വർക്ക്- ലൈഫ് ബാലൻസിനെ കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തവരാണ് മിക്കവാറും ഇവിടെ കമ്പനികളുടെ തലപ്പത്തിരിക്കുന്നത് എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് സുമിത്തിന്റെ പോസ്റ്റ്.
ഒട്ടും ആരോഗ്യപരമല്ലാത്ത തൊഴിൽ സംസ്കാരമാണ് നമ്മുടെ നാട്ടിലേത്. സമയത്തിന് ചെയ്ത് തീർക്കാൻ സാധിക്കാത്ത അത്രയും ജോലി നൽകുക, അമിതമായ ടാർഗറ്റുകൾ കൊണ്ട് ജീവനക്കാരെ സമ്മർദ്ദത്തിലാക്കുക, ജോലിസമയം കഴിഞ്ഞും കൂലിയില്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കുക, ലീവ് ചോദിക്കുമ്പോൾ നൽകാതിരിക്കുക തുടങ്ങിയവയെല്ലാം അതിൽ പെടുന്നു.
ഇതിനെതിരായി പ്രവർത്തിക്കുന്നവരെ മാനേജർമാർക്കോ കമ്പനിക്കോ വലിയ താല്പര്യവും കാണില്ല. ഏതായാലും അതുപോലെ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജോബ് സെർച്ച് കൺസൾട്ടന്റ് എന്ന് വിശേഷിപ്പിക്കുന്ന സുമിത്ത് അഗർവാൾ. ലിങ്ക്ഡ്ഇനിലാണ് സുമിത്ത് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത്, കൃത്യസമയത്ത് ജോലി കഴിഞ്ഞ് ഇറങ്ങുന്ന ഒരാളെ തന്റെ മാനേജർ അട്രിഷൻ റിസ്ക് (സ്ഥാപനത്തിൽ നിന്നും രാജിവച്ച് പോകാൻ തീരുമിച്ചവർ) ആയി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു എന്നാണ്.
എന്തുകൊണ്ടാണ് അത് എന്ന് ചോദിച്ചപ്പോൾ മാനേജർ പറഞ്ഞത്, നേരത്തെ ആ ജീവനക്കാരൻ വൈകിയേ ഓഫീസിൽ നിന്നും പോകാറുണ്ടായിരുന്നുള്ളൂ. എന്നാൽ, കുറച്ച് ആഴ്ചകളായി നേരത്തെ പോകുന്നു. മാത്രമല്ല, ജോലിസമയം കഴിഞ്ഞ് ഒന്നിനും പ്രതികരിക്കുന്നുമില്ല എന്നാണ്.
ഒപ്പം സുമിത്ത് പറയുന്നത്, ഇതുപോലെയുള്ള പല മാനേജർമാർക്കും ജോലിസ്ഥലങ്ങൾക്ക് പുറത്ത് നമുക്കൊരു ജീവിതമുണ്ട് എന്നത് മനസിലാക്കാൻ കഴിയുന്നില്ല എന്നാണ്. എപ്പോഴും നമ്മളെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ലഭ്യമാവും എന്നതാണ് ഇവിടുത്തെ തൊഴിൽ സംസ്കാരം എന്നും സുമിത്ത് പറയുന്നുണ്ട്.
വർക്ക്- ലൈഫ് ബാലൻസിനെ കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തവരാണ് മിക്കവാറും ഇവിടെ കമ്പനികളുടെ തലപ്പത്തിരിക്കുന്നത് എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് സുമിത്തിന്റെ പോസ്റ്റ്. പലപ്പോഴും പലർക്കും ജോലി കഴിഞ്ഞ് തങ്ങളുടെ കുടുംബത്തിന്റെ കൂടെയോ, നമ്മുടെ ഇഷ്ടങ്ങൾക്ക് വേണ്ടിയോ ഒന്നും തന്നെ സമയം ചെലവഴിക്കാൻ സാധിക്കാറില്ല. എന്തായാലും, നിരവധിപ്പേരാണ് സുമിത്തിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.