'ട്രംപിനെ ട്വിറ്ററിൽ തിരിച്ചെത്തിക്കണോ വേണ്ടയോ'; വോട്ടിംഗ് നടത്തി എലോൺ മസ്ക്, പ്രതികരണം ഇങ്ങനെ

By Web Team  |  First Published Nov 19, 2022, 6:20 PM IST

ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വോട്ടെടുപ്പ്. ക്യാപിറ്റോൾ അക്രമത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ ട്വിറ്റർ നിരോധനം പിൻവലിക്കുമെന്ന് മസ്ക് വാഗ്ദാനം ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് നടപടി. 


ന്യൂയോർക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി എലോൺ മസ്ക്. ഇതിന്റെ ഭാ​ഗമായി മസ്‌ക് സ്വന്തം അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരിക്കുകയാണ്. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വോട്ടെടുപ്പ്. ക്യാപിറ്റോൾ അക്രമത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ ട്വിറ്റർ നിരോധനം പിൻവലിക്കുമെന്ന് മസ്ക് വാഗ്ദാനം ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് നടപടി. 

വോട്ടെടുപ്പ് അവസാനിക്കാൻ 18 മണിക്കൂർ ശേഷിക്കെ, 6 ദശലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  പ്രതികരിച്ചവരിൽ 54.6% പേർ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു. “Vox Populi, Vox Dei,” എന്ന് മറ്റൊരു ട്വീറ്റിൽ മസ്ക് കുറിച്ചു. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണെന്നാണ് ഈ ലാറ്റിൻ ശൈലിയുടെ അർത്ഥം.  ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോൺ ബീ, ഹാസ്യനടൻ കാത്തി ഗ്രിഫിൻ എന്നിവയുൾപ്പടെയുള്ള നിരോധിക്കപ്പെട്ടതോ താൽക്കാലികമായി നിർത്തിവച്ചതോ ആയ ചില വിവാദ അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മസ്‌ക് വെള്ളിയാഴ്ച പറഞ്ഞിരുന്നു. 

Latest Videos

undefined

അതേസമയം, 2021 ജനുവരി 6 ന് തന്റെ അനുയായികൾ യുഎസ് ക്യാപിറ്റോൾ ആക്രമിച്ചതിനെത്തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് തന്നെ സ്ഥിരമായി സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ട്വിറ്ററിനെതിരായ തന്റെ കേസ്  പുനരാരംഭിക്കാൻ  ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച അപ്പീൽ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റ് ജോ ബൈഡന്റെ  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറുകയായിരുന്നു.  തുടർന്ന്  കൂടുതൽ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നിൽക്കണ്ട്  ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിക്കുകയായിരുന്നു. 

അതിനിടെ, എലോൺ മസ്‌ക് ട്വിറ്ററിന് ഒരു പുതിയ ഉള്ളടക്ക  നയം പ്രഖ്യാപിച്ചിട്ടുണ്ട്.   പുതിയ ട്വിറ്റർ നയം സംസാരത്തിനുള്ള സ്വാതന്ത്ര്യമാണെന്നും ട്വീറ്റ് ആളുകളിലേക്ക് എത്തിച്ചേരാനുള്ള സ്വാതന്ത്ര്യമല്ലെന്നും മസ്ക് പറഞ്ഞു, "വിദ്വേഷ ട്വീറ്റുകൾ" പരമാവധി ഡീബൂസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  "വിദ്വേഷ ട്വീറ്റുകൾ പരമാവധി ഡീബൂസ്റ്റ് ചെയ്യുകയും ഡീമോണിറ്റൈസ് ചെയ്യുകയും ചെയ്യും. നിങ്ങൾ പ്രത്യേകം അന്വേഷിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ട്വീറ്റ് കണ്ടെത്താൻ കഴിയില്ല" മസ്‌ക് പറഞ്ഞു. ഇത് വ്യക്തിഗത ട്വീറ്റിന് മാത്രം ബാധകമാണെന്നും മുഴുവൻ അക്കൗണ്ടിനും ബാധകമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read Also: ഇത്തരം സോഷ്യല്‍ മീഡിയ 'ഫിന്‍ഫ്‌ളുവന്‍സര്‍'മാര്‍ക്ക് നിരീക്ഷണം വരുന്നു

click me!