Latest Videos

സ്‌കേറ്റിങ് ചെയ്യുന്നതിനിടെ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യും, റെക്കോര്‍ഡിട്ട് നാലാം ക്ലാസുകാരി

By Nirmala babuFirst Published Jun 29, 2024, 3:43 PM IST
Highlights

രണ്ട് മിനിറ്റ് 23 സെക്കന്‍ഡില്‍ സ്‌കേറ്റിങ്, ഒപ്പം നാല് റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്തു, പിന്നെ 187 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞു. സാധാരണക്കാരിയല്ല ഈ കൊച്ചുമിടുക്കി.

റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുക, സ്‌കേറ്റിങ് ചെയ്യുക. ഒട്ടും എളുപ്പമല്ല ഇവ രണ്ടും. ഒറ്റയ്‌ക്കൊറ്റയ്ക്ക് തന്നെ ചെയ്യാന്‍ പാടുള്ള ഈ രണ്ട് സംഗതികളും ഒരാള്‍ ഒരുമിച്ച് ചെയ്താലോ? കഠിനം എന്നോ അവിശ്വസനീയം എന്നോ പറയാന്‍ വരട്ടെ, സംഗതി സാധ്യമാണ്. നാലാം ക്ലാസുകാരിയായ ഒരു മലയാളി പെണ്‍കുട്ടി കൂളായി ഇവ രണ്ടും ഒന്നിച്ചു ചെയ്യുന്നുണ്ട്. വെറുതെ ചെയ്യുക മാത്രമല്ല, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഈ വഴിക്ക് ഇടം നേടിയിട്ടുമുണ്ട് ഈ പെണ്‍കുട്ടി.

പറയുന്നത് നാലാം ക്ലാസുകാരി എസ്തറിന്റെ കാര്യമാണ്. എസ്തര്‍ മാര്‍ഗരറ്റ് അനില്‍ എന്നാണ് മുഴുവന്‍ പേര്. താമസം ചെന്നൈയിലാണ്. പഠിത്തവും അവിടെത്തന്നെ. തൃശൂര്‍ പാവറട്ടി സ്വദേശിയായ അനില്‍ ജോസഫിന്റെയും പത്തനംതിട്ട കൊടുമണ്‍ സ്വദേശി അക്കുവിന്റെയും രണ്ട് മക്കളില്‍ മൂത്തവള്‍. മാതാപിതാക്കള്‍ ഐടി രംഗത്താണ് ജോലി ചെയ്യുന്നത്. ഇളയ സഹോദരി ഇവാന.

റൂബിക്‌സ് ക്യൂബ് ഈസിയായി സോള്‍വ് ചെയ്യുക കട്ടപ്പണിയാണ്. അതിന് കുറേ ടെക്‌നിക്കുകള്‍ അറിഞ്ഞിരിക്കണം. കുട്ടിക്കാലം മുതല്‍ എസ്തറിന് കളിപ്പാട്ടം പോലായിരുന്നു റൂബിക്‌സ് ക്യൂബ്. ഇത് കണ്ട് അത്ഭുതം തോന്നിയ മാതാപിതാക്കള്‍ തന്നെയാണ് എസ്തറിന്റെ കഴിവിനെ വളര്‍ത്തിയെടുക്കാന്‍ കരുത്തായത്. റൂബിക്‌സ് ക്യൂബ് വിദഗ്ധനായ ഒരു സുഹൃത്തിനെയാണ് മകള്‍ക്ക് ടെക്‌നിക്കുകള്‍ പഠിപ്പിക്കാന്‍ അവര്‍ സമീപിച്ചത്. ആ ഗുരുവാണ് അവളില്‍ ക്യൂബിനോടുള്ള താല്‍പ്പര്യം വളര്‍ത്തിയത്. ഇപ്പോഴവള്‍ എട്ട് തരം റൂബിക്‌സ് ക്യൂബുകള്‍ കൂളായി സോള്‍വ് ചെയ്യും.

ആറ് വയസ് മുതലാണ് എസ്തര്‍ റൂബിക്‌സ് ക്യൂബില്‍ കളിച്ചു തുടങ്ങിയത്. ആ സമയത്ത് തന്നെയാണ് സ്‌കേറ്റിങ് തുടങ്ങിയതും. പ്രഫഷനല്‍ പരിശീലനത്തിന് പോയത് വെറുതെയായില്ല. സ്‌കേറ്റിങില്‍ ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യനാണ് ഇപ്പോള്‍ എസ്തര്‍. ഇത് മാത്രമല്ല, ഭരതനാട്യവും പഠിക്കുന്നുണ്ട് അവള്‍. ചെസ്സാണ് മറ്റൊരിഷ്ടം. ഇതിനിടെ കരാട്ടെയില്‍ ബ്ലൂ ബെല്‍റ്റും നേടി.

സ്‌കേറ്റിങ് ഷൂവില്‍ ഏകാഗ്രതയോടെ നിന്ന് റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്താണ് എസ്തര്‍ റെക്കോര്‍ഡ് ബുക്കില്‍ കയറിയത്. അത് മാത്രമായിരുന്നില്ല അവള്‍ ചെയ്തത്. അനേകം രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ അതേസമയം തന്നെ അവള്‍ കിറുകൃത്യമായി പറയുകയും ചെയ്തു.

രണ്ട് മിനിറ്റ് 23 സെക്കന്‍ഡില്‍ സ്‌കേറ്റിങ് ചെയ്തുകൊണ്ട് നാല് വ്യത്യസ്ത റൂബിക്‌സ് ക്യൂബുകള്‍ സോള്‍വ് ചെയ്യുകയും ഒപ്പം 187 രാജ്യങ്ങളുടെ പേരുകളും തലസ്ഥാനവും കൃത്യമായി പറയുകയുമായിരുന്നു ഈ കൊച്ചുമിടുക്കി. ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും പേരും തലസ്ഥാനവും മനഃപാഠമാണെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്യൂബ് പൂര്‍ത്തിയായതിനാല്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെക്കേഷന്‍ സമയത്താണ് രാജ്യങ്ങളുടെ പേരുകളും തലസ്ഥാനവും അവള്‍ പഠിച്ചതെന്ന് എസ്തറിന്റെ അമ്മ അക്കു അലക്സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

click me!