മെല്‍ബണ്‍: മനുഷ്യന്റെ കണക്ക് പഠനം പ്രതീക്ഷിച്ചതിലും മുന്‍പേ തുടങ്ങിയതാണെന്ന് പഠനം. ബാബിലോണിയൻ സംസ്കാരത്തിന്റെ തുടക്കത്തിൽത്തന്നെ ഗണിത സിദ്ധാന്തങ്ങൾ രൂപപ്പെട്ടിരുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ൽസിലെ ഗണിതജ്ഞരായ ഡാനിയേൽ മാൻസ്ഫീൽഡും നോർമൻ വൈൽഡ്ബെർഗറുമാണ് 2015ൽ പ്രാരംഭ കണ്ടെത്തൽ നടത്തിയത്. തുടർന്നു രണ്ടു വർഷത്തെ ശ്രമഫലമായാണ് പുതിയ നിഗമനത്തിൽ എത്തിച്ചേർന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ആർക്കിയോളജിസ്റ്റായ എഡ്ഗർ ബാങ്ക്സ് 3,700 വർഷം പഴക്കമുള്ള ഒരു ശില കണ്ടെത്തിയിരുന്നു. ദക്ഷിണ ഇറാക്കിൽനിന്നു ലഭിച്ച ആ ശിലയിൽ നാലു കോളങ്ങളിലും 15 വരികളിലുമായി കുറിച്ചിരിക്കുന്ന വിവരങ്ങൾ പഠിച്ചാണ് പുതിയ നിഗമനങ്ങൾ പുറത്തുവന്നത്. 1940ലാണ് ഈ ശിലയേക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചത്. സംഖ്യാശ്രേണിയുള്ള പട്ടികയായിരുന്നതിനാൽ പൈഥഗോറിയൻ സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ് അതിലെ വിവരങ്ങളെന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്. എന്നാൽ, അതൊരു ട്രിഗ്ണോമെട്രിക് പട്ടികയാണെന്നാണ് ഗണിതജ്ഞരുടെ ഇപ്പോഴത്തെ കണ്ടെത്തൽ.
നിവധി വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ 1000 വർഷങ്ങൾക്കു മുന്‍പ് ഗ്രീക്കുകാരാണ് ട്രിഗ്ണോമെട്രി കണ്ടെത്തിയതെന്നുള്ള ഇതുവരെയുള്ള ചരിത്രം ബാബിലോണിയൻസ് തിരുത്തിയെന്നു പറയേണ്ടിവരും. എന്നാൽ, ഇക്കാര്യത്തിൽ ഗണിതജ്ഞർക്ക് ഭിന്നാഭിപ്രായവുമുണ്ട്.