ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ച് കാമുകിയിൽ നിന്നും 3 കോടി രൂപ തട്ടിയെടുത്ത് യുവാവ്, ഒടുവില്‍ പിടിയില്‍

By Web Team  |  First Published Jul 3, 2024, 2:42 PM IST

'സ്നേഹം മനോഹരമാണെങ്കിലും, മധുരമുള്ള കെണികളെ കുറിച്ച് ജാഗ്രത പുലർത്തണം' എന്ന ഓർമ്മപ്പെടുത്തലോടെയാണ് വിചാരണവേളയിൽ പ്രോസിക്യൂട്ടർ തന്‍റെ വാദങ്ങൾ അവതരിപ്പിച്ചത്. 



കാമുകന്‍റെ ചതിയിൽ യുവതിക്ക് നഷ്ടമായത് മൂന്ന് കോടി രൂപ. താനൊരു ഡോക്ടറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കാമുകൻ യുവതിയുടെ കൈയിൽ നിന്നും പണം തട്ടിയെടുത്തത്.  ചൈനയിലെ പ്രശസ്തമായ ആശുപത്രിയിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച ഇയാൾ കാമുകിയിൽ നിന്ന് 2.6 മില്യൺ യുവാൻ (ഏകദേശം 3 കോടി രൂപ) തട്ടിയെടുത്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ പിടിയിലായ ഷാങ് എന്ന  യുവാവിനെ കോടതി പതിനൊന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു.

ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഷാങ്, ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായിരുന്ന ഹുവാങ്ങിനെ പരിചയപ്പെട്ടതിന് ശേഷം 2016 -ൽ ആണ് തന്‍റെ തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.  ആറ് വർഷത്തെ അവരുടെ ബന്ധത്തിലുടനീളം, ഷാങ് യുവതിക്ക് തന്നെ പരിചയപ്പെടുത്തിയത് ഷാങ്ഹായിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിലെ  ഗൈനക്കോളജിസ്റ്റും ചൈനയിലെ ഒരു പ്രശസ്ത മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണെന്നുമാണ്. ഇയാൾ പറഞ്ഞ കഥകൾ മുഴുവൻ യുവതി വിശ്വസിച്ചു. പരിചയപ്പെട്ട്  മൂന്ന് മാസത്തിന്  ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. 

Latest Videos

undefined

ഉറുമ്പുകള്‍ മുറിവേറ്റ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റും; പുതിയ പഠനം

ഓരോ തവണയും ഷാങ് യുവതിയെ കണ്ടുമുട്ടിയിരുന്നത് വ്യക്തമായ ആസൂത്രണത്തോടെ ആയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയതിന് ശേഷം ഇയാൾ പല തവണയായി യുവതിയിൽ നിന്നും പണം കടമായി വാങ്ങി. എന്നാൽ, വാങ്ങിയ പണമൊന്നും ഒരിക്കൽ പോലും ഇയാൾ തിരിച്ചു കൊടുക്കാതെ വന്നതോടെ യുവതിയുടെ വീട്ടുകാർക്ക് ഇയാളുമായുള്ള ബന്ധത്തിൽ സംശയം തോന്നി തുടങ്ങി. കൂടാതെ ഇയാൾ പതിയെ യുവതിയുമായി അകൽച്ച പാലിച്ചു തുടങ്ങിയതും സംശയം ശക്തമാക്കി. 

ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍; ഡച്ച് നിര്‍മ്മിതം, നീളം 180 അടി. 11 ഇഞ്ച്

യുവതി ഇയാള്‍ ജോലി ചെയ്യുന്നതായി അവകാശപ്പെട്ട ആശുപത്രിയുമായി ബന്ധപ്പെടുകയും ഷാങ് എന്ന പേരില്‍ ഡോക്ടറെ അന്വേഷിക്കുകയുമായിരുന്നു. എന്നാൽ, അവിടെ അങ്ങനെ ഒരു വ്യക്തി ഡോക്ടറായി ജോലി ചെയ്യുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇയാളുടെ തട്ടിപ്പ് പുറത്തുവരികയായിരുന്നു. ഇതിനെ  തുടര്‍ന്ന് യുവതിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും കോടതി പതിനൊന്നര വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. 'സ്നേഹം മനോഹരമാണെങ്കിലും, മധുരമുള്ള കെണികളെ കുറിച്ച് ജാഗ്രത പുലർത്തണം' എന്ന ഓർമ്മപ്പെടുത്തലോടെയാണ് വിചാരണവേളയിൽ പ്രോസിക്യൂട്ടർ തന്‍റെ വാദങ്ങൾ അവതരിപ്പിച്ചത്. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഈ കേസ് വൈറലായതോടെ ഹുവാങ്ങിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. 

തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക് മാധ്യമ പ്രവര്‍ത്തകയെ കാള കുത്തി തെറിപ്പിക്കുന്ന വീഡിയോ വൈറല്‍

click me!