അയല്‍ക്കാരന്‍റെ പറമ്പിലെ ചുരയ്ക്ക മോഷണം പോയതിന് തന്നെയാണ് കള്ളനെന്ന് വിളിക്കുന്നതെന്നായിരുന്നു യുവാവിന്‍റെ നിഷ്ക്കളങ്കമായ മറുപടി. ഇത് കേട്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറഞ്ഞത് യുവാവിന് നീതി വേണമെന്നായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്ന സംഘര്‍ഷഭരിതമായ പല വീഡിയോകളും രസകരവും ചിരി പടർത്തുന്നതുമാണ്. അത്തരത്തിൽ വളരെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ ജോലിക്കിടയിൽ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളെ ചിരിപ്പിക്കുന്നത്. വെറുമൊരു പച്ചക്കറി മോഷണത്തിന്‍റെ പേരിലുണ്ടായ തർക്കത്തിന് പോലീസിനെ വിളിച്ചു വരുത്തിയ സംഭവം ചിത്രീകരിച്ച വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
സംഭവത്തിന്‍റെ മുഴുവൻ വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടു. തങ്ങളെ ഫോൺ വിളിച്ച വ്യക്തിയോട് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്ന ഒരു വീഡിയോയാണ് ഇത്. ക്യാമറയ്ക്ക് മുൻപിലുള്ളത് ഒരു യുവാവും അയാളുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയുമാണ്. കാറിലുള്ള ഉദ്യോഗസ്ഥൻ യുവാവിനോട് ആദ്യം നിങ്ങളുടെ പേര് എന്താണെന്ന് ചോദിക്കുന്നു. അയാൾ സോനു എന്ന മറുപടി പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ നിങ്ങൾ 112 -ൽ വിളിച്ചോവെന്ന് ചോദിക്കുന്നു. വിളിച്ചുവെന്ന് യുവാവിന്‍റെ മറുപടി. എന്തിനാണ് വിളിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുമ്പോള്‍ ലഭിച്ച മറുപടിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ചിരിപ്പിച്ചത്.
ആ വൈറല്‍ മറുപടി ഇങ്ങനെയായിരുന്നു, 'അയാള്‍ പറയുന്നത് അയാളുടെ ചുരക്ക മോഷ്ടിച്ചത് ഞാനാണെന്നാണ്.' അപ്പോൾ ഉദ്യോഗസ്ഥൻ,' അങ്ങനെ പറഞ്ഞത് ആരാണ് ?' എന്ന് എടുത്ത് ചോദിക്കുന്നു. ഭാരതി കശ്യപാണെന്ന് യുവാവിന്‍റെ മറുപടി. അപ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ ഭാരതി കശ്യപിന്‍റെ കൃഷിത്തോട്ടത്തിൽ ചുരയ്ക്കയുണ്ടോ? എന്ന് ചോദിക്കുന്നു. ഉണ്ടെന്ന് യുവാവ് മറുുപടിയും പറയുന്നു. ഒപ്പം, "അത് ഞാൻ മോഷ്ടിച്ചെന്നാണ് അയാൾ പറയുന്നത്. എന്നെ കള്ളൻ എന്ന് വിളിക്കുന്നു", എന്ന് യുവാവ് നിഷ്ക്കളങ്കമായി മറുപടി പറയുന്നു. 'ശരി അയാളോട് ഞങ്ങൾ സംസാരിക്കാം' എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ യുവാവിനെ ആശ്വസിപ്പിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വളരെ വേഗത്തിൽ വൈറലാവുകയും നിരവധി പേർ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തു. ഇത് വെറുമൊരു ചുരക്ക മോഷണത്തിന്‍റെ പ്രശ്നമല്ല, അവന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ് എന്നായിരുന്നു ഒരാൾ കുറിച്ചത്. മറ്റൊരാൾ അഭിപ്രായപ്പെട്ടത് 'എനിക്ക് വേറൊന്നും അറിയേണ്ട, അവന് നീതി ലഭിക്കണം' എന്നായിരുന്നു. 'അവന്‍, എത്ര നിഷ്കളങ്കനാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്.