ടോക്കിയോ: ഭൂമിയുടെ കാമ്പിലെ മൂലകങ്ങളെക്കുറിച്ച് പുതിയ കണ്ടുപിടുത്തം. ഇരുമ്പും നിക്കലുമാണ് ഭൂമിയുടെ കാമ്പില്‍ എന്നാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. 85% ഇരുമ്പും 10% നിക്കലുമെന്നായിരുന്നു കണക്ക്. ശേഷിക്കുന്ന അഞ്ചു ശതമാനത്തെ അറിയാനുള്ള ഗവേഷണം വഴിത്തിരിവില്‍. ഇത് സിലിക്കണ്‍ ആണെന്നു ജപ്പാനിലെ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. തൊഹോക്കു സര്‍വകലാശാലയിലെ എയ്‌ജി ഒഹ്‌താനിയാണു കണ്ടെത്തലിനു പിന്നില്‍.
ഗവേഷണശാലയില്‍ ഭൂമിയുടെ കാമ്പിലെ അവസ്‌ഥ കൃത്രിമമായി സൃഷ്‌ടിച്ചായിരുന്നു പരീക്ഷണം. ഇരുമ്പിനും നിക്കലിനുമൊപ്പം സിലിക്കണ്‍ ചേര്‍ത്തതോടെ ഭൂമിയുടെ കാമ്പിന്റെ സ്വഭാവം കാട്ടിയെന്നാണു ഗവേഷകര്‍ പറയുന്നത്. ഭൂമിക്കുള്ളില്‍ 1,200 കിലോമീറ്റര്‍ ചുറ്റളവിലാണു കാമ്പ് ഉള്ളത്. പിണ്ഡത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കണ്‍.
സ്വതന്ത്രരൂപത്തില്‍ വളരെ അപൂര്‍വമായേ പ്രകൃതിയില്‍ കാണപ്പെടുന്നുള്ളൂ. സിലിക്കണ്‍ ഡയോക്‌സൈഡ്, സിലിക്കേറ്റ് തുടങ്ങിയ സംയുക്‌തങ്ങളുടെ രൂപങ്ങളില്‍ ഗ്രഹങ്ങളില്‍ കാണപ്പെടുന്നു. സിലിക്ക, സിലിക്കേറ്റുകള്‍ എന്നീ രൂപത്തില്‍ സ്‌ഫടികം, സിമെന്റ്, സെറാമിക്‌സ് എന്നിവയിലേയും പ്രധാന ഘടകമാണ് സിലിക്കണ്‍.