Jul 2, 2022, 9:48 AM IST
ഇന്ത്യൻ പാർലമെന്റിൽ അലങ്കരിച്ചിട്ടുള്ള പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളിൽ ഒരു ആദിവാസി നായകൻ മാത്രമേ ഉള്ളൂ. അദ്ദേഹമാണ് ബിർസ മുണ്ട. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദിവാസി സമൂഹങ്ങൾ ഇന്ത്യയിൽ വിവിധയിടങ്ങളിലുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമാണ് ബിർസ മുണ്ട നയിച്ച മുണ്ട പ്രക്ഷോഭം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങൾ. ഇന്നത്തെ ജാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെടുന്ന അന്നത്തെ ബംഗാൾ പ്രസിഡൻസിയിൽ പെട്ട വനപ്രദേശമായിരുന്നു മുണ്ട വർഗ്ഗക്കാരുടെ മാതൃഭൂമി. ഖുന്തി, തമാർ, സർവാദ, ബാന്ദ്ഗാവ് എന്ന മുണ്ട മേഖലകൾ.
കാടുകളെയും മലകളെയും സംരക്ഷിച്ചും ആശ്രയിച്ചും തലമുറകളായി കഴിഞ്ഞ ആദിവാസി ജനത. ഇന്ത്യ കയ്യേറിയ ബ്രിട്ടീഷ് അധികാരികൾ അടിച്ചേൽപ്പിച്ചത് കടുത്ത ചൂഷണാടിസ്ഥാനത്തിലുള്ള കാർഷിക-വന നയങ്ങൾ. ആദിവാസികളെ അവരുടെ വനഭൂമിയിൽ നിന്ന് ഇറക്കിവിട്ടുകൊണ്ട് ആദിവാസി ഇതര വിഭാഗങ്ങളെ കുടിയിരുത്തുകയായിരുന്നു ഈ നയത്തിന്റെ കാതൽ. കുടിയേറ്റക്കാരായ ഈ ടിക്കെദാർമാർ ചൂഷണത്തിൽ മുമ്പരായിരുന്നു.
സാമ്പത്തികമായി തകർക്കപ്പെട്ട ആദിവാസികളെ സാംസ്കാരികമായും അന്യവൽക്കരിക്കുന്നതായി അവരെ വ്യാപകമായി മതം മാറ്റാനായി മേഖലയാകെ പ്രവർത്തനം നടത്തിയ വിദേശ മിഷനറിമാർ. മറ്റനേകം ആദിവാസികളെപ്പോലെ ബിർസയും കുടുംബവും ക്രിസ്തീയ മതത്തിലേക്ക് മാറി. ബിർസ ബിർസ ഡേവിഡ് ആയി ജർമൻ മിഷനറി സ്‌കൂളിൽ ചേർന്നു.
ആടുമേയ്ച്ചും പുല്ലാങ്കുഴൽ വായിച്ചുമായിരുന്നു ദുരിതമയമായ ബാല്യത്തിൽ ബിർസ മുണ്ടയുടെ അതിജീവനം. പക്ഷെ യൗവനത്തിലെത്തുമ്പോഴേക്കും ബിർസ രാഷ്ട്രീയമായും സാംസ്കാരികമായും ഉണർന്നിരുന്നു. ബ്രിട്ടീഷുകാർക്കൊപ്പമായിരുന്ന ക്രിസ്തീയമതത്തെ ബിർസ ഉപേക്ഷിച്ചു. മതപരിവർത്തനത്തിനെതിരെ നിലയുറപ്പിച്ചു. ഒപ്പം ആദിവാസികളെ ബ്രിട്ടീഷുകാർക്കെതിരെ സംഘടിപ്പിച്ചു. മഹാറാണി ഭരണം തുലയട്ടെ, ഞങ്ങളുടെ രാജ്യം വാഴട്ടെ എന്നതായിരുന്നു ബിർസയുടെ പ്രശസ്തമായ മുദ്രാവാക്യം. ബിർസ മുണ്ട ഭൂമിയുടെ പിതാവ് എന്ന അർത്ഥം വരുന്ന 'ധർത്തി ആബ' എന്ന് വിളിക്കപ്പെട്ടു. ബിർസ തന്റെ വിപ്ലവത്തിനെ ഉൽഗുലാൻ എന്നു വിളിച്ചു. ആദിവാസികളുടെ പ്രവാചകനായി ബിർസ ഉയർന്നു.
ക്രമേണ ബിർസയുടെ നേതൃത്വത്തിൽ മേഖലയിലാകെ സായുധകലാപം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് സ്ഥാപനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ആയിരക്കണക്കിന് ആദിവാസികൾ ചെറുത്തുനിന്നു. പക്ഷെ 1900ൽ കമ്പനിയുടെ വൻ സന്നാഹം ആദിവാസികളെ ആക്രമിച്ച് കീഴടക്കി. ആയിരക്കണക്കിന് ആദിവാസികൾ പിടിയിലായി. ഏറെപ്പേർ കൊല്ലപ്പെട്ടു. ബിർസ സിങ്‌ഭും മലകളിലേക്ക് രക്ഷപ്പെട്ടെങ്കിലും തുടർന്ന് ജൻ കോപ്പയ് കാടുകളിലെ ചക്രധാർപൂരിൽ വെച്ച് പിടിയിലായി. തടവറയിൽ മർദ്ദനമേറ്റ് വെറും ഇരുപത്തഞ്ചാം വയസ്സിൽ ബിർസ രക്തസാക്ഷിയായി.
ഇന്ന് ജാർഖണ്ഡ് മേഖലയിൽ ദൈവതുല്യനാണ് ബിർസ. അദ്ദേഹത്തിന്റെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസ് ആയി ആഘോഷിക്കപ്പെടുന്നത് കർണാടകയിൽ വരെയാണ്. മഹാശ്വേതാ ദേവിയുടെ പ്രശസ്തമായ അരണ്യേർ അധികാർ എന്ന നോവലിന്റെ നായകനാണ് ബിർസ മുണ്ട.