ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺ പ്ലസ്. വൺ പ്ലസ് ഡോട്ട് നെറ്റിൽ സംഭവിച്ച സുരക്ഷാ പാളിച്ചയാണ് 40,000 പേരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ജനുവരിവരെ വണ്‍പ്ലസ് 5ടി പോലുള്ള ഫോണുകള്‍ വണ്‍പ്ലസ് സൈറ്റില്‍ നിന്നും വാങ്ങിയവര്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പരിശോധിക്കണം എന്നാണ് മുന്നറിയിപ്പ്.
വൺ പ്ലസ് ഡോട്ട് നെറ്റിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിയ ഉപയോക്താക്കളുടെ അക്കൗണ്ടിനിൽനിന്ന് പണം പിൻവലിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വണ്‍പ്ലസ് തന്നെ ഔദ്യോഗികമായി മാധ്യമപ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ മാസം 16ന് പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾ വൺ പ്ലസ് ബ്ലോക്ക് ചെയ്തിരുന്നു. വൺപ്ലസിന്റെ നാല്പതിനായിരത്തോളം വരുന്ന ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തപ്പെട്ടിരിക്കാമെന്നും കമ്പനി പത്രകുറിപ്പില്‍ വ്യക്തമാക്കി.