മെറ്റാ ജീവനക്കാരുടെ പണി പോകും ; പിരിച്ചുവിടൽ തുടർന്ന് കമ്പനി

By Web Team  |  First Published Mar 13, 2023, 5:07 AM IST

 ഇത്തവണത്തെ പിരിച്ചുവിടൽ എഞ്ചിനിയറിങ് മേഖലയെ ബാധിക്കുമെന്നാണ് സൂചന. പിരിച്ചുവിടലുകൾ ഒന്നിലധികം റൗണ്ടുകളിലായി ആയിരിക്കും പ്രഖ്യാപിക്കുന്നത്. മെറ്റാ എഞ്ചിനീയറിങ് ഇതര റോളുകളും വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.


പിരിച്ചുവിടൽ തുടർന്ന് മെറ്റ. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്നത് 13 ശതമാനത്തോളം ജീവനക്കാരുടെ പിരിച്ചുവിടലുകളാണ്. 2022 ൽ‍ 11000 ത്തിലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇത്തവണത്തെ പിരിച്ചുവിടൽ എഞ്ചിനിയറിങ് മേഖലയെ ബാധിക്കുമെന്നാണ് സൂചന. പിരിച്ചുവിടലുകൾ ഒന്നിലധികം റൗണ്ടുകളിലായി ആയിരിക്കും പ്രഖ്യാപിക്കുന്നത്. മെറ്റാ എഞ്ചിനീയറിങ് ഇതര റോളുകളും വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. കൂടാതെ ചില പ്രോജക്റ്റുകളും ടീമുകളും അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്.
മെറ്റയുടെ ഹാർഡ്‌വെയർ, മെറ്റാവേർസ് വിഭാഗമായ റിയാലിറ്റി ലാബ്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചില ഉല്പന്നങ്ങൾക്കും പൂട്ടുവീഴുമെന്നാണ് പറയപ്പെടുന്നത്. ഈ മേഖലയിലെ ഗവേഷണം ദീർഘകാലാടിസ്ഥാനത്തിൽ തുടരുമെങ്കിലും, സമീപകാലത്ത് വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി ഉല്പന്നങ്ങൾ ജനപ്രിയമാക്കുന്നതിൽ നിന്ന് മെറ്റ മാറി നില്ക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും. മെറ്റാ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൂസൻ ലിയാണ് വ്യാഴാഴ്ച ഇതെക്കുറിച്ച് മോർഗൻ സ്റ്റാൻലി 2023 ടെക്നോളജി, മീഡിയ, ടെലികോം കോൺഫറൻസിൽ വെച്ച് പറഞ്ഞത്.

വ്യക്തിഗത കോൺട്രിബ്യൂട്ടർ ജോലികളിലേക്ക് മാറാനോ അല്ലെങ്കിൽ കമ്പനി വിടാനോ മാനേജർമാരോടും ഡയറക്ടർമാരോടും മെറ്റാ സിഇഒ   മാർക്ക് സക്കർബർഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പിരിച്ചുവിടലിന്റെ പ്രാരംഭ ഘട്ടത്തിൽ, കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും സക്കർബർഗ് പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഒരു ഇന്റേണൽ മീറ്റിംഗിൽ, "മിഡിൽ മാനേജ്‌മെന്റിന്റെ ചില  ഘടനകൾ നീക്കം ചെയ്തുകൊണ്ട്" കമ്പനിയിലെ തീരുമാനമെടുക്കൽ പ്രക്രിയ വേഗത്തിലാക്കാൻ താൻ നോക്കുകയാണെന്ന് മെറ്റാ സിഇഒ അറിയിച്ചിരുന്നു. "മാനേജർമാരെ മാനേജുചെയ്യുക, മാനേജർമാരെ മാനേജുചെയ്യുക, മാനേജർമാരെ മാനേജുചെയ്യുക, ജോലി ചെയ്യുന്ന ആളുകളെ നിയന്ത്രിക്കുക എന്നിവ മാത്രമുള്ള ഒരു മാനേജുമെന്റ് ഘടന  ആവശ്യമാണെന്ന് കരുതുന്നില്ലയെന്നും" അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗ് പുറത്തുവിട്ട  പുതിയ റിപ്പോർട്ട് അനുസരിച്ച്, സീനിയർ മാനേജർമാർ വരും ആഴ്ചകളിൽ കമ്പനിയുടെ പുതിയ നിർദ്ദേശങ്ങൾ  കീഴുദ്യോഗസ്ഥരെ അറിയിച്ചേക്കും.  മെറ്റയുടെ പതിവ് പ്രകടന അവലോകനങ്ങളും നിലവിൽ നടക്കുന്നുണ്ട്, കൂടാതെ മോശം പ്രകടനം നടത്തുന്ന ജീവനക്കാരെ പിരിച്ചുവിടലുകൾ ബാധിച്ചേക്കാം.  അതേക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങളൊന്നും മെറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Latest Videos

Read Also: നെറ്റ്ഫ്ലിക്സ് കാഴ്ചക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്രത്യേകത

tags
click me!