25 ലക്ഷം പുതിയ കണക്ഷന്‍, പോര്‍ട്ട് ചെയ്‌തെത്തിയത് രണ്ടരലക്ഷം പേര്‍; കോളടിച്ച് ബിഎസ്‌എന്‍എല്‍

By Web Team  |  First Published Jul 19, 2024, 11:08 AM IST

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം ലഭ്യമാക്കാനുള്ള തീവ്രപരിശ്രമങ്ങളിലാണ്


ദില്ലി: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഗുണമായത് ബിഎസ്എന്‍എല്ലിന്. പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോര്‍ട്ടബിള്‍ സംവിധാനം വഴി ബിഎസ്എന്‍എല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ജിയോയും എയര്‍ടെല്ലും വിഐയും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ 3-4 തിയതികള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്ലിന്‍റെ രാശി തെളിഞ്ഞത്. സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം രണ്ടരലക്ഷത്തോളം ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് (മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി) ചെയ്‌തത് എന്നാണ് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. 

Latest Videos

undefined

കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജുകള്‍ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നതാണ് നമ്പര്‍ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ 11 മുതല്‍ 24 ശതമാനം വരെയായിരുന്നു ജൂലൈ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കുകളില്‍ തുടരുകയാണ്. എയര്‍ടെല്ലിന്‍റെയും റിലയന്‍സിന്‍റെയും ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാകുമെങ്കില്‍ ബിഎസ്എന്‍എല്ലിന്‍റെ സമാന പാക്കേജിന് 2,395 രൂപയെയുള്ളൂ. സമാനമായി 28 ദിവസത്തെ പാക്കേജിന് 189-199 വരെ മറ്റ് കമ്പനികള്‍ക്ക് നല്‍കണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ 108 രൂപ മുടക്കിയാല്‍ മതി. 

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം ലഭ്യമാക്കാനുള്ള തീവ്രപരിശ്രമങ്ങളിലാണ് എന്നതും ആളുകളെ ബിഎസ്എന്‍എല്ലിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിന് ശേഷം 5ജി സേവനവും ബിഎസ്എന്‍എല്‍ ലഭ്യമാക്കും. എന്നാല്‍ 4ജി, 5ജി മൈഗ്രേഷന് ശേഷം ബിഎസ്എല്‍എല്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമോ എന്ന് വ്യക്തമല്ല. 

Read more: സര്‍ഫിംഗിനിടെ കടലില്‍ അകപ്പെട്ടു; ഒടുവില്‍ രക്ഷകനായി ആപ്പിള്‍ വാച്ച്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!