എന്താണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു ജീവി മൃഗശാലയുടെ വേലിക്ക് അടുത്ത് നിൽക്കുന്നതായിരുന്നു ചിത്രം. ഇതിന്റെ വീഡിയോകളൊന്നും തന്നെ ലഭ്യമായിരുന്നില്ല. ഈ ഒരു ചിത്രം മാത്രമാണ് എല്ലായിടത്തും പ്രചരിച്ചത്.
പലതരത്തിലുള്ള വിചിത്രങ്ങളായ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അതുപോലെ തികച്ചും വിചിത്രമായ ഒരു ജീവിയുടെ രൂപം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതിന്റെ പിന്നാലെയാണ് ടെക്സാസിലെ ഒരു മൃഗശാല. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഈ ജീവി ഏതാണ് എന്ന് കണ്ടെത്താൻ ഇന്നും സാധിച്ചിട്ടില്ല.
അമറില്ലോ നഗരത്തിലെ അമറില്ലോ മൃഗശാലയിലെ സിസിടിവിയിലാണ് ഈ വിചിത്രജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. 2022 -ലാണ് ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇത് എന്ത് ജീവിയുടെ ദൃശ്യമാണ് എന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നാണ് ഇപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെയ് 21 -ന് പുലർച്ചെയിലെ ദൃശ്യമായിരുന്നു പ്രചരിച്ചിരുന്നത്. എന്താണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു ജീവി മൃഗശാലയുടെ വേലിക്ക് അടുത്ത് നിൽക്കുന്നതായിരുന്നു ചിത്രം. ഇതിന്റെ വീഡിയോകളൊന്നും തന്നെ ലഭ്യമായിരുന്നില്ല. ഈ ഒരു ചിത്രം മാത്രമാണ് എല്ലായിടത്തും പ്രചരിച്ചത്. കഴിഞ്ഞ ജൂൺ അവസാനമാണ് മൃഗശാല ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ, ചിത്രം അതിവേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അനേകം പേർ ചിത്രം ഷെയർ ചെയ്തു. എന്നാൽ, ചിത്രത്തിലുള്ള ജീവിയെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നതല്ലാതെ ഇത് എന്താണ് എന്നതിനെ കുറിച്ച് കൃത്യമായി ഒരു ഉത്തരം കണ്ടെത്താൻ ആർക്കും സാധിച്ചില്ല. 'Unidentified Amarillo Object' അല്ലെങ്കിൽ UAO എന്ന് ആളുകൾ ഇതിനെ കുറിച്ച് പറയാൻ തുടങ്ങി. അന്ന് തൊട്ട് തുടങ്ങിയ അന്വേഷണമാണ് എങ്കിലും ഇന്നും അത് എന്താണ് എന്ന് കണ്ടെത്താൻ സാധിക്കാതെ കുഴയുകയാണ് മൃഗശാല.