തലയ്ക്കു മുകളിലൂടെ പതിയെ പറന്നു വന്ന ഡ്രോണിനെ കണ്ടപ്പോള്‍ ആ മുതലയ്ക്ക് ഒട്ടും പിടിച്ചില്ലെന്ന് തോന്നുന്നു. 'ആരടാ എന്റെ വീഡിയോ പകര്‍ത്തുന്നു' എന്ന മട്ടില്‍ വെള്ളത്തില്‍നിന്നും അതൊരൊറ്റ ചാട്ടം.
തലയ്ക്കു മുകളിലൂടെ പതിയെ പറന്നു വന്ന ഡ്രോണിനെ കണ്ടപ്പോള്‍ ആ മുതലയ്ക്ക് ഒട്ടും പിടിച്ചില്ലെന്ന് തോന്നുന്നു. 'ആരടാ എന്റെ വീഡിയോ പകര്‍ത്തുന്നു' എന്ന മട്ടില്‍ വെള്ളത്തില്‍നിന്നും അതൊരൊറ്റ ചാട്ടം. കടിച്ചെടുക്കാനായിരുന്നു ശ്രമമെങ്കിലും തുറന്നുകിടന്ന ആ വലിയ വായിലേക്ക് ഡോണ്‍ വീണില്ല. മുതലയുടെ ആഞ്ഞ കടിയേറ്റ ഡ്രോണ്‍ അപ്പുറത്തെവിടെയോ തെറിച്ചു വീണു.
രസകരമായ ഈ സംഭവം ഓസ്‌ട്രേലിയയിലാണ് നടന്നത്. ഓസ്‌ട്രേലിയയിലെ എ ബി സി ചാനലിനു വേണ്ടിയുള്ള ഒരു ഡോക്യുമെന്റി നിര്‍മാണത്തിനിടെയാണ് മുതല ഡ്രോണിനെ ആക്രമിച്ചത്. പാര്‍ക്ക് ഡാര്‍വിനിലെ മുതലകളെക്കുറിച്ചായിരുന്നു ഡോക്യുമെന്ററി. പുതുതായി വാങ്ങിയ ഒരു ഡ്രോണ്‍ ഉപയോഗിച്ച് മുതലകളെ ഷൂട്ട് ചെയ്യുകയായിരുന്നു എ ബിസിയുടെ ക്യാമറാമാന്‍.
undefined
കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയായിരുന്നു. ആകാശത്തുനിന്നുള്ള കിടിലന്‍ ദൃശ്യങ്ങള്‍ ക്യാമറ പകര്‍ത്തിക്കൊണ്ടിരുന്നു. ഇളം പച്ച നിറമുള്ള വെള്ളത്തിലൂടെ മെല്ലെ വരുന്ന മുതലകളെ അത് പകര്‍ത്തിക്കൊണ്ടിരുന്നു.
അന്നേരമാണ് അത് സംഭവിച്ചത്. ഇനി ആ ക്യാമറാമാന്‍ പറയും:
''ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെ, പെട്ടെന്ന് സ്‌ക്രീനില്‍ ഇരുട്ടായി. ഒന്നും കാണാതാനില്ലാതായി. ഡ്രോണിന് എന്തോ പറ്റിയെന്ന് മനസ്സിലായി. എന്നാല്‍, എന്താണ് സംഭവിച്ചത് എന്നൊരു പിടിയും കിട്ടിയില്ല. അപ്പോഴാണ് അടുത്തുള്ള ഒരാള്‍, ഒരു മുതല ചാടി വന്ന് അതിനെ കടിച്ചെന്നു പറഞ്ഞത്. പിന്നെ അന്വേഷണമായി. ''
അന്വേഷിച്ചിട്ടൊന്നും ഡ്രോണ്‍ കിട്ടിയില്ല. പക്ഷേ, രണ്ടാഴ്ചക്കു ശേഷം പാര്‍ക്ക് അധികൃതര്‍ ചാനലിലേക്ക് വിളിച്ചു. മുതലയെ ചിത്രീകരിച്ച പൊയ്കയ്ക്കടുത്തു നിന്നും ആ ഡ്രോണ്‍ കിട്ടിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.
ചെന്നുനോക്കിയപ്പോള്‍ ഡ്രോണ്‍ കിട്ടി. പക്ഷേ, അവസ്ഥ പരിതാപകരമായിരുന്നു. അത് ഉപയോഗശൂന്യമായിരുന്നുവെങ്കിലും മിടുക്കരായ ടെക്‌നീഷ്യന്‍മാര്‍ അതിനുള്ളിലെ ക്യാമറയില്‍നിന്നും ദൃശ്യങ്ങള്‍ തിരിച്ചെടുത്തു. ദൃശ്യങ്ങള്‍ കണ്ടതും എല്ലാവരും ഞെട്ടി.
ദൃശ്യങ്ങളില്‍ നമ്മുടെ വില്ലനായ മുതലയുണ്ട്. അതിങ്ങനെ പതിയെ പൊയ്കയിലൂടെ നീന്തിവരുന്നു. മുകളിലൂടെ പറക്കുന്ന ഡ്രോണ്‍ അതിനെ നന്നായിത്തന്നെ പകര്‍ത്തുന്നുണ്ട്. അതിനിടെ, അടുത്ത നിമിഷം, മുതല മുകളിലേക്ക് പറന്നുവന്ന്, ഡ്രോണിനു നേര്‍ക്ക് വാ തുറക്കുന്നു. താടിയല്ലുകള്‍ കൂട്ടിയടിച്ച ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാനാവും. പിന്നൊന്നും കാണാനില്ല. ഇരുട്ട്.
ആ ദൃശ്യങ്ങള്‍ ചാനല്‍ ടെലികാസ്റ്റ് ചെയ്തു. രസകരമായ ആ ദൃശ്യങ്ങള്‍ തന്ന ഡ്രോണ്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമാണ്. എ ബി സി ന്യൂസ് റൂമില്‍ വെറുതെ തൂക്കിയിട്ടിരിക്കുകയാണ് ഇപ്പോഴത്.