പങ്കാളികളോ കുടുംബാംഗങ്ങളോ ആണ് മിക്ക സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഘാതകരായിത്തീർന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
2023 -ൽ, ലോകമെമ്പാടുമുള്ള 85,000 സ്ത്രീകളും പെൺകുട്ടികളും മനപ്പൂർവമുള്ള കൊലപാതകത്തിന് ഇരയായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുഎൻ വിമെൻ, യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസിൻ്റെയും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇവരിൽ 51,100 പേരെയും, അതായത് ഏകദേശം 60 ശതമാനം പേരെയും കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ ദിവസവും ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത്, ഓരോ 10 മിനിറ്റിലും ഒരു കൊലപാതകമെങ്കിലും നടക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തിലാണ് (Day for the Elimination of Violence against Women) യുഎൻ വിമെനും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും റിപ്പോർട്ട് ( Femicides in 2023: Global Estimates of Intimate Partner/Family Member Femicides report) പുറത്തിറക്കിയിരിക്കുന്നത്.
പങ്കാളികളോ കുടുംബാംഗങ്ങളോ ആണ് മിക്ക സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഘാതകരായിത്തീർന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആഫ്രിക്കയിലാണ് ഏറ്റവും അധികം സ്ത്രീകൾ ഇങ്ങനെ കൊല്ലപ്പെട്ടിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. 21,700 പേരാണ് ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്.
അമേരിക്കയും ഓഷ്യാനിയയുമാണ് പിന്നീട് വരുന്നത്. യൂറോപ്പിലും അമേരിക്കയിലും, വീട്ടില്‍ കൊല്ലപ്പെട്ട മിക്ക സ്ത്രീകളെയും കൊലപ്പെടുത്തിയത് ( 64 ശതമാനവും 58 ശതമാനവും) പങ്കാളികളാണ്. മറ്റിടങ്ങളിൽ കുടുംബാംഗങ്ങളാണ് കൊലപാതകികള്‍.
ഏഷ്യയും യൂറോപ്പുമാണ് കുറവ് കൊലപാതകങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലായിടത്തും കൂടുതലും കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് കൊല്ലപ്പെട്ടവരുടെ ഉറ്റവരോ ബന്ധുക്കളോ തന്നെയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
2022 -നേക്കാൾ ഉയർന്നതാണ് 2023 -ലെ കണക്ക്. എന്നാൽ, കൊലപാതകങ്ങളുടെ എണ്ണം വർധിച്ചതിനേക്കാൾ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചതായിരിക്കാം ഇതിന് കാരണം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.