യുകെയിൽ തൻ്റെ രണ്ട് സഹോദരിമാർക്കൊപ്പമാണ് സിരിപന്യോ വളർന്നത്. 18 -ാമത്തെ വയസ്സിൽ, സിരിപന്യോ തൻ്റെ അമ്മയുടെ കുടുംബത്തെ ആദരിക്കുന്നതിനായി തായ്‌ലൻഡ് സന്ദർശിച്ചു.
പിതാവിന്റെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് 18 -ാം വയസ്സിൽ സന്യാസജീവിതം നയിക്കാനാരംഭിച്ച ആളാണ് മലേഷ്യൻ ടെലികോം വ്യവസായി ആനന്ദ കൃഷ്ണൻ്റെ മകൻ. വെൻ അജാൻ സിരിപന്യോയാണ് 18 -ാമത്തെ വയസ്സിൽ സമ്പന്നമായ ജീവിതം ഉപേക്ഷിച്ച് സന്യാസത്തിന്റെ പാത തിരഞ്ഞെടുത്തത്.
എകെ എന്നറിയപ്പെടുന്ന ആനന്ദ കൃഷ്ണൻ മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹത്തിന്റെ ആസ്തി ₹40,000 കോടി കവിയുമത്രെ. ടെലികമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ്, മാധ്യമങ്ങൾ, എണ്ണ, വാതകം, റിയൽ എസ്റ്റേറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ആനന്ദ കൃഷ്ണൻ്റെ ബിസിനസ്സ് സാമ്രാജ്യം.
വെൻ അജാൻ സിരിപാൻയോയുടെ പിതാവ് ഒരു പ്രമുഖ വ്യവസായിയാണ്. അതേസമയം അമ്മ മോംവജറോങ്‌സെ സുപൃന്ദ ചക്രബന് തായ് രാജകുടുംബവുമായി ബന്ധമുണ്ട്. പിതാവ് ബുദ്ധമതത്തിൽ വിശ്വസിക്കുന്നയാളും ഭക്തനും മനുഷ്യസ്നേഹിയുമാണ് എന്നും അതും സിരിപാൻയോയെ സന്യാസം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
യുകെയിൽ തൻ്റെ രണ്ട് സഹോദരിമാർക്കൊപ്പമാണ് സിരിപന്യോ വളർന്നത്. 18 -ാമത്തെ വയസ്സിൽ, സിരിപന്യോ തൻ്റെ അമ്മയുടെ കുടുംബത്തെ ആദരിക്കുന്നതിനായി തായ്‌ലൻഡ് സന്ദർശിച്ചു. ആ സമയത്ത് ഒരു റിട്രീറ്റിൽ താൽക്കാലികമായി ചേരാൻ തീരുമാനിക്കുകയും ചെയ്തു. ഈ അനുഭവവും അദ്ദേഹത്തെ സ്ഥിരമായ സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, അദ്ദേഹം ഇപ്പോൾ ഒരു വന സന്യാസിയും തായ്‌ലൻഡ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള ഡിതാവോ ഡം ആശ്രമത്തിൻ്റെ മഠാധിപതിയുമാണ്. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ഇംഗ്ലീഷും തമിഴും തായിയും അടക്കം എട്ട് ഭാഷകൾ അദ്ദേഹം കൈകാര്യം ചെയ്യും.
ഒരു സന്യാസിയായി ജീവിക്കുന്നുവെങ്കിലും, സിരിപന്യോ ഇടയ്ക്കിടെ ആവശ്യമുള്ളപ്പോൾ തൻ്റെ പഴയ ജീവിതശൈലിയിലേക്ക് മടങ്ങുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ബുദ്ധമതത്തിൽ കുടുംബസ്നേഹത്തിന് വലിയ പ്രാധാന്യമുണ്ട്. ഇടയ്ക്ക് അദ്ദേഹം പിതാവിനെ കാണാൻ പോവുകയും അതിനായി ആഡംബരമാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.