ബര്‍ലിന്‍: ജർമൻ സ്വദേശിയായ ആർക്കിടെക്ട് മാർക്ക് വുബെൻഹോസ്റ്റിന് ദിവസം 20 ലിറ്റര്‍ വെള്ളം കുടിക്കണം. അല്ലെങ്കില്‍ മരണം ഉറപ്പാണ്.
"ഡയബറ്റിക് ഇൻസിപിഡസ്' എന്ന അപൂർവ രോഗമാണ് ഇദ്ദേഹത്തിന്. ഇത്തരം രോഗമുള്ളവർക്ക് അമിതമായി ദാഹമുണ്ടാകും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ വിയർക്കുകയും ശരീരത്തിലെ ജലാംശം നഷ്ടമാകുകയും ചെയ്യും.
അമിതമായ ദാഹം കാരണം കൃത്യ സമയത്ത് വെള്ളം കുടിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണം വരെ അദ്ദേഹത്തിന് സംഭവിക്കാം. അമിതമായ ദാഹമെന്ന ഈ അവസ്ഥ, ഓർമ വച്ച കാലം മുതൽ മാർക്കിനൊപ്പമുണ്ട്. ഒരു സാധാരണ മനുഷ്യനുള്ളതു പോലത്തെ ദാഹമല്ല അദ്ദേഹത്തിനുള്ളത്. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാലും അദ്ദേഹത്തിന്റെ ദാഹം ശമിക്കുകയില്ല.
undefined
തന്റെ ദാഹം സഹിച്ച് ഒരുമണിക്കൂറിൽ കൂടുതൽ സമയം നിൽക്കാനും മാർക്കിനാകില്ല. അപ്പോഴേക്കും അസ്വസ്ഥതയുടെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങും. തന്റെ ഈ ആരോഗ്യ പ്രശ്നം ഒരിക്കലും മാറില്ലെന്ന് അറിഞ്ഞിട്ടും ഈ അവസ്ഥയോട് പൊരുത്തപ്പെടാൻ മാർക്ക് ശ്രമിച്ചിരുന്നു. പക്ഷെ അതിൽ പരാജയപ്പെട്ട അദ്ദേഹം കൂട്ടുകാരിൽ നിന്നുമെല്ലാം ഒറ്റയ്ക്കു നടക്കാനും സമയം ചിലവഴിക്കാനും തുടങ്ങി.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുരാത്രി പോലും തുടർച്ചയായി രണ്ടുമണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഒരു ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അന്‍പത് പ്രാവശ്യമെങ്കിലും അദ്ദേഹം ടോയ്ലറ്റിലും പോകും.
കൃത്യസമയത്ത് വെള്ളം കുടിക്കാൻ കിട്ടാതിരുന്നതുകൊണ്ട് മരണം മുന്നിൽ കണ്ട അവസ്ഥയും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാത്രി 10.30ന് കൈയിൽ ഒരു കുപ്പി വെള്ളം പോലുമില്ലാതെ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹം ഇരുന്ന സ്ഥലത്ത് ആളുകളുമില്ലായിരുന്നു. യാത്രക്കിടെ ട്രെയിൻ തകരാറിലായി.
അടുത്തെങ്ങും വെള്ളം കിട്ടാനുള്ള യാതൊരു സാഹചര്യവുമില്ല. ട്രെയിനിൽ നിന്നുമിറങ്ങിയ അദ്ദേഹം അൽപ്പം വെള്ളത്തിനായി അലഞ്ഞു നടന്നു. അപ്പോഴേക്കും സമയത്ത് വെള്ളം ലഭിക്കാത്തതിനാൽ ശരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പെട്ടെന്നാണ് അദ്ദേഹം ഒരു സുഹൃത്തിനെ കാണുന്നത്. മാർക്കിന്റെ പ്രശ്നങ്ങൾ അറിയാമായിരുന്ന അദ്ദേഹം പെട്ടന്നു തന്നെ അദ്ദേഹത്തിന് വെള്ളം നൽകുകയും ജീവൻ രക്ഷിക്കുകയുമായിരുന്നു.