തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രാവിലെ വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും മധ്യ, വടക്കൻ ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ താരതമ്യേന കുറഞ്ഞിരിക്കാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവായിരിക്കുമെന്നതാണ് ദീർഘകാല അനുഭവം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ഇത് 60 കിലോമീറ്റർവരെ കൂടാം.
undefined
അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ദിവസേനയാണ് മുന്നറിയിപ്പുനൽകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മുന്നറിയിപ്പ് നീട്ടും. കേരളത്തിൽ കഴിഞ്ഞദിവസം പരക്കെ മഴ പെയ്തു. മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ (101.2 മില്ലീമീറ്റർ). പീരുമേട്ടിൽ 89 മില്ലീമീറ്റർ പെയ്തു.
കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച 55 മില്ലീമീറ്റർ മഴ പെയ്തു. കാറ്റിലും മഴയിലും പെട്ട് അഞ്ചുവീടുകൾ ഭാഗികമായി തകർന്നു. ഉപ്പള മൂസോടിയിൽ കടലേറ്റം രൂക്ഷമായി. കുറച്ചുദിവസങ്ങളായി തുടരുന്ന കടലേറ്റത്തിൽ 100 മീറ്ററോളം നീളത്തിൽ കരഭാഗം കടലെടുത്തു.