'ഇത്തരം അറിവുകള്‍ മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കരുതെ'ന്നായിരുന്നു ഒരു സമൂഹ മാധ്യമ ഉപയോക്താവ് എഴുതിയത്.
ഓരോ ദേശത്തിനും അതിന്‍റെതായ സാംസ്കാരിക സവിശേഷതകളുണ്ട്. ഭാഷ, ഭക്ഷണം, ജീവിത രീതികള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍... അങ്ങനെ മനുഷ്യനുമായി ബന്ധപ്പെടുന്ന, നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഈ വൈവിധ്യം കാണാം. പൊതു സംസ്കാരത്തിന്‍റെ ഭാഗമായിരിക്കെ തന്നെ ഓരോ വിശ്വാസങ്ങളെ സംബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളിലും ഈ വൈവിധ്യം കാണാന്‍ കഴിയും. ഇന്ത്യയുടെ പൊതുസവിശേഷതയാണ് ഹൈന്ദവ വിശ്വാസമെങ്കിലും തെക്കും വടക്കും തമ്മില്‍ ഓരോ വിശ്വാസങ്ങളെ സംബന്ധിച്ചും വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അതെ, പറഞ്ഞ് വരുന്നത് ദീപാവലിയെ കുറിച്ച് തന്നെ.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി, ഹൈന്ദവ വിശ്വാസ പ്രകാരം സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായിട്ടാണ് അനുഷ്ഠിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുന്നു. പിന്നാലെ ദീപങ്ങള്‍ കൊണ്ട് വീട് അലങ്കരിക്കുന്നു. വീട്ടുകാരെല്ലാവരും ഈ ദിവസങ്ങളില്‍ ഒത്തുചേരുമ്പോള്‍ അത് ആഘോഷത്തിന്‍റെ കൂടി നിമിഷങ്ങളാകുന്നു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ നിരവധി കാഴ്ചക്കാരെ അമ്പരപ്പിച്ചത്. സംഗതി ദീപാവലിക്ക് മുന്നോടിയായുള്ള ശുചീകരണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളായിരുന്നു. പക്ഷേ, ആ ശുചീകരണം 'അങ്ങേയറ്റമാണെന്ന്' സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറയുന്നു.
'കണ്ടിട്ട് തന്നെ പേടി തോന്നുന്നു'; പടുകൂറ്റൻ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമം; വീഡിയോ വൈറൽ
ആത്മീയ പ്രഭാഷകയുടെ കൈയില്‍ രണ്ട് ലക്ഷത്തിന്‍റെ ബാഗ്; 'സർവ്വം കാപട്യ'മെന്ന് നിരാശരായി സോഷ്യൽ മീഡിയ
മുകളിലും താഴെയുമായി രണ്ട് കാഴ്ചകളാണ് വീഡിയോയിലുള്ളത്. ഒന്നില്‍ ഒരു സ്ത്രീ വീട്ടിലെ ഫാന്‍ ഊരി താഴെ വച്ച് അതില്‍ പൈപ്പ് വച്ച് വെള്ളമൊഴിച്ച് സോപ്പ് തേച്ച് കഴുകുന്നു. മറ്റേതിലാകട്ടെ മരവും പ്ലൈവുഡും ഉപയോഗിച്ച് നിര്‍മ്മിച്ച വീട്ടിലെ കട്ടില്‍ ഓസ് ഉപയോഗിച്ച് വെള്ളമൊഴിച്ചാണ് കഴുകുന്നത്. ഈ രണ്ട് കാഴ്ചകളും സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഇലക്ട്രിക്ക് ഉപകരണമായ ഫാനില്‍ ജലാംശമുണ്ടെങ്കില്‍ അത് ഷോട്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് പോലെ തന്നെ പ്ലൈവുഡില്‍ നിര്‍മ്മിച്ച കട്ടിലില്‍ വെള്ളം വീണാല്‍ അത് എളുപ്പം നശിച്ച് പോകും. പക്ഷേ. ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന തരത്തിലായിരുന്നു സ്ത്രീകളുടെ പ്രവൃത്തി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ട് രസകരമായ കുറിപ്പുകളെഴുതാനെത്തിയത്. 'ഇത്തരം അറിവുകള്‍ മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കരുതെ'ന്നായിരുന്നു ഒരു കുറിപ്പ്. രണ്ട് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഒന്നരക്കോടിക്ക് മേലെ ആളുകളാണ് കണ്ടത്. മൂന്ന് ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.