ജിയോ ഉപഭോക്താക്കള്‍ സൂക്ഷിക്കുക... നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇന്റര്‍നെറ്റില്‍ പരസ്യമാണെന്ന് ആരോപണം

By Web Desk  |  First Published Jul 10, 2017, 10:25 AM IST

നിങ്ങൾ ജിയോ വരിക്കാനാണോ ? എന്നാൽ ഒന്ന് സൂക്ഷിക്കുക.   റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തായതായി ആരോപണം. ജിയോയുടെ ലക്ഷക്കണക്കിനു വരുന്ന ഉപയോക്താക്കളുടെ  ആധാർ നമ്പർ, ഇ-മെയിൽ ഐഡി, പേര് തുടങ്ങിയവയാണ് www.magicapk.com എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സൈറ്റിൽ മുകളിലായി ഉണ്ടായിരുന്ന ഒരു സെർച്ച് ബോക്‌സില്‍ അതിൽ ഏതെങ്കിലും ജിയോ നമ്പർ എൻ്റർ ചെയ്താൽ ഉടൻ ഉപഭോക്താവിൻ്റെ വിവരങ്ങൾ ലഭിക്കുമായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഈ സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.  

Fonearena.com എന്ന വെബ്‌സൈറ്റാണ് വിവരങ്ങൾ  ലീക്കായ കാര്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ ഇത്   വാർത്തയായി. തുടര്‍ന്നാണ് സൈറ്റ് പ്രവര്‍ത്തന രഹിതമായത്. തൻറെയും തൻറെ സഹപ്രവർത്തകരുടെയും വ്യക്തിവിവരങ്ങൾ ഈ വൈബ്‌സൈറ്റ് വഴി ലഭിച്ചപ്പോൾ ഞെട്ടിയെന്നാണ് Fonearena.com എഡിറ്റർ വരുണ്‍ ക്രിഷ് പറഞ്ഞത്.

Latest Videos

ഒരാഴ്ച മുമ്പുവരെ വാങ്ങിയ സിം കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വരെ കൃത്യമായി ഈ വെബ്സൈറ്റിൽ നിന്നും ലഭിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം എല്ലാ ജിയോ ഉപഭോക്താക്കളുടെയും വിവരങ്ങൾ പുറത്തായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.എന്നാൽ റിലയൻസ്  ജിയോ വരിക്കാരുടെ വ്യക്തി വിവരങ്ങൾ അതീവ സുരക്ഷിതമാണെന്നും വെബ്‌സൈറ്റിനെതിരെ പരാതി നൽകുമെന്നും ജിയോ അധികൃതർ അറിയിച്ചു.
 

click me!