മൂന്ന് സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ വാവെയ്ക്ക് പിന്നാലെ സാംസങും തയ്യാറെടുക്കുന്നു
സോൾ: ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കിടമത്സരം ലക്ഷ്യമിട്ട് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സാംസങ് 2025ല്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 7 എഫ്ഇ എന്നാണ് ഈ ഫോണിന്റെ പേരെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നിലവില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയ് (Huawei Mate XT) കമ്പനിക്ക് മാത്രമാണ് മൂന്ന് സ്ക്രീനുകളുള്ള ഫോണുള്ളത്. ഇതിന് മറുപടി എന്നോളമാണ് സാംസങും ട്രിപ്പിള്‍ ഫോള്‍ഡ് ഇറക്കാനൊരുങ്ങുന്നത്.
വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ്
undefined
2024 സെപ്റ്റംബര്‍ 9നാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ് ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്ട്ഫോണായ മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് ചൈനയില്‍ അവതരിപ്പിച്ചത്. ചൈനയില്‍ 19,999 യുവാനാണ് (2,35,109.78 ഇന്ത്യന്‍ രൂപ) ഈ ഫോണിന്റെ വില. വന്‍ വിലയ്ക്കിടയിലും ഫോണിന് ഭീമമായ പ്രീ-ബുക്കിംഗ് ലഭിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗാണ് ഫോണിന് ലഭിച്ചത്. 50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ, 5,600 എംഎഎച്ച് ബാറ്ററി, 66 വാട്ട്സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജര്‍, 50 വാട്ട്സ് വയര്‍ലെസ് ചാര്‍ജര്‍ എന്നിവയായിരുന്നു ഫോണിന്റെ സവിശേഷതകള്‍.
അതേസമയം ആപ്പിള്‍ കമ്പനിയും ട്രിപ്പിള്‍ സ്ക്രീനുള്ള ഫോള്‍ഡബിളിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഔട്ടര്‍ ഡിസ്പ്ലെയും ഇന്നര്‍ ഡിസ്പ്ലെയും മൂന്നാം ഡിസ്പ്ലെയും ചേരുന്നതോടെ രൂപഘടനയില്‍ 'വാവെയ് മേറ്റ് എക്സ്ടി'യുടെ അതേ രൂപത്തില്‍ വരുന്ന ട്രൈ-ഫോള്‍ഡബിളാണ് ഈ ഐഫോണ്‍ എന്നാണ് പേറ്റന്റ് വിവരങ്ങള്‍ വിശകലനം ചെയ്ത് പേറ്റന്റ്ലി ആപ്പിള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് ചെയ്തത്. വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റിന് പുറമെ സാംസങിന്റെയും ആപ്പിളിന്റെയും ട്രൈ-ഫോള്‍ഡുകള്‍ വന്നാല്‍ അത് ശ്രദ്ധേയ പോരാട്ടത്തിന് വിപണിയില്‍ വഴിതുറക്കും.
Read more: ട്രോളുന്നവരെ മൂന്നായി മടക്കിക്കൂട്ടാന്‍ ആപ്പിള്‍; ട്രൈ-ഫോള്‍ഡ് ഐഫോണ്‍ പേറ്റന്റ് വിവരങ്ങള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം