹത്തിന് പിന്നാലെ വീട്ടുകാരെപ്പോലും പരിഹസിച്ചതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഗുഡ്ഗാവിൽ വിവാഹിതരായ സ്വവർഗദമ്പതികൾ അഞ്ജു ശർമ്മയും കവിത തപ്പുവും.
നാല് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് അടുത്തിടെ ഇരുവരും ഗുഡ്ഗാവിൽ വിവാഹിതരായത്. വിവാഹങ്ങൾക്കുണ്ടാകുന്ന ഹൽദിയും വരമാലയും അടക്കം ചടങ്ങുകളോടെ തന്നെയാണ് ഇരുവരും വിവാഹിതരായത്. ഈ വർഷം ഏപ്രിലിലാണ് ഇവർ 'ഫൈനലി' എന്ന കാപ്ഷനോടെ വിവാഹത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
undefined
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ദമ്പതികൾ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അഭിമുഖം നൽകിയിരുന്നു. അതിലവർ തങ്ങളുടെ പ്രണയകഥയെ കുറിച്ച് വെളിപ്പെടുത്തി. ഒപ്പം തന്നെ തങ്ങൾ ഒരു കുട്ടിയെ ദത്തെടുക്കാൻ ആലോചിക്കുന്നതിനെ കുറിച്ചും ഇരുവരും പറഞ്ഞിരുന്നു.
“ഞങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ആളുകൾ എൻ്റെ കുടുംബത്തെ അതിലേക്ക് വലിച്ചിഴക്കുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നത്. എൻ്റെ പങ്കാളി വളരെ കരുതലുള്ളയാളാണ്. എൻ്റെ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായി. ഭാവിയിൽ അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കുടുംബങ്ങൾക്ക് ഞങ്ങളെ മനസ്സിലാക്കാനായി എന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്” എന്ന് തപ്പു എഎൻഐയോട് പറഞ്ഞു.
തപ്പു ഒരു മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നോക്കുകയായിരുന്നു. എന്നാൽ, ഇരുവർക്കുമുള്ളത് താൻ സമ്പാദിക്കുമെന്ന് കവിത പറഞ്ഞതോടെ ആ ജോലി അവൾ ഉപേക്ഷിച്ചിരിക്കുകയാണ്. ടിവി സീരിയൽ ആർടിസ്റ്റാണ് കവിത. കവിത തപ്പുവിനെ ഒരിക്കൽ മേക്കപ്പിന് വേണ്ടി ക്ഷണിച്ചതാണ്. 22 ദിവസം അന്ന് തപ്പു അവൾക്കൊപ്പം താമസിച്ചിരുന്നു. അവൾക്ക് നല്ല പെരുമാറ്റമായിരുന്നു എന്നും തന്റെ അമ്മയ്ക്കും അവളുടെ സ്വഭാവം ഇഷ്ടമായി എന്നും കവിത പറയുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹിതരാവാൻ തീരുമാനിക്കുന്നതും.
നാല് വർഷത്തോളം ഒരുമിച്ച് താമസിച്ച ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ചടങ്ങുകൾ നടത്തിയെങ്കിലും സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമപരമല്ലാത്തതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല.