എലോണ്‍ മസ്ക് തന്‍റെ സമൂഹ മാധ്യമം വഴി, ട്രംപിനെ കുറിച്ച് നിരന്തരം തെറ്റായ വിവരങ്ങളാണ് പങ്കുവച്ചത്. ഇത്തരം തെറ്റായ വിവരങ്ങളാണ് തന്‍റെ പ്രവചനം തെറ്റിച്ചതെന്നും അലന്‍ ലിച്മാന്‍ പറഞ്ഞു.
പ്രവചിച്ച പത്ത് തെരഞ്ഞെടുപ്പുകളില്‍ ഒമ്പതും കൃത്യം. പാളിപ്പോയ ഒന്നാകട്ടെ കോടതി വിധിയിലും. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രവചകനായ പ്രൊഫസറായ അലന്‍ ലിച്മാന്‍ അറിയപ്പെടുന്നത് തന്നെ യുഎസിന്‍റെ നോസ്ട്രഡാമസ് എന്നാണ്. പക്ഷേ, ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രവചനവും അലന്‍ ലിച്‍മാന് പിഴച്ചു. കമലാ ഹാരിസ് വിജയിക്കുമെന്നും യുഎസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റാകുമെന്നുമായിരുന്നു അലന്‍ ലിച്‍മാന്‍റെ പ്രവചനം. അദ്ദേഹത്തിന്‍റെ മാത്രമല്ല. മിക്ക എക്സിറ്റ് പോളുകളും കമലയ്ക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി യുഎസിന്‍റെ 47-ാമത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപും.
തന്‍റെ തെരഞ്ഞെടുപ്പ് പ്രവചനം തെറ്റാന്‍ കാരണം തെറ്റായ വിവരങ്ങളാണെന്ന് അലന്‍ ലിച്‍മാന്‍ അവകാശപ്പെട്ടു. ചരിത്രകാരനും രാഷ്ട്രീയ ശാസ്ത്രജ്ഞനുമായ അദ്ദേഹം ന്യൂസ് നാഷനുമായുള്ള ആശയവിനിമയത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. "ഒന്ന്, തെറ്റായ വിവരങ്ങൾ. ഞങ്ങൾക്ക് എല്ലായ്പ്പോഴും തെറ്റായ വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്. തെറ്റായ വിവരങ്ങൾ അഭൂതപൂർവമായ അളവിലാണ് സംഭവിച്ചത്. " അദ്ദേഹം ഔട്ട്ലെറ്റിനോട് പറഞ്ഞു. ഒപ്പം ട്രംപിന്‍റെ സുഹൃത്തായ എലോണ്‍ മസ്ക് തന്‍റെ എക്സ് സമൂഹ മാധ്യമം ഉപയോഗിച്ച് ട്രംപിനെ മികച്ച സ്ഥാനാർത്ഥിയായി ചിത്രീകരിച്ചു. മസ്ക് ട്രംപിന് പരസ്യമായി പിന്തുണ പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ചില പ്രചാരണ റാലികളിൽ പങ്കെടുക്കുകയും ചെയ്തു. കുടിയേറ്റം, ചുഴലിക്കാറ്റ് ദുരിതാശ്വാസം, യുക്രൈന്‍ യുദ്ധം തുടങ്ങിയ പ്രശ്നങ്ങൾ അട്ടിമറിക്കാനും തന്‍റെ സമൂഹ മാധ്യമം വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ടെസ്ല സിഇഒയ്ക്ക് കഴിഞ്ഞുവെന്ന് ലോച്ച്മാൻ ആരോപിച്ചു.
undefined
ഇത്തവണ കമലയ്ക്കൊപ്പം; പത്തില്‍ ഒമ്പത് യുഎസ് തെരഞ്ഞെടുപ്പും പ്രവചിച്ച അലൻ ലിക്ട്മൻ ആരാണ്?
മറ്റ് പ്രവചനങ്ങളില്‍ നിന്നും വ്യത്യസ്തമായി ശരി / തെറ്റ് എന്ന ഉത്തരം നല്‍കാന്‍ കഴിയുന്ന 13 താക്കോൽ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലിച്‍മാന്‍റെ പ്രവചനങ്ങള്‍. യുക്തിസഹവും പ്രായോഗികവുമായ വോട്ടർമാർ ആരാണ് വൈറ്റ് ഹൗസ് ഭരിക്കാൻ പര്യാപ്തരെന്ന് തീരുമാനിക്കുന്നതാണ് താക്കോൽ ചോദ്യങ്ങളുടെ അടിസ്ഥാനം. എന്നാൽ വൈറ്റ് ഹൗസ്, പാർട്ടിയുടെ കാഴ്ചപ്പാടുകൾ തെറ്റായ വിവരങ്ങളാൽ നിയന്ത്രിക്കപ്പെടുകയാണെങ്കിൽ, പ്രത്യേകിച്ചും മറ്റാരെക്കാളും അസാധാരണമായ സ്വാധീനമുള്ള സമ്പന്നരാണ് അവരെ നയിക്കുന്നതെങ്കിൽ, താക്കോലുകളുടെ അടിസ്ഥാനം മാറ്റേണ്ടതുണ്ടെന്നും ലിച്റ്റ്മാൻ കൂട്ടിചേര്‍ത്തു. 1984 മുതലുള്ള എല്ലാ യുഎസ് തെരഞ്ഞെടുപ്പിലും ലിച്‍മാന്‍ പ്രവചനം നടത്തിയിരുന്നു. ഇതില്‍ ഒന്ന് മാത്രമാണ് പിഴച്ചത്.