ശനിയാഴ്ച 'ഏതൻസിൻ്റെ ശ്വാസകോശം' എന്നറിയപ്പെടുന്ന പർണിത പർവതത്തിൽ ഉച്ചയ്ക്ക് ആളിക്കത്തിയ കാട്ടുതീ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെയും മറ്റും സഹായത്തോടെ ശനിയാഴ്ച വൈകുന്നേരം നിയന്ത്രണ വിധേയമാക്കിയിരുന്നു.
ഗ്രീക്ക് തലസ്ഥാനമായ ഏതൻസിന് സമീപത്തുണ്ടായ വൻ തീപിടുത്തം നിയന്ത്രണത്തിലാണ് എന്നും എന്നാൽ ഇനിയും എവിടെയെങ്കിലുമൊക്കെ തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്നും അധികൃതർ. ജാഗ്രത പാലിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഞായറാഴ്ച ഏതൻസിലെ വനമേഖലയിലാണ് തീ പിടിത്തമുണ്ടായത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം, ഏതൻസിന് കിഴക്കുള്ള കെരാറ്റയിലെ കടൽത്തീര റിസോർട്ടിലും, പ്രാന്തപ്രദേശമായ സ്റ്റമാറ്റയിലുമായി ഞായറാഴ്ച രണ്ട് തീപിടിത്തങ്ങളാണ് ഉണ്ടായത്.
undefined
തീപിടിത്തത്തിന് പിന്നാലെ ഏതൻസിന്റെ ആകാശത്ത് കട്ടിയുള്ള കറുത്ത പുക വ്യാപിച്ചു. അധികൃതർ സ്ഥലത്ത് നിന്നും ഉടനടി തന്നെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. 45 വയസ്സുള്ള ഒരാൾ സ്‌റ്റാമാറ്റയിലെ തീജ്വാലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായും പൊലീസ് പറയുന്നു.
അതിന് തൊട്ടുമുമ്പ് ശനിയാഴ്ച 'ഏതൻസിൻ്റെ ശ്വാസകോശം' എന്നറിയപ്പെടുന്ന പർണിത പർവതത്തിൽ ഉച്ചയ്ക്ക് ആളിക്കത്തിയ കാട്ടുതീ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെയും മറ്റും സഹായത്തോടെ ശനിയാഴ്ച വൈകുന്നേരം നിയന്ത്രണ വിധേയമാക്കിയിരുന്നു. ചെറുവിമാനങ്ങളിലടക്കം വെള്ളമെത്തിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടന്നത്. രാജ്യത്ത് കനത്ത ചൂടും ചൂടുകാറ്റുമാണ് നിലവിൽ അനുഭവപ്പെടുന്നത്. വരുന്ന ഒരാഴ്ചയോളം ചൂട് കാറ്റുണ്ടാവാൻ സാധ്യതയുണ്ടെന്നും വനമേഖകളിൽനിന്നും മാറി നിൽക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മെഡിറ്ററേനിയൻ രാജ്യങ്ങളിൽ കാട്ടുതീ സാധാരണമാണ്. സമീപ വർഷങ്ങളിൽ കാട്ടുതീ പടരുന്നത് വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.