ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് കുറയ്ക്കുന്ന റോക്കറ്റ് പരീക്ഷണം വിജയം

By Web Desk  |  First Published Mar 31, 2017, 10:47 AM IST

ഫ്ലോറി‍ഡ: റോക്കറ്റ് പുനരുപയോഗിച്ച് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഏജന്‍സി സ്പൈസ് എക്സ് നിര്‍ണ്ണായക വിജയം കൈവരിച്ചു. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുത്തനെ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഈ പരീക്ഷണ വിജയം. ഒരു റോക്കറ്റ് ഒരു ബഹിരാകാശ ദൗത്യത്തോടെ ഇല്ലാതാകുന്നു എന്ന പതിവിനാണ് ഇതിലൂടെ മാറ്റം വരുന്നത്. ഓരോ തവണയും പുതിയ റോക്കറ്റ് നിർമിക്കാൻ ചെലവഴിക്കുന്ന തുക ലാഭിക്കാൻ സ്പേസ് ഏജൻസികൾക്കു കഴിയും. 

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് ഫാൽക്കണ്‍ 9 എന്ന യൂസ്ഡ് റോക്കറ്റ് കുതിച്ചുയർന്നത്. നിശ്ചിത സമയത്തെ ദൗത്യത്തിനു ശേഷം അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന കപ്പലിന്‍റെ മേൽത്തട്ടിൽ റോക്കറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്തു.  വിക്ഷേപിച്ച റോക്കറ്റ് തിരികെ കപ്പലിൽ ലാൻഡ് ചെയ്യിക്കുക എന്ന റിക്കാർഡ് കഴഞ്ഞ 2016 ഏപ്രിലിൽ സ്പേസ് എക്സ് സ്വന്തമാക്കിയിരുന്നു. അതേ റോക്കറ്റ് തന്നെയാണ് ഇപ്പോഴത്തെ വിക്ഷേപണത്തിനായി വീണ്ടും അറ്റകുറ്റപ്പണി നടത്തി തയാറാക്കിയത്.

Latest Videos

undefined

2016 ഏപ്രിലിൽ വിക്ഷേപണത്തിനു ശേഷം കപ്പലിൽ തിരികെ ലാൻഡ് ചെയ്യിച്ച ഫാൽക്കണ്‍-9 എന്ന റോക്കറ്റാണ് റീസൈക്കിൾ ചെയ്തു വീണ്ടും വിക്ഷേപിച്ചത്. ബഹിരാകാശ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്നാണ് സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്ക് പ്രതികരിച്ചത്. . അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ പുനരുപയോഗിക്കാവുന്ന സ്പേസ് ഷട്ടിലുകൾ വികസിപ്പിച്ചിരുന്നു. ഇവ ഉപയോഗിച്ചു ബഹിരാകാശ നിലയങ്ങളിലേക്കു യാത്രയും നടത്തിയിരുന്നു. എന്നാൽ, നിലവിലെ സാങ്കേതികവിദ്യ പ്രകാരം ഇവയുടെ പരിപാലനച്ചെലവ് താങ്ങാനാവാത്തതാണ്. 

സ്പേസ് എക്സ് ഏതാനും വർഷങ്ങൾക്കിടയിൽ 13 തവണ റോക്കറ്റിനെ തിരികെ ലാൻഡ് ചെയ്യിക്കാൻ പരീക്ഷണ വിക്ഷേപണങ്ങൾ നടത്തിയിരുന്നു. പലപ്പോഴും പൊട്ടിത്തെറിയിലാണ് പരീക്ഷണങ്ങൾ കലാശിച്ചത്. സ്പേസ് ടൂറിസം പോലുള്ള മേഖലകളിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് റോക്കറ്റ് തിരികെ എത്തിക്കാനുള്ള ഗവേഷണങ്ങളിൽ ഇവർ സജീവമായിരിക്കുന്നത്. 

സ്പേസ് ടൂറിസ്റ്റുകളാകാൻ രണ്ടുപേർ ഇതിനകം സ്പേസ് എക്സുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നാണ് കന്പനി പറയുന്നത്. 2018ലെ മിഷനിൽ ഇതു സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
 

click me!