ദിവസങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ടൊറന്‍റ്സ്.ഇയു മെറ്റാ-സെര്‍ച്ച് എന്‍ജിന്‍ തിരിച്ചുവന്നു. ‘ക്ലോണ്‍ രൂപത്തി’ലാണ് ടൊറന്‍റ്സ്.ഇയുവിന്‍റെ തിരിച്ചുവരവ്. ടൊറന്‍റ്സ്2.ഇയു എന്നാണ് പുതിയ പേര്. ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടൊറന്‍റ്സ്.ഇയു പ്രവര്‍ത്തനം നിര്‍ത്തി ദിവസങ്ങള്‍ക്കകമാണ് അതിന്റെ ‘ക്ലോണ്‍ സൈറ്റ്’ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
മറ്റൊരു പ്രധാന ടോറന്റ് സൈറ്റായ ‘കിക്കാസ് ടോറന്റ്‌സ്’ പൂട്ടിയതിന് പിന്നാലെയായിരുന്നു ടൊറന്‍റ്സ്.ഇയുവും അപ്രത്യക്ഷമായത്. ടൊറന്‍റ്സ്2.ഇയു എന്ന യുആര്‍എല്‍ സെര്‍ച്ചില്‍ തെളിയുന്ന ഹോംപേജില്‍ ഇത് ടൊറന്‍റ്സ്.ഇയുന്‍റെ‘ക്ലോണ്‍’ ആണെന്ന വിശദീകരണമുണ്ട്.
അനേകം സെര്‍ച്ച് എന്‍ജിനുകളില്‍ നിന്നുള്ള റിസള്‍ട്ടുകള്‍ സമാഹരിച്ചുള്ള മെറ്റാ-സെര്‍ച്ചിംഗാണ് തങ്ങള്‍ വേഗത്തിലും സൗജന്യമായും നല്‍കുന്നതെന്നും പറയുന്നു. 12 കോടിയിലേറെ പേജുകളില്‍ നിന്നുള്ള 5.9 കോടിയോളം ടോറന്റുകള്‍ തങ്ങള്‍ ഇന്‍ഡെക്‌സ് ചെയ്യുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.