'അങ്ങേയറ്റം അപമാനകരമായ പ്രവൃത്തി'; അമ്മായിഅമ്മയെ ലൈം​ഗികമായി ഉപദ്രവിച്ച യുവാവിനോട് കോടതി‌

By Web Team  |  First Published Nov 14, 2024, 6:29 PM IST

എന്നാൽ, പ്രതി ഇക്കാര്യം നിഷേധിക്കുകയും പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എന്നാൽ, കോടതി ഇതിനെ ശക്തമായി വിമർശിച്ചു.


അമ്മായിഅമ്മയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്കെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഇയാൾക്കെതിരെയുള്ള വിധി ശരിവച്ചുകൊണ്ട് ചൊവ്വാഴ്ച പ്രസ്തുത പരാമർശം നടത്തിയത്. 

ഇത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും ഇരയായ സ്ത്രീ അയാൾക്ക് അമ്മയെപ്പോലെയാണെന്നും ജസ്റ്റിസ് ജി എ സനപ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. 2018 ഡിസംബറിൽ 55 -കാരിയായ അമ്മായിയമ്മയെ ബലാത്സംഗം ചെയ്ത കേസിൽ സെഷൻസ് കോടതി ഇയാളെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2022 -ലായിരുന്നു പ്രസ്തുത വിധി. സെഷൻസ് കോടതിയുടെ വിധിയെ പ്രതി ചോദ്യം ചെയ്യുകയായിരുന്നു. 

Latest Videos

പരാതിക്കാരി പറയുന്നത് അവരുടെ മകളും ഭർത്താവും പിരിഞ്ഞു കഴിയുകയായിരുന്നു എന്നാണ്. മകളുടെ രണ്ട് മക്കളും ഇയാൾക്കൊപ്പമായിരുന്നു താമസിച്ചത്. മകളും താനും തമ്മിലുള്ള ബന്ധം പറഞ്ഞു ശരിയാക്കിത്തരണമെന്ന് പ്രതി നിരന്തരം അമ്മായിഅമ്മയോട് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ അഭ്യർത്ഥന മാനിച്ചാണ് പ്രതിയുടെ വീട്ടിൽ പോയത്. അവിടെവച്ച് പ്രതി ലൈം​ഗികമായി ഉപദ്രവിച്ചു. പിന്നാലെ മകളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകളാണ് പരാതി നൽകാൻ പറയുന്നത്. പിന്നാലെ പരാതി നൽകുകയായിരുന്നു. 

എന്നാൽ, പ്രതി ഇക്കാര്യം നിഷേധിക്കുകയും പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എന്നാൽ, കോടതി ഇതിനെ ശക്തമായി വിമർശിച്ചു. അവർക്ക് 55 വയസാണ് പ്രായം. പ്രതിയുടെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. പ്രതി അമ്മയെ പോലെ കാണേണ്ട സ്ത്രീയാണ് എന്നാണ് കോടതി പറഞ്ഞത്. പരസ്പരസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെങ്കിൽ ഒരിക്കലും മകളോട് അവരത് പറയില്ലായിരുന്നു, പൊലീസിലും അറിയിക്കില്ലായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തിയാണ് പ്രതി ചെയ്തത്. പരാതിക്കാരിയുടെ ദുഃസ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന കാര്യമായിരിക്കും ഇത്. തികച്ചും ലജ്ജാകരമായ പ്രവൃത്തിയാണ് പ്രതി ചെയ്തത് എന്നും കോടതി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!