ട്വിറ്ററിൽ മസ്ക്ക് നയം നടപ്പാക്കുന്നു, ഇന്ത്യൻ ജീവനക്കാർക്കും വമ്പൻ ഷോക്ക്, കൂട്ട പിരിച്ചുവിടൽ

By Web Team  |  First Published Nov 4, 2022, 7:47 PM IST

ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്


ദില്ലി: ശത കോടീശ്വരൻ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിന്‍റെ ഞെട്ടലിലാണ്. എഞ്ചിനീയറിങ് , മാർക്കറ്റിങ്  , സെയിൽസ് വിഭാഗത്തിലെ നിരവധി പേരെയാണ് ഇന്ത്യയിൽ പുറത്താക്കിയത്. ട്വിറ്ററിന് ഇന്ത്യയിൽ 200 ൽ അധികം ജീവനക്കാരാണ് ഉള്ളത്. ഇതിൽ എത്രപേരെ പുറത്താക്കി എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരം വരും ദിവസങ്ങളിലെ ഉണ്ടാകു. എന്നാൽ നിരവധി പേരെ ഇതിനകം പുറത്താക്കിക്കഴിഞ്ഞു. പുറത്താക്കൽ നടപടിക്ക് മുൻപ് ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയോ എന്നതിൽ സ്ഥിരീകരണമില്ല. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം സംബന്ധിച്ച വിവരം അറിയിക്കാമെന്നാണ് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്.

ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

Latest Videos

undefined

നേരത്തെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സി ഇ ഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ സി ഇ ഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളിൽ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. അതുകൊണ്ടുതന്നെയാണ് മസ്ക്ക് ഏറ്റെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ സ്ഥാനം തെറിച്ചത്. പരാഗ് അഗർവാളിനൊപ്പം ഫിനാൻസ് ചീഫ് നെഡ് സെഗാൾ, സീനിയർ ലീഗൽ സ്റ്റാഫർമാരായ വിജയ ഗാഡ്‌ഡെ, സീൻ എഡ്‌ജെറ്റ് എന്നിവരെയും മസ്‌ക് ആദ്യം തന്നെ പുറത്താക്കിയിരുന്നു.

ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

click me!