മണ്ണിനടിയിൽ കഴിയുന്ന പാമ്പ്, ഇന്ത്യയില്‍ പുതിയ ഇനം പാമ്പിനെ കണ്ടെത്തി

By Web Desk  |  First Published May 3, 2018, 4:57 PM IST

മണ്ണിനടിയിൽ കഴിയുന്ന പാമ്പ്, ഇന്ത്യയില്‍ പുതിയ ഇനം പാമ്പിനെ കണ്ടെത്തി


ഇന്ത്യയില്‍ പുതിയ ഒരിനം പാമ്പിനെ കൂടി കണ്ടെത്തി. പശ്ചിമഘട്ടത്തിലെ  നീലഗിരി ബയോസ്‍ഫിയർ റിസേർവിന്റെ ഭാഗം ആയ ആനക്കട്ടി മലനിരയിൽ നിന്നാണ് ഗവേഷകർ ഈ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. കോയമ്പത്തൂർ സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ (SACON) ഗവേഷകനായ ഡോ.ജിൻസും ലണ്ടൺ  നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ (NHM) ഗവേഷകരായ ഡോ.ഡേവിഡ്, ഫിലിപ്പ എന്നിവർ  ചേർന്നുള്ള ഈ പുതിയ കണ്ടെത്തൽ അന്താരാഷ്ട്ര പ്രബന്ധമായ സൂടാക്സ (Zootaxa)യുടെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Dr.Jins V J

ലോകത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന 'യൂറോപെൽറ്റിഡെ' (Uropeltidae) കുടുംബത്തിൽ പെടുന്ന ഈ പാമ്പിന് യൂറോപെൽറ്റിസ് ഭൂപതിയൈ (Uropeltis bhupathyi) എന്നാണ് നാമകരണം ചെയ്‍തിരിക്കുന്നത്. ജീവിതത്തിന്റെ  ഭൂരിഭാഗവും മണ്ണിനടിയിൽ കഴിച്ചു കൂട്ടുന്ന ഈ വിഭാഗം പാമ്പുകൾ കൂടുതലും മഴക്കാലങ്ങളിൽ മാത്രമാണ് വെളിയിൽ വരുന്നത്. തന്റെ പിഎച്ച്ഡി സൂപ്പർവൈസർ ആയിരിക്കെ അഗസ്‍ത്യമലയിൽ ഫീൽഡ് സന്ദർശനത്തിടയിൽ അപകടത്തിൽപെട്ടു മരണമടഞ്ഞ പ്രശസ്‍ത ഉരഗഗവേഷകനായ (herpetologist) ഡോ. ഭൂപതിയോടുള്ള (Dr.S.Bhupathy) ആദരസൂചകമായാണ് പുതിയ പാമ്പിനത്തിനു ഡോ.ജിൻസ് ഈ പേര് നൽകിയിരിക്കുന്നത്. അഗസ്‍ത്യമലയിലെ ഉരഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ അടുത്തയിടെ പിഎച്ച്‍ഡി പൂർത്തിയാക്കിയ ജിൻസ് കണ്ണൂർ ജില്ലയിലെ ചെറുപുഴയ്ക്കടുത്തുള്ള ചൂരപ്പടവ് സ്വദേശി ആണ്.

Latest Videos

 

click me!