മൊബൈൽ ഫോണുമായി അമിത ആത്മബന്ധം സ്ഥാപിച്ചിരിക്കുന്ന ആധുനിക മനുഷ്യൻ കടന്നുപോകുന്ന പല അവസ്ഥകളിൽ ഒന്നായ ഫാന്റം വൈബ്രേഷണൽ സിൻഡ്രോമിനെക്കുറിച്ച് അരുണ്‍ അശോകന്‍ എഴുതുന്നു
undefined
നിങ്ങളിൽ എത്രപേർ പ്രേതങ്ങളെ നേരിൽ കണ്ടിട്ടുണ്ട് ? അത്തരം അനുഭവമുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കും. ഇനി അഥവാ, സ്ഥിരമായി പ്രേതത്തെ കാണാറുണ്ടെന്ന് ആരെങ്കിലും അവകാശപ്പെടുകയാണെങ്കിൽ അയാളെ എത്രയും പെട്ടെന്ന് മനശാസ്ത്രജ്ഞനെ കാണിക്കണമെന്നതാണ് സമൂഹത്തിന്റെ നിലപാട്. ഇല്ലാത്ത ആളുകളെ കാണുന്നത് മാനസിക പ്രശ്നമാണ്. കാഴ്ച മാത്രമല്ല ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നതും, ഇല്ലാത്ത വൈബ്രേഷൻ ഉണ്ടെന്ന് തോന്നുന്നതും മാനസിക പ്രശ്നമാണ് . മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പത്തിൽ ഒൻപതു പേരും ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നവരും മായികമായ വൈബ്രേഷൻ അനുഭവിക്കുന്നവരുമാണ്.
കുളിച്ചുകൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ബെല്ലടിക്കുന്നുവെന്ന് തോന്നുക. ഭാര്യയെ വിളിച്ച് ഫോണെടുപ്പിച്ച് നോക്കുമ്പോൾ ആരും വിളിച്ചിട്ടുണ്ടാകില്ല. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഫോണിൽ വൈബ്രേഷൻ ഉണ്ടാകുന്നത്. ട്രാഫിക്കൊക്കെ മറികടന്ന് എവിടെയെങ്കിലും ബൈക്ക് ഒതുക്കി നിർത്തി ഫോണെടുത്ത് നോക്കുമ്പോൾ ആരും വിളിച്ചിട്ടില്ല. ഇത്തരം അനുഭവത്തിലൂടെ നിങ്ങളും കടന്നുപോയിട്ടുണ്ടാകും. ഈ അവസ്ഥയ്ക്ക് പറയുന്ന പേരാണ് ഫാന്റം വൈബ്രേഷണൽ സിൻഡ്രോം അഥവാ റിംഗ്സൈറ്റി (ringxiety).
ന്യൂ പിറ്റ്സ്ബർഗ് കൊറിയറിൽ 2003ൽ വന്നൊരു ലേഖനമാണ് ആദ്യമായി ഫാന്റം വൈബ്രേഷണൽ സിൻഡ്രോം എന്ന വാക്ക് ഉപയോഗിച്ചത് . അതിന് മുൻപ് തന്നെ ഫാന്റം പേജർ സിൻഡ്രോം എന്ന് മറ്റൊരു വാക്ക് ഉപയോഗത്തിലുണ്ട്. മൊബൈൽ ഫോൺ വ്യാപകമാകുന്നതിന് മുൻപ് പേജർ ഉപയോഗിച്ചിരുന്നവരിൽ കണ്ടിരുന്ന അവസ്ഥയാണിത്. 2003ൽ നിന്ന് ഇന്നത്തെ അവസ്ഥ ഒരുപാട് മാറിയിരിക്കുന്നു. സ്മാർട്ട് ഫോണില്ലാതെ ഒരു നിമിഷം കഴിയാനാകില്ലെന്ന അവസ്ഥയിലാണ് ആധുനിക മനുഷ്യൻ. മൊബൈൽ ഫോണുമായി അമിത ആത്മബന്ധം സ്ഥാപിച്ചിരിക്കുന്ന ആധുനിക മനുഷ്യൻ കടന്നുപോകുന്ന പല അവസ്ഥകളിൽ ഒന്നാണ് ഫാന്റം വൈബ്രേഷണൽ സിൻഡ്രോം.
മൊബൈൽ ഫോൺ സ്ഥിരമായി ശരീരത്തിന്റെ ഒരു ഭാഗത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കുക, വൈബ്രേഷൻ മോഡിൽ സൂക്ഷിക്കുന്ന സമയം കുറയ്ക്കുക ഒക്കെ ഇത്തരം അനുഭവങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കാവുന്ന നടപടികളാണ്. സ്ഥിരമായുള്ള സൈബർ ബന്ധനത്തിന് ഇടയ്ക്കൊക്കെ ഇടവേള നൽകുകയെന്നതാണ് ഏറ്റവും ഉത്തമമായ മാർഗം. അങ്ങനെ സൈബർ ലോകത്ത് നിന്നുളള പ്രേതബാധകളെ നമുക്കും അകറ്റിനിർത്താം.