എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? മുന്നറിയിപ്പുമായി പൊലീസ്

By Web Team  |  First Published Nov 6, 2022, 9:31 PM IST

ഏതൊക്കെ ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷൻ ഡാറ്റ കാണാനാകുമെന്ന് പരിശോധിക്കുന്നത് നല്ലതാണെന്നാണ് മുന്നറിയിപ്പ്. 


കൊച്ചി: സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് ലൊക്കേഷൻ അനുമതി നൽകുന്നതില്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ഏതൊക്കെ ആപ്പുകൾക്ക് 
നമ്മുടെ ലൊക്കേഷൻ ഡാറ്റ കാണാനാകുമെന്ന് പരിശോധിക്കുന്നത് നല്ലതാണെന്നാണ് മുന്നറിയിപ്പ്. ഫോണിലെ ചില ആപ്പുകൾക്ക് അവയുടെ പ്രവർത്തനങ്ങൾക്ക് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാൽ അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളുമുണ്ട്. ഏതൊക്കെ തരം ആപ്പുകള്‍ ലൊക്കേഷന്‍ അറിയാനുള്ള അനുമതി നല്‍കണമെന്ന് വ്യക്തമാക്കുന്നതാണ് കേരള പൊലീസിന്‍റെ പോസ്റ്റ്.

നമ്മുടെ ലൊക്കേഷൻ അറിയാനുള്ള അനുമതി ഏതൊക്കെ തരം അപ്പുകൾക്ക് നൽകണം ? 

  • മാപ്പിംഗ്  ആപ്പുകൾക്ക് ലൊക്കേഷൻ ആക്സസ് ആവശ്യമാണ്.  നമ്മുടെ ലൊക്കേഷൻ എവിടെയാണെന്ന് അറിയില്ലെങ്കിൽ മാപ്പിംഗ് ആപ്പുകൾക്ക് ദിശാസൂചനകൾ നൽകാൻ കഴിയില്ല. 
  • ക്യാമറ പ്രവർത്തിപ്പിക്കുമ്പോൾ ലൊക്കേഷൻ ആവശ്യപ്പെടുന്നത് അൽപ്പം വിചിത്രമായി തോന്നിയേക്കാം, എന്നാൽ ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകൾ എടുക്കപ്പെട്ട ലൊക്കേഷൻ ചേർക്കണോ എന്ന് ചിലപ്പോൾ അനുമതി ചോദിക്കാറുണ്ട്. ഇത് അത്യാവശ്യമല്ല. എന്നാൽ ഈ ഡാറ്റ ഉണ്ടെങ്കിൽ ഫോട്ടോകൾ കണ്ടെത്തുന്നത്  എളുപ്പമാകും.
  • യാത്രക്കും മറ്റും ടാക്സി പിടിക്കാനുള്ള ആപ്പുകൾ, ഭക്ഷണം ഓർഡർ ചെയ്യാനുള്ള ആപ്പുകൾ തുടങ്ങിയവയ്ക്ക് ലൊക്കേഷൻ ഡാറ്റ ആവശ്യമായി വരും. എന്നാൽ ഇത് എല്ലാ സമയത്തും അനുവദിക്കേണ്ട ആവശ്യമില്ല. 
  • അതാത് പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അറിയാൻ കാലാവസ്ഥ സംബന്ധമായ ആപ്പുകൾക്ക് ലൊക്കേഷൻ അനുമതികൾ നൽകേണ്ടതുണ്ട്. ഒരുപാട് യാത്ര ചെയ്യുകയോ കഠിനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ ജീവിക്കേണ്ട സാഹചര്യമോ ഉണ്ടായാൽ 'വിശ്വസനീയമായ' കാലാവസ്ഥ ആപ്പുകൾക്ക് ലൊക്കേഷൻ ആക്സസ് നിശ്ചിത കാലയളവിൽ നൽകാം. 
  • സോഷ്യൽ മീഡിയ ആപ്പുകൾക്ക് നമ്മൾ പോസ്‌റ്റ് ചെയ്യുന്ന ഫോട്ടോകൾ ജിയോടാഗ് ചെയ്യുന്നതിനുള്ള ലൊക്കേഷൻ അനുമതി മാത്രമേ സാധാരണ ആവശ്യമുള്ളൂ.  എന്നാൽ നമ്മെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി സോഷ്യൽ മീഡിയ ആപ്പുകൾ ഈ ഡാറ്റ ദുരുപയോഗം ചെയ്തേക്കാം.  
  • മാളുകളുടെയോ വലിയ വ്യവസായ സ്ഥാപനങ്ങളുടെയോ സമീപം ആയിരിക്കുമ്പോൾ ഉപഭോക്താവ് എന്ന രീതിയിൽ സന്ദേശങ്ങൾ കൈമാറാൻ  ലൊക്കേഷൻ ഉപയോഗിച്ചേക്കാം. 
  • ആപ്പുകളുടെ സേവനങ്ങൾ വിലയിരുത്തി അത്യാവശ്യം ഉള്ളവയ്ക്ക് മാത്രം ലൊക്കേഷൻ അക്സസ്സ് നൽകുക.

Latest Videos

click me!