ന്യൂയോര്‍ക്ക്: അടുത്തിടെ വിവാദചുഴിയില്‍ പെട്ട് ഉലയുകയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക്. പ്രൈവസി വിവാദവും, ഫേക്ക് ന്യൂസ് വിവാദവും സാമന്യം പരിക്കില്ലാതെ കഴിയുമ്പോഴാണ് ഫേസ്ബുക്കിന് വെല്ലുവിളിയായി പുതിയ വിവരം. ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഉള്ള യുഎസ്എയിലാണ് ഫേസ്ബുക്കിന് തിരിച്ചടി കിട്ടിയത്. യുവാക്കള്‍ക്കിടയില്‍ ഫേസ്ബുക്കിനോടുള്ള താല്‍പ്പര്യം കുറഞ്ഞ് വരുകയാണെന്നാണ് പ്യൂ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
അമേരിക്കയിലെ 85 ശതമാനം യുവാക്കളും യൂട്യൂബാണ് ഉപയോഗിക്കുന്നത്. 51 ശതമാനം മാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ്ബുക്കിന്‍റെ മുഖ്യ സേവനത്തിന് കൗമാരക്കാര്‍ക്കിടയില്‍ പ്രചാരം കുറവാണെങ്കിലും ഫെയ്‌സ്ബുക്കിന്‍റെ മറ്റ് സേവനങ്ങള്‍ മുന്നിലുണ്ട്. ഫേസ്ബുക്ക് സേവനമായ ഇന്‍സ്റ്റഗ്രാം 72 ശതമാനം കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ട്. 69 ശതമാനമാണ് സ്‌നാപ്ചാറ്റിന്റെ പ്രചാരം. അമേരിക്കയിലെ 743 കൗമാരക്കാരെ അടിസ്ഥാനമാക്കിയാണ് പ്യൂ സര്‍വ്വേ നടത്തിയത്.