മിഠായി കഴിച്ച കുട്ടി ആശുപത്രിയില്‍, വാങ്ങി നല്‍കിയത് അമ്മ; പരിശോധനയില്‍ കണ്ടത് കഞ്ചാവ് !

By Web TeamFirst Published Jan 18, 2024, 10:51 AM IST
Highlights

മിഠായിയിൽ മൂന്നിലൊരു ഭാ​ഗവും കുട്ടി കഴിക്കുകയും ചെയ്തു. കുറച്ച് നേരം കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. അതവൻ അമ്മയോടും പറഞ്ഞു.

മിഠായിയാണെന്ന് കരുതി കഞ്ചാവ് കഴിച്ച ആറുവയസ്സുകാരൻ ആശുപത്രിയിലായി. സംഭവം നടന്നത് യുഎസ്സിലാണ്. സ്കി‍റ്റിൽസാണ് എന്ന് കരുതിയാണ് കുട്ടി ഉയർന്ന അളവിൽ കഞ്ചാവ് കഴിച്ചത്. കുട്ടിക്ക് ഇത് വാങ്ങി നൽകിയതാവട്ടെ അവന്റെ അമ്മയും. സം​ഗതി അമ്മയ്ക്ക് അബദ്ധം പറ്റിയതാണെന്നാണ് റിപ്പോർട്ടുകൾ. 

കാതറിൻ ബട്ടറൈറ്റും അവരുടെ കുടുംബവും നോർത്ത് കരോലിനയിലെ ഒരു റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതാണ്. അതിനിടയിലാണ് അവരുടെ ആറ് വയസ്സുകാരനായ മകൻ കടയിൽ മിഠായി പാക്കറ്റുകൾ ഇരിക്കുന്നത് കണ്ടത്. സാധാരണ കുട്ടികളെ പോലെ അവനും ആ മിഠായി വാങ്ങാനും കഴിക്കാനും ആ​ഗ്രഹിച്ചു. അമ്മയോട് ആ​ഗ്രഹം പറഞ്ഞപ്പോൾ അമ്മയും ഒട്ടും അമാന്തിച്ചില്ല. 'സ്കിറ്റിൽസി'ന്റെ ഏതോ സ്പെഷ്യൽ പാക്കറ്റാണ് എന്ന് കരുതി അവിടെ കണ്ട കഞ്ചാവ് മിഠായിയുടെ പാക്കറ്റ് വാങ്ങി മകന് കൊടുക്കുകയും ചെയ്തു.  

Latest Videos

'മോൻ ആ മിഠായി വേണമെന്ന് പറഞ്ഞു. ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. അവനെടുത്ത് തന്ന ഒരു പാക്കറ്റ് ഞാൻ നേരെ കാഷ്യറുടെ കയ്യിൽ കൊടുത്തു. ഐഡി കാർഡ് പോലും ചോദിക്കാതെ, ആ പാക്കറ്റിൽ എന്താണ് എന്നുള്ളതിന്റെ ഒരു സൂചനപോലും തരാതെ അവർ ബില്ലടിച്ചു, സാധനവും കയ്യിൽ തന്നു' എന്നാണ് കാതറിൻ പറയുന്നത്. 

മിഠായിയിൽ മൂന്നിലൊരു ഭാ​ഗവും കുട്ടി കഴിക്കുകയും ചെയ്തു. കുറച്ച് നേരം കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. അതവൻ അമ്മയോടും പറഞ്ഞു. നെഞ്ചും വയറും തലയുമെല്ലാം വേദനിക്കുന്നു. തനിക്ക് തീരെ വയ്യ എന്നാണവൻ അമ്മയോട് പറഞ്ഞത്. കാതറിൻ ആദ്യം അവന് കുടിക്കാൻ കുറച്ച് വെള്ളം നൽകി. എന്നാൽ, അതിന് വൃത്തികെട്ട രുചിയാണ് എന്നും പറഞ്ഞ് അവനത് കുടിക്കാൻ വിസമ്മതിച്ചു. മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് കാതറിൻ കരുതിയിരുന്നത്. ഉടനെ തന്നെ പരിഭ്രാന്തയായ കാതറിൻ 911 -ലേക്ക് വിളിച്ചു. 

മിഠായിപ്പാക്കറ്റ് പരിശോധിച്ച കാതറിന്റെ പങ്കാളിയാണ് അത് കഞ്ചാവാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 മണിക്കൂറാണ് അവിടെ കുട്ടി ഒറ്റയുറക്കം ഉറങ്ങിയത്. ഡെൽറ്റ 9 ടിഎച്ച്‍സിയാണ് കുട്ടി കഴിച്ചത്. ഇതൊരു 'തെറാപ്യൂട്ടിക്ക് ഡ്ര​ഗാ'യാണ് കണക്കാക്കുന്നത്. എന്നാൽ, കുട്ടികൾ ഇത് കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. 

നോർത്ത് കരോലിനയിൽ കഞ്ചാവ് നിയമവിധേയമല്ല. എന്നാൽ റെസ്റ്റോറന്റുകളിലും മറ്റും ഡെൽറ്റ 9 ടിഎച്ച്‍സി ചെറിയ ശതമാനം അളവിൽ വിൽക്കാം. അപ്പോഴും പ്രായപൂർത്തിയാവാത്തവർക്ക് വിൽക്കുന്നത് ശിക്ഷാർഹമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!