സസ്യാഹാര സ്റ്റാളില്‍ ഒരു ഈച്ച പോലും ചെല്ലുന്നില്ല. അതേസമയം മാംസാഹാര സ്റ്റാളിലേക്ക് ജനം ഇടിച്ച് കയറുന്നതും മറ്റുള്ളവരുടെ പ്ലേറ്റില്‍ നിന്നും ഭക്ഷണം കൈയിട്ട് വാരുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹ സീസണാണ്. 2024 ഓക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളിലാകട്ടെ വിവാഹ ആഘോഷങ്ങള്‍ക്കിടയിലെ തമാശകളുടെ പൂരമാണ്. ഓരോ ദിവസവും വ്യത്യസ്തമായ വിവാഹ ആഘോഷങ്ങളുടെയും വിവാഹത്തിനിടെ സംഭവിച്ച രസകരമായ മുഹൂര്‍ത്തങ്ങളുടെയും നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും സമൂഹ മധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്നത്. ഇതിനിടെ ഡോ. മുഹമ്മദ് ജുവൈദ് എന്ന സമൂഹ മാധ്യമ ഉപയോക്താവ് പങ്കുവച്ച രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു വിവാഹ സത്ക്കാരത്തിനിടെ സസ്യാഹാരവും മാംസാഹാരവും വിളമ്പിയ രണ്ട് ബുഫേ കൌണ്ടറുകളാണ് വീഡിയോയില്‍ ഉള്ളത്.
വിവാഹ സത്ക്കാരത്തിലെ സസ്യാഹാര സ്റ്റാളും മാംസാഹാര സ്റ്റാളും തമ്മിലുള്ള അങ്കം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ സസ്യാഹാരം വച്ചിരിക്കുന്ന കൌണ്ടറിലെ ആളുകള്‍ തങ്ങളുടെ സമീപത്തേക്ക് ആരും വരാത്തതിനാല്‍ പാട്ടും പാടി താളമടിച്ച് അലക്ഷ്യരായി ഇരിക്കുന്നു. അതേസമയം മാംസാഹാരം വച്ചിരിക്കുന്ന കൌണ്ടറിലാകട്ടെ ആളുകള്‍ തിക്കിത്തിരക്കുകയും മറ്റുള്ളവരുടെ പ്ലേറ്റുകളില്‍ നിന്ന് വരെ ഭക്ഷണം വാരിയെടുക്കുകയും ചെയ്യുന്നത് കാണാം. വിവിധതരത്തിലുള്ള മാംസാഹാരങ്ങളാണ് അതിഥികള്‍ക്കായി തയ്യാറാക്കപ്പെടുന്നത്. സ്റ്റാളിന് മുന്നില്‍ നൂറുകണക്കിന് ആളുകള്‍ കൂടി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കൌണ്ടറില്‍ ഭക്ഷണം വിളമ്പാനായി നില്‍ക്കുന്നയാള്‍ മാംസാഹാരവും കൊണ്ട് വരുമ്പോള്‍ തന്നെ ആളുകള്‍ അതില്‍ നിന്നും കൈയിട്ട് വാരുന്നതും വീഡിയോയിൽ കാണാം.
undefined
അതിഥികളുടെ ആവേശവും പലപ്പോഴും അതിരുവിടുന്നു. മാംസാഹാര സ്റ്റാളില്‍ നില്‍ക്കുന്ന വേയ്റ്റർമാരാകട്ടെ നിന്ന് തിരിയാന്‍ സമയമില്ലാതെ ഓടി നടക്കുന്നു. അതേസമയം സസ്യാഹാര സ്റ്റാളിലുള്ളവര്‍ എന്തിനാണ് തങ്ങള്‍ അവിടെ എത്തിയത് എന്നത് പോലും മറന്ന് പോയ ഭാവത്തില്‍ ഈച്ചയാട്ടി നില്‍ക്കുന്നു. വീഡിയോ ആളുകളുടെ ഭക്ഷണത്തോടുള്ള മനോഭാവത്തൊണ് പ്രകടിപ്പിക്കുന്നത്. സസ്യാഹാര ഭക്ഷണത്തെക്കാള്‍ ആളുകള്‍ ആഗ്രഹിക്കുന്നത് അല്പം എരിവും പുളിയുമൊക്കെയുള്ള മാംസാഹാരമാണ്. വീഡിയോയ്ക്ക് താഴെ രൂക്ഷമായ കുറിപ്പുകള്‍ ലഭിക്കുമെന്നതിനാലാകാം കമന്‍റ് ബോക്സ് ബ്ലോക്കാണ്. അതേസമയം മൂന്നരക്കോടി പേരാണ് വീഡിയോ കണ്ടത്. ആറ് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു.