ഉന്നത രാഷ്ട്രീയ നേതാക്കളും എംഎൽഎമാരും എംപിമാരും കക്ഷി രാഷ്ട്രീയഭേദമന്യേ ബാബയുടെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ്. മിക്ക പരിപാടികൾക്കും അതുകൊണ്ടുതന്നെ സുരക്ഷാ മനൻദണ്ഡങ്ങൾ ഒന്നും ആരും നോക്കാറില്ല.
'നാരായണ ഹരി' അഥവാ 'ഭോലെ ബാബ'. 'സാഗർ വിശ്വ ഹരി ബാബ' എന്നും അനുയായികൾ വിളിക്കും. ഉത്തർപ്രദേശിൽ ലക്ഷക്കണക്കിന് അനുയായികൾ ഉള്ള ആത്മീയ പ്രഭാഷകൻ. താൻ ഒരു ഗുരുവിന്‍റെയും ശിഷ്യൻ അല്ലെന്നും പ്രപഞ്ച ശക്തിയിൽ നിന്ന് നേരിട്ട് പ്രചോദനം കിട്ടിയ ആൾ ആണെന്നുമാണ് അവകാശവാദം. ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ കാൽ തൊട്ട് വന്ദിക്കാൻ തിക്കിത്തിരക്കിയ ആൾക്കൂട്ടമാണ് ഹാദ്രസിലെ കൂട്ട ദുരന്തത്തിന് കാരണമായതെന്നാണ് ഉത്തർപ്രദേശ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പതിനായിരക്കണക്കിന് ആളുകളെ വിളിച്ചു കൂട്ടി ഫുൽറായ് ഗ്രാമത്തിൽ ബോലേ ബാബ നടത്തിയ ‘സത്സംഗം’ പരിപാടി അവസാനിച്ചത് 116 പേരുടെ മരണത്തിലെന്ന് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ മരണ സംഖ്യ 130 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍.
ആരാണ് ഭോലെ ബാബ?
undefined
ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂർ നഗർ ഗ്രാമത്തിൽ നിന്നാണ് 'നാരായണ ഹരി' എന്ന 'ഭോലെ ബാബ'യുടെ വരവ്. യഥാർത്ഥ പേര് സൂരജ് പാൽ (58). സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും ലക്ഷക്കണക്കിന് അനുയായികൾ. അയൽ സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനം. ഉന്നത രാഷ്ട്രീയ നേതാക്കളും എംഎൽഎമാരും എംപിമാരും കക്ഷി രാഷ്ട്രീയഭേദമന്യേ ബാബയുടെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ്. മിക്ക പരിപാടികൾക്കും അതുകൊണ്ടുതന്നെ സുരക്ഷാ മനൻദണ്ഡങ്ങൾ ഒന്നും ആരും നോക്കാറില്ല.
കൊവിഡ് ലോക്ക്ഡൗൺ സമയത്ത് പോലും അദ്ദേഹത്തിന്‍റെ അനുയായികൾക്ക് ആശ്രമത്തിൽ ആരാധന നടത്താൻ അനുവാദമുണ്ടായിരുന്നു എന്ന ആരോപണം ഇപ്പോൾ ഉയരുന്നുണ്ട്. 1990 -കൾ വരെ ഏതാണ്ട് പത്ത് വര്‍ഷത്തോളം ഉത്തർപ്രദേശ് പൊലീസിൽ കോൺസ്റ്റബിളായിരുന്നു സൂരജ് പാൽ. പൊലീസില്‍ നിന്നും രാജിവച്ച സൂരജ് പാല്‍ വളരെ വേഗം ആത്മീയ വഴിയിലേക്ക് തിരിഞ്ഞു. പുതിയ പേര് സ്വീകരിക്കുകയും ഭക്തി പ്രഭാഷണവും തുടങ്ങുകയും ചെയ്തു. സത്സംഗ് വേദികളില്‍ വെള്ളയും വെള്ളയുമാണ് ഭോലെ ബാബയുടെ സ്ഥിരം വേഷം.
ഇന്ന് നാരായൺ സാകർ ഹരി ആശ്രമം 30 ഏക്കറിൽ പരന്നു കിടക്കുന്നു. ഒരു ദിവസം കുറഞ്ഞത് പന്ത്രണ്ടായിരം പേര്‍ ഇവിടെ സന്ദർശനം നടത്തുന്നു എന്നാണ് കണക്ക്. സുരക്ഷാ ഭടന്മാർ അടക്കം വലിയ അകമ്പടി വാഹനങ്ങളോടൊപ്പമാണ് ബാബയുടെ സഞ്ചാരം. യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമത്തിലെ ദലിത് കുടുംബത്തിൽപെട്ടയാളാണെന്ന് ഭോലെ ബാബയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, അദ്ദേഹത്തെപ്പറ്റി കൂടുതൽ വ്യക്തിഗത വിവരങ്ങൾ ഒന്നും പ്രാദേശിക മാധ്യമങ്ങൾക്ക് പോലും ഇല്ല. പലപ്പോഴും ബാബയ്ക്ക് ഒപ്പം സത്സംഗം വേദികളിൽ എത്തുന്ന ഭാര്യയെ അനുയായികൾ മാതാജി എന്ന് വിളിക്കുന്നു. യുപിയിലെ ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യരായ സ്ത്രീകൾ ആണ് ബാബയുടെ അനുയായികളിൽ ഭൂരിപക്ഷവും. ഇന്നലത്തെ ദുരന്തത്തില്‍ മരിച്ചവരില്‍ ഏറെ പേരും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന് തെളിവ്.