അവതാരികയുടെ 10,000 -ത്തിന് മുകളിൽ ചിത്രങ്ങൾ ഇയാളുടെ ഫോണിലുണ്ടായിരുന്നു. ഡീപ്ഫേക്ക് പോണോഗ്രഫി വഴി നിർമ്മിച്ചതും അതിൽ പെടുന്നു. 'Abduct Lovers' എന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു.
പ്രശസ്തയായ യുകെ ടിവി അവതാരികയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും കൊല്ലാനും പദ്ധതിയിട്ടിരുന്നയാളുടെ വിചാരണയാരംഭിച്ചു. ഒരു ഷോപ്പിംഗ് സെന്ററിലെ സെക്യൂരിറ്റി ഗാർഡാണ് അവതാരികയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. എന്നാൽ, യുഎസ്സ് കേന്ദ്രീകരിച്ചുള്ള ഒരു അണ്ടർകവർ ഏജന്റ് ഇയാളുടെ പദ്ധതികൾ പൊളിച്ചു.
ടിവി അവതാരികയായ ഹോളി വില്ലോബിയെയാണ് ഗാവിൻ പ്ലംബ് എന്നയാൾ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. രണ്ടു വർഷക്കാലം ഇയാൾ അതിനുള്ള പ്ലാനിംഗിലും തയ്യാറെടുപ്പിലും ആയിരുന്നത്രെ. 2021 -നും 2023 -നും ഇടയിലായിരുന്നു ഇത്. ആക്രമണത്തിനുള്ള തയ്യാറെടുപ്പിനായി, മെറ്റൽ കേബിൾ ടൈകൾ, കത്തി, ക്ലോറോഫോം എന്നിവയും ഇയാൾ വാങ്ങിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള രഹസ്യ പൊലീസ് ഉദ്യോഗസ്ഥനായ മാർക്കിനോടാണ് ഇയാൾ ഓൺലൈനിൽ ഇക്കാര്യം തുറന്ന് സമ്മതിച്ചത്.
undefined
അവതാരികയെ ശാരീരികമായി ഉപദ്രവിക്കാനുള്ള വിവിധ വസ്തുക്കളും ഇയാൾ വാങ്ങിയിരുന്നു. അതും മാർക്കിന് കാണിച്ചുകൊടുത്തിരുന്നു എന്നും പറയുന്നു. എങ്ങനെയാണ് അവതാരികയെ അവളുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോകേണ്ടത്, എങ്ങനെയാണ് തന്റെ എസ്സെക്സിലുള്ള വീട്ടിലെത്തിക്കേണ്ടത്, ആരും അവളുടെ ഒച്ച കേൾക്കാത്ത ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് എങ്ങനെയാണ് കൊല്ലേണ്ടത് എന്നതെല്ലാം ഇയാൾ ഉറപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അവതാരികയുടെ 10,000 -ത്തിന് മുകളിൽ ചിത്രങ്ങൾ ഇയാളുടെ ഫോണിലുണ്ടായിരുന്നു. ഡീപ്ഫേക്ക് പോണോഗ്രഫി വഴി നിർമ്മിച്ചതും അതിൽ പെടുന്നു. 'Abduct Lovers' എന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അത് തന്റെ വലിയ ഫാന്റസിയാണ് എന്നും തനിക്കത് നടപ്പിലാക്കിയേ തീരൂ എന്നുമായിരുന്നു ഇയാൾ പറഞ്ഞത്.
എന്നാൽ, അതിന് മുമ്പ് യുഎസ്സിൽ നിന്നുള്ള അണ്ടർ കവർ ഏജന്റ് ഇയാളുടെ പദ്ധതി മനസിലാക്കുകയും മെട്രോപൊളിറ്റൻ പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. 2023 ഒക്ടോബറിൽ ഇയാൾ അറസ്റ്റിലായി. തിങ്കളാഴ്ച ചെംസ്ഫോർഡ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂട്ടർ അലിസൺ മോർഗൻ കെസി പറഞ്ഞത് ഇയാൾ വെറുതെ കാര്യങ്ങൾ ചിന്തിക്കുക മാത്രമല്ല ചെയ്തത്, അത് നടപ്പിലാക്കാൻ പ്ലാൻ ചെയ്യുകയും ചെയ്തു എന്നാണ്.
നേരത്തെയും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ഇയാളുടെ പേരിലുണ്ട്. ഈ കേസിലെ വിചാരണ രണ്ടാഴ്ച നീണ്ടുനിൽക്കും എന്നാണ് കരുതുന്നത്. അതേസമയം താൻ ഈ കേസിൽ അജ്ഞാതയായിരിക്കാനാഗ്രഹിക്കുന്നില്ല എന്നും സാക്ഷിയായിരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അവതാരിക അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം