ന്യൂയോര്‍ക്ക്: ഉത്തര അറ്റ്ലാന്റിക്കിൽ കണ്ടുവരുന്ന തിമിംഗലങ്ങൾ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് അമേരിക്കൻ സർക്കാരിന്റെ മുന്നറിയിപ്പ്. വംശനാശത്തിന്റെ പടിക്കലെത്തിയിരിക്കുന്ന റെറ്റ് വെയ്ൽ എന്ന ഇനം തിമിംഗലങ്ങൾ ഇനി 450 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അമേരിക്കയുടെ നാഷണൽ ഓഷനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (നോവ) പറയുന്നു.
ഈ വർഷം 17 തിമിംഗലങ്ങൾ ചത്തു. തിമിംഗലങ്ങളുടെ സംരക്ഷണത്തിന് അമേരിക്കൻ, കനേഡിയൻ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും നോവ നിർദേശിച്ചു. ഈ വർഷം മരണസംഖ്യ ഉയർന്നതും പ്രജനനം ഗണ്യമായി കുറഞ്ഞതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രജനനശേഷിയുള്ള 100 പെൺതിമിംഗലങ്ങൾ മാത്രമേ ഉത്തര അറ്റ്ലാന്റിക്കിൽ ഉള്ളൂവെന്നാണ് കണ്ടെത്തൽ.
2010നു ശേഷം റൈറ്റ് വെയ്ലുകളുടെ എണ്ണം ക്രമാതീതമായി താഴുകയാണ്. ആൺതിമിംഗലങ്ങളെ അപേക്ഷിച്ച് പെൺതിമിംഗലങ്ങളാണ് പ്രധാനമായും ആക്രമണത്തിനിരയാകുന്നത്. അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ള മനുഷ്യരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തണമെന്ന് നോവയുടെ ഗവേഷകനായ മാർക്ക് മുറേ ബ്രൗൺ പറയുന്നു. കപ്പലിടിക്കുന്നതും മത്സ്യബന്ധന വലകളിൽ ഉടക്കുന്നതുമാണ് തിമിംഗലങ്ങളുടെ പ്രധാന മരണകാരണങ്ങൾ.