അമ്മായിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അയാളൊരു വഴി കണ്ടെത്തി. സ്വന്തമായുള്ള ചെമ്മരിയാടുകളെ ഹൃദയാകൃതിയില്‍ അണിനിരത്തുക. സ്വര്‍ഗത്തില്‍നിന്നും നോക്കുമ്പോള്‍ ആന്റിക്ക് കാണാനാവുംവിധം മനോഹരമായി അവയെ വിന്യസിപ്പിക്കുക.
മരിച്ചാല്‍ പോലും രക്ഷയില്ലാത്ത കാലമാണ് ഇതെന്ന് പറയാറുണ്ട്. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ പോലും ഒന്ന് പോവാനോ കാണാനോ പറ്റാത്ത അവസ്ഥ. യാത്രാ ബുദ്ധിമുട്ടും ലോക്ക്ഡൗണും രോഗപ്പകര്‍ച്ചാ ഭീഷണിയും അടക്കം അനേകം പ്രശ്‌നങ്ങള്‍.
അത്തരമൊരു സാഹചര്യമാണ് ഓസ്‌ട്രേലിയന്‍ കര്‍ഷകനായ ബെന്‍ ജാക്‌സണും ഉണ്ടായത്. ന്യൂ സൗത്ത് വെയില്‍സില്‍നിന്നും 400 കിലോ മീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ബെന്നിന്റെ പ്രിയപ്പെട്ട ഡിബി ആന്റി മരിച്ചു. രണ്ടു വര്‍ഷമായി കാന്‍സറിനോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. ബ്രിസ്‌ബെയിനിലാണ് അവരുടെ വീട്. കൊവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം അങ്ങോട്ട് പോവാനാവില്ല. പിന്നെന്ത് ചെയ്യും?
undefined
അമ്മായിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അയാളൊരു വഴി കണ്ടെത്തി. സ്വന്തമായുള്ള ചെമ്മരിയാടുകളെ ഹൃദയാകൃതിയില്‍ അണിനിരത്തുക. സ്വര്‍ഗത്തില്‍നിന്നും നോക്കുമ്പോള്‍ ആന്റിക്ക് കാണാനാവുംവിധം മനോഹരമായി അവയെ വിന്യസിപ്പിക്കുക. അനവധി തവണ അതിനായി ശ്രമങ്ങള്‍ നടത്തിയ ശേഷം അവസാനം അയാള്‍ വിജയിച്ചു. അതിമനോഹരമായ സ്‌നേഹാഞ്ജലിയായി മാറി അത്.
ചെമ്മരിയാടുകളെ വളര്‍ത്തുന്ന കര്‍ഷകനാണ് ബെന്‍. ഇഷ്ടം പോലെ ആടുകളുണ്ട് അയാള്‍ക്ക്. അവയെയെല്ലാം അയാള്‍ സ്വന്തം പാടത്തേക്കു കൊണ്ടുപോയി. എന്നിട്ട്, ഹൃദയാകൃതിയില്‍ ചെമ്മരിയാടുകള്‍ക്ക് തീറ്റയായി നല്‍കുന്ന ധാന്യങ്ങള്‍ മണ്ണില്‍ വിതറി. തീറ്റതേടി ഓടിച്ചെന്ന ആടുകള്‍ പതിയെ ഹൃദയാകൃതിയിലായി. ഡ്രോണ്‍ ഉപയോഗിച്ച് ഈ ദൃശ്യം പകര്‍ത്തിയപ്പോള്‍ അത് അപൂര്‍വ്വമായ ഹൃദയാഞ്ജലിയായി മാറി.
കഴിഞ്ഞ മാര്‍ച്ചിലാണ് താന്‍ അവസാനമായി ആന്റിയെ കണ്ടതെന്ന് ബെന്‍ ബിബിസിയോട് പറഞ്ഞു. ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വന്നതോടെ പിന്നെ കാണാനായില്ല. അതിനിടയാണ് മരണം അവരെ തേടിയെത്തിയത്. അവസാനമായി ഒരു നോക്ക് കാണണമെന്നാഗ്രിച്ചുവെങ്കിലും നടന്നില്ല. അങ്ങനെയാണ് വ്യത്യസ്തമായ ഈ പരിപാടിയിലേക്ക് ബെന്‍ എത്തിയത്.
ഇതിനു മുമ്പും ചെമ്മരിയാടുകളെ അണിനിരത്തി ചില രൂപങ്ങള്‍ ബെന്‍ ഉണ്ടാക്കിയിരുന്നു. അതൊന്നും അത്ര വിജയകരമായിരുന്നില്ല. എന്നാല്‍, ഇത് അങ്ങനെയായിരുന്നില്ല. മനോഹരമായ അനുഭവമായി മാറി.
ഇതും അത്ര എളുപ്പമായിരുന്നില്ല എന്നു പറയുന്നു ബെന്‍. എത്രയോ വട്ടം ചെയ്തുനോക്കിയ ശേഷമാണ് അവസാനം ശരിയായത്. പല വട്ടവും ചെമ്മരിയാടുകള്‍ വിചിത്രമായ രൂപത്തിലേക്ക് വന്നു നിന്നു. ഒരു തവണ പരിഹാസത്തെ കുറിക്കുന്ന ഒരു ഇമോജിയുടെ രൂപമായി അത് മാറി. പക്ഷേ, ബെന്‍ ശ്രമം അവസാനിപ്പിച്ചില്ല. അങ്ങനെ ലോകത്തിനു മുന്നില്‍ അസാധാരണമായ ആ വീഡിയോ സംഭവിച്ചു.
വീഡിയോ തയ്യാറായ ശേഷം ആദ്യം ബന്ധുക്കള്‍ക്കാണ് ബെന്‍ അയച്ചത്. തിങ്കളാഴ്ചയായിരുന്നു ആന്റിയുടെ സംസ്‌കാര ചടങ്ങുകള്‍. അവിടെ വലിയ മോണിറ്ററില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചു. ആന്റിക്ക് ഏറ്റും പ്രിയപ്പെട്ട പാട്ടുകള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിക്കുകയും ചെയ്തു.
ബെന്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിനു പിന്നാലെ ഇത് വൈറലായി മാറി. ഓസ്‌ട്രേലിയന്‍ ദൃശ്യമാധ്യമങ്ങളെല്ലാം ഇതു സംപ്രേഷണം ചെയ്തു. തൊട്ടുപിന്നാലെ ലോകമാകെ ഇത് വാര്‍ത്തയായി. വീഡിയോ ഗ്ലോബല്‍ ഹിറ്റായി മാറി. ഇതിലും വലിയ ആദരവ് ആന്റിക്ക് ലഭിക്കാനില്ലെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona