വെബ് ലോകത്തെ അതികായരായ ഗൂഗിളിന് വന്‍ തുക പിഴ ഈടാക്കിയിരിക്കുകയാണ് റഷ്യ. ഏകദേശം 6.75 മില്യണ്‍ ഡോളര്‍ ഗൂഗിള്‍ പിഴയായി ഒടുക്കണമെന്നാണ് റഷ്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒ എസ് സ്‌മാര്‍ട്ട് ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ഡ് ആയിട്ടുള്ള ആപ്പുകളുടെ പേരിലാണ് ഗൂഗിളിന് റഷ്യ പിഴ വിധിച്ചത്. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ചെറിയ തുകയാണെന്നും, മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കുമെന്നും റഷ്യ ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ റഷ്യന്‍ സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. റഷ്യയില്‍ വില്‍ക്കുന്ന ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകള്‍, സ്‌മാര്‍ട്ട് ഫോണുകള്‍ എന്നിവയില്‍ ഗൂഗിളിന്റെ തന്നെ ചില ആപ്പുകള്‍ വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്‌തിരിക്കും. എന്നാല്‍ ഇവയില്‍ പല ആപ്പുകളും ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലാത്തതായിരിക്കും. ഇത്തരത്തില്‍ മുന്‍കൂട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെതിരെയാണ് റഷ്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഗൂഗിളിനെതിരെ പൊതുവെ യൂറോപ്പില്‍ നിലനില്‍ക്കുന്ന എതിര്‍പ്പിന്റെ ഭാഗമാണ് പുതിയ സംഭവവികാസങ്ങളെന്നും വിലയിരുത്തപ്പെടുന്നുണ്ട്.