സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുക എന്നത് ഇന്ന് ഒരു ആഘോഷമാണ്. അതേ നിങ്ങളുടെ ചിത്രങ്ങള്‍ പുതിയ ഭാവം തന്നെ നല്‍കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പ് തരംഗമാകുന്നു. പിക്ചര്‍ ഫില്‍ട്ടര്‍ ആപ്പ് പ്രിസ്മ തരംഗമായി മാറുകയാണ്. എടുത്ത ചിത്രങ്ങളെ ഒരു മോഡേണ്‍ പെയ്ന്റിംഗിന് സമാനമായ രീതിയിലേക്ക് പരിഷ്‌ക്കരിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നല്‍കുന്ന ആപ്പ് ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ പ്രത്യക്ഷപ്പെട്ട ശേഷം ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഒരു ബോറന്‍ ഇമേജിനെ പോലും മികവുറ്റ ഒരു കലോപഹാരമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കി മാറ്റുന്ന ഘടകം. ഗൂഗിള്‍ പ്‌ളേയിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഒരു നൂറായിരം ഫോട്ടോ എഡിറ്റിംഗ് ആപ്പുകള്‍ ഉണ്ടെങ്കിലും പ്രിസ്മ നല്‍കുന്നത് പുത്തന്‍ അനുഭവം എന്നാണ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം.
undefined
അലക്‌സി മൊയ്‌സീന്‍കോവ് എന്ന 25കാരനാണ് ഈ ഹിറ്റ് ആപ്പിന്റെ സൃഷ്ടാവ്. അലക്‌സിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് റഷ്യയില്‍ നടത്തുന്ന സ്റ്റാര്‍ട്ട് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. ഐഫോണില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ന്യൂറല്‍ നെറ്റ്‌വര്‍ക്കും ഉപയോഗിച്ചാണ് പ്രിസ്മ പ്രവര്‍ത്തിക്കുന്നത്. ചിത്രകലയിലെ വിവിധ സങ്കേതങ്ങളെ ഓര്‍മിപ്പിക്കുന്ന ഇംപ്രഷന്‍, ഗോത്തിക്ക്, മൊസൈക്ക് തുടങ്ങി 33 ഫില്‍ട്ടറുകളാണ് ഇപ്പോള്‍ പ്രിസ്മയിലുള്ളത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുളളത് തിരഞ്ഞെടുക്കാം.
”ജനങ്ങള്‍ക്ക് പുതുതായെന്തെങ്കിലും ചെയ്യാന്‍ ഇഷ്ടമാണ്. ഞങ്ങളവരെ സഹായിക്കുന്നു എന്ന് മാത്രം”. പ്രിസ്മ സ്ഥാപകനായ അലക്സി പറയുന്നു. പ്രിസ്മയുടെ വീഡിയോ ആപ്പ് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം അലക്‌സി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിസ്മ വീഡിയോ ആപ്പ് ഏറെ വൈകാതെ പുറത്തിറങ്ങുമെന്ന് അലക്‌സി സൂചിപ്പിക്കുന്നുണ്ട്.